ന്യൂഡല്‍ഹി: ആമിര്‍ ഖാന്റെ പുതിയ ചിത്രമായ ദംഗല്‍ മികച്ച അഭിപ്രായവുമായി മുന്നേറുന്നതിനൊപ്പം ബോക്‌സ്ഓഫീസിലും റെക്കോര്‍ഡ് സൃഷ്ടിക്കുന്നു. വേഗത്തില്‍ 100 കോടി നേടിയ ചിത്രം എന്ന റെക്കോര്‍ഡിന് പുറമെ ഒരു ദിവസം കൂടുതല്‍ കളക്ഷനെന്ന നേട്ടവും ദംഗല്‍ സ്വന്തമാക്കി. ക്രിസ്മസ് ദിനമായ ഇന്നലെ 42.35 കോടിയാണ് ദംഗല്‍ വാരിക്കൂട്ടിയത്. റിലീസ് ചെയ്ത ഒരാഴ്ച തികയും മുമ്പെ ഈ ആമിര്‍ഖാന്‍ ചിത്രം 106.95 കോടി നേടിക്കഴിഞ്ഞു.

100 കോടി ക്ലബ്ലില്‍ ഇടം നേടുന്ന ആമിര്‍ഖാന്റെ അഞ്ചാമത്തെ ചിത്രമാണ് ദംഗല്‍. ഗജിനി, ത്രീ ഇഡിയറ്റ്, ധൂം3, പി.കെ എന്നിവയാണ് ഇതിന് മുമ്പ് 100 കോടി ക്ലബ്ബില്‍ ഇടം നേടിയ ആമിര്‍ ചിത്രങ്ങള്‍. പുതു വര്‍ഷത്തിന് മുമ്പ് ദംഗല്‍ എത്ര കോടി നേടുമെന്നാണ് സിനിമാപ്രേമികള്‍ ഉറ്റുനോക്കുന്നത്. നിതീഷ് തിവാരി സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രമേയം ഗുസ്തി കമ്പമാണ്.

നോര്‍ത്ത് ഇന്ത്യയില്‍ ആദ്യ ആഴ്ച കളക്ഷന്‍ റെക്കോര്‍ഡ് നേടാന്‍ ദംഗലിനാവുമെന്നാണ് ഇപ്പോള്‍ അണിയറ സംസാരം. കേരളത്തില്‍ തന്നെ മിക്ക തിയേറ്ററുകളിലും ഹൗസ്ഫുള്‍ ഷോയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. പി.കെയാണ് ആമിറിന്റെ അവസാനം റിലീസായ ചിത്രം.