ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ ഇരിക്കാന്‍ സീറ്റ് നിഷേധിച്ച് മുസ്‌ലിം വൃദ്ധനെ ഒരു കൂട്ടം യുവാക്കള്‍ അപമാനിച്ചു. മെട്രോയില്‍ യാത്രക്കിടെയാണ് സംഭവം.

സീറ്റിലിരിക്കാന്‍ ശ്രമിച്ച പ്രായമുള്ളയാളെ യുവാക്കള്‍ അപമാനിക്കുകയായിരുന്നു. സീറ്റിലിരിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ നിങ്ങള്‍ പാക്കിസ്താനിലേക്ക് പോയ്‌ക്കോളൂവെന്ന് വൃദ്ധന്റെ കോളറില്‍ കുത്തിപ്പിടിച്ച് യുവാവ് ആക്രോശിച്ചു. പിന്നീട് ഇരിക്കാന്‍ അനുവദിക്കുകയും ചെയ്തില്ല. തുടര്‍ന്ന് മെട്രോ മാര്‍ക്കറ്റ് സ്‌റ്റേഷനിലെത്തിയപ്പോള്‍ ഗാര്‍ഡ് കംപാര്‍മെന്റിലെത്തി സംഭവത്തിന്റെ വിശദാംശങ്ങള്‍ രേഖപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പണ്ടാര പോലീസ് സ്‌റ്റേഷനില്‍ വൃദ്ധന്‍ പരാതി നല്‍കിയിട്ടുണ്ട്.

എന്നാല്‍ മോശമായി പെരുമാറിയ സംഭവത്തില്‍ യുവാക്കള്‍ മാപ്പു പറഞ്ഞെന്നും അതിനാല്‍ പരാതി പിന്‍വലിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പക്വതയില്ലായ്മയാണ് ഇത്തരം കാര്യങ്ങള്‍ക്കു പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തിനെതിരെ സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.