kerala

കണ്ണൂരില്‍ യു.പി സ്വദേശിയുടെ മരണം; എഫ്.ഐ.ആറില്‍ ആള്‍ക്കൂട്ട ആക്രമണം പരാമര്‍ശിക്കാതെ പൊലീസ്

By webdesk17

December 30, 2025

കണ്ണൂര്‍: ശ്രീകണ്ഠപുരത്ത് യു.പി സ്വദേശി മരിച്ച സംഭവത്തില്‍ എഫ്.ഐ.ആറില്‍ ആള്‍ക്കൂട്ട ആക്രമണം പരാമര്‍ശിക്കാതെ പൊലീസ്. ബാര്‍ബര്‍ നയീം സല്‍മാനിയെ (49) മരണത്തിലേക്ക് നയിച്ചത് ആള്‍ക്കൂട്ട മര്‍ദനമായിട്ടും ഹൃദയാഘാതമെന്ന പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടിന്റെ പഴുതുപിടിച്ച് പൊലീസ്. മരിക്കുന്നതിന്റെ തലേ ദിവസം ഇദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായതായി പരാതി ലഭിച്ചിട്ടും ആള്‍ക്കൂട്ട ആക്രമണം മൂലം മരിച്ചാല്‍ ചുമത്തുന്ന ബി.എന്‍.എസ് 103 (1) വകുപ്പ് ചുമത്തിയിട്ടില്ല.

നയീമിന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തെങ്കിലും സംഘം ചേര്‍ന്ന് മര്‍ദിച്ചതിന് ഏഴുപേര്‍ക്കെതിരെ പിന്നീട് കേസെടുത്തു. എന്നാല്‍ ആള്‍ക്കൂട്ടക്കൊലപാതകമെന്ന് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട ആള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

ശ്രീകണ്ഠപുരത്ത് 11വര്‍ഷമായി ബാര്‍ബര്‍ ഷോപ്പിലെ ജീവനക്കാരനാണ് നയിം. കഴിഞ്ഞ ക്രിസ്മസ് ദിവസം വൈകീട്ടാണ് ജിസ് വര്‍ഗീസ് മുടിവെട്ടാനായി കടയിലെത്തിയതും കൂലിയെ ചൊല്ലി വാക് തര്‍ക്കമുണ്ടായെന്നും കടയുടമ ജോണി സെബാസ്റ്റ്യന്‍ പറഞ്ഞു. ഫേഷ്യലിനും കട്ടിങ്ങിനുമായി 300 രൂപക്കുപകരം 250 രൂപയാണ് നല്‍കിയത്. ബാക്കി തുക ചോദിച്ചതാണ് പ്രകോപന കാരണം. ബാര്‍ബര്‍ ഷോപ്പിലെ മര്‍ദനത്തിനുശേഷം താമസസ്ഥലത്ത് ജിസിന്റെ നേതൃത്വത്തില്‍ ഏഴംഗ സംഘം എത്തി മര്‍ദിക്കുകയായിരുന്നു. പിതാവിനെ മര്‍ദിക്കുന്നത് തടയാനെത്തിയ 18കാരനായ മകമും മര്‍ദനമേറ്റു. പിറ്റേന്ന് രാവിലെ നയിമിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.