ജനങ്ങള്‍ വലിയ ദുരന്തം അനുഭവിക്കുമ്പോഴും സ്ഥലത്തെതാരു്ന്ന ജനപ്രതിനിധി നടന്‍ മുകേഷിനെതിരെ കനത്ത പ്രതിഷേധമുയരുന്നു.
ചുഴലിക്കാറ്റിലും മഴയിലും തീരദേശമേഖല ദുരിതക്കയത്തില്‍ ആയപ്പോള്‍ ആ പ്രദേശത്തേക്ക് തിരിഞ്ഞു നോക്കാതിരുന്നതാണ് മുകേഷിനെതിരെ ജനവികാരം ഉയരാന്‍ ഇടയാക്കിയത്. വ്യാഴാഴ്ച്ച ഉച്ച മുതല്‍ കടലില്‍ കാണാതായ മല്‍സ്യതൊഴിലാളിക്ക് വേണ്ടി തീരദേശം അലമുറയിടുമ്പോള്‍ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ ആശ്വാസവാക്കുമായി സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ കൊല്ലത്തെ എല്‍.ഡി.എഫ് ജനപ്രതിനിധിയായ മുകേഷിനെ മാത്രം അവിടെ കണ്ടിരുന്നില്ല. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ മുകേഷ് സ്ഥലത്തെത്തിയപ്പോഴാകട്ടെ ജനങ്ങളില്‍ നിന്ന് കണക്കിന് കിട്ടുകയും കിട്ടി.

വൈകിട്ടാണ് ജോനകപ്പുറം കടപ്പുറത്തേക്ക് സംസ്ഥാന കമ്മിറ്റി അംഗം കെ .വരദരാജനൊപ്പം വന്ന മുകേഷ് ലേല ഹാളിലെ കസേരയില്‍ ഇരുന്നു. എം.എല്‍.എ സ്ഥലത്ത് എത്താത്തിന്റെ രോഷം മല്‍സ്യതൊഴിലാളികള്‍ക്കിടയില്‍ ശക്തമായതിനിടയിലാണ് മുകേഷ് എത്തിയത്. എവിടെയായിരുന്നു? ഇവിടെ എങ്ങും കണ്ടില്ലല്ലോ? മല്‍സ്യതൊഴിലാളിയായ സ്ത്രീ ചോദിച്ചു. ഉടനേ വന്നു തമാശ ബംഗ്ലാവ് സ്‌റ്റൈല്‍ കോമഡി. ”നമ്മള്‍ ഇവിടെ തന്നെ ഉണ്ടേ, വിദേശത്തെങ്ങും പോയിട്ടില്ലേ’ തമാശ രൂപേണ പരിഹാസം കലര്‍ന്ന മറുപടി. ഇതോടെ മല്‍സ്യതൊഴിലാളികളുടെ നിയന്ത്രണം വിട്ടു. പിന്നെ അവിടെ കേട്ട വാക്കുകളെല്ലാം ജനങ്ങളുടെ എല്ലാ വികാരങ്ങളും അറിയിക്കുന്ന പുറത്ത് പറയാന്‍ പറ്റാത്ത തരത്തിലുള്ളതായിരുന്നു.