അങ്കമാലി: കൊച്ചിയില്‍ നടിയെ ആക്രമിച്ച ഗൂഢാലോചനക്കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്നു പരിഗണിക്കും. ദിലീപിന്റെ നിലവിലെ റിമാന്റ് കാലാവധി ശനിയാഴ്ച അവസാനിക്കും. നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഒരു തവണയും ഹൈക്കോടതി രണ്ടു തവണയും ദിലീപിന് ജാമ്യം നിഷേധിച്ചിരുന്നു. കഴിഞ്ഞ 60 ദിവസമായി ദിലീപ് ജയിലിലാണ്. അച്ഛന്റെ ശ്രാദ്ധചടങ്ങില്‍ പങ്കെടുക്കാന്‍ ചുരുങ്ങിയ മണിക്കൂര്‍ ഇളവ് അനുവദിച്ചിരുന്നു. നടിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണ് തനിക്കെതിരെയുള്ളതെന്നും അതില്‍ അന്വേഷണം പൂര്‍ത്തിയായതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നത്. 60 ദിവസത്തില്‍ കൂടുതല്‍ റിമാന്റില്‍ കഴിഞ്ഞാല്‍ പ്രതി സോപാധിക ജാമ്യത്തിനു അര്‍ഹനാണ്. അതിനാല്‍ ജാമ്യം അനുവദിക്കണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. അതേസമയം, നടനും സംവിധായകനുമായ നാദിര്‍ഷായെ ചോദ്യം ചെയ്യാന്‍ സാധിച്ചില്ലെന്ന് കാണിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ആലുവ പൊലീസ് ക്ലബ്ബില്‍ ഇന്നലെ രാവിലെ ഹാജരായ നാദിര്‍ഷായുടെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍ നീക്കം അന്വേഷണസംഘം ഉപേക്ഷിച്ചത്.