കട്ടക്ക്: രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഇന്ത്യന്‍ ടീമില്‍ ഉമേഷ് യാദവിനെ പുറത്തിരുത്തി ഭുവനേശ്വര്‍ കുമാറിന് അവസരം നല്‍കി. ബാക്കി പൂനെ ഏകദിനത്തിലെ അതെ ഇലവനെത്തന്നെയാണ് ഉള്‍പ്പെടുത്തിയത്. ഇംഗ്ലണ്ട് ടീമില്‍ ആദില്‍ റാഷിദിന് പകരം ലിയാം പ്ലങ്കറ്റിനെ ഉള്‍പ്പെടുത്തി. ആദ്യ ഏകദിനത്തിലേത് പോലെ ബാറ്റിങ് ട്രാക്കാണ് കട്ടക്കിലേതും. ഇത് മുന്നില്‍ കണ്ടാണ് ടോസ് നേടിയിട്ടും ഇംഗ്ലണ്ട് ഫീല്‍ഡിങ് തെരഞ്ഞെടുത്തത്. ഈ മത്സരം കൂടി വിജയിച്ചാല്‍ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം. അങ്ങനെ സംഭവിച്ചാല്‍ ക്യാപ്റ്റനായതിന് ശേഷം കോഹ് ലിയുടെ കീഴിലുളള ആദ്യ ഏകദിന പരമ്പര നേട്ടമാകുമത്.