News
ബംഗാള്‍ ഉള്‍ക്കടലില്‍ കിഴക്കന്‍ കാറ്റ് ശക്തം; തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടി മഴയ്ക്ക് സാധ്യത
തിങ്കളാഴ്ച സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാന്‍ സാധ്യത. ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി കിഴക്കന്‍ കാറ്റ് രൂപപ്പെട്ടതിനെ തുടര്‍ന്ന് നാളെ മുതല്‍ കേരളത്തിലെ അന്തരീക്ഷ സാഹചര്യങ്ങളില്‍ മാറ്റം ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി തിങ്കളാഴ്ച മുതല്‍ എല്ലാ ജില്ലകളിലും മഴ ലഭിക്കാനാണ് സാധ്യത.
തിങ്കളാഴ്ച സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത നിലനില്‍ക്കുന്നതായി മുന്നറിയിപ്പില്‍ പറയുന്നു. ഇടിമിന്നല്‍ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും അപകടകാരികളാകുന്നതോടൊപ്പം വൈദ്യുതആശയവിനിമയ ശൃംഖലകള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു.
പൊതുജനങ്ങള്‍ പാലിക്കേണ്ട ജാഗ്രതാനിര്‍ദേശങ്ങള്‍:
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് അപകടസാധ്യത വര്‍ധിപ്പിക്കും.
ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുന്ന സമയങ്ങളില്‍ ജനലുകളും വാതിലുകളും അടച്ചിടണം. വാതിലിനും ജനലിനും സമീപത്ത് നില്‍ക്കുന്നത് ഒഴിവാക്കി കെട്ടിടത്തിനകത്ത് തന്നെ തുടരുക. പരമാവധി ഭിത്തിയെയോ തറയെയോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുകയും വൈദ്യുതോപകരണങ്ങളോട് അടുത്ത് നില്‍ക്കുന്നത് ഒഴിവാക്കുകയും വേണം. ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ അപകടമില്ല.
മേഘാവൃതമായ സാഹചര്യങ്ങളില്‍ കുട്ടികളുള്‍പ്പെടെ ആരും ടെറസിലോ തുറസായ സ്ഥലങ്ങളിലോ കളിക്കാന്‍ പോകരുത്. ഇടിമിന്നല്‍ സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുന്നതും ഒഴിവാക്കണം.
ഇടിമിന്നലുണ്ടാകുമ്പോള്‍ വാഹനത്തിനകത്ത് തന്നെ തുടരുന്നത് സുരക്ഷിതമാണ്. കൈകാലുകള്‍ പുറത്തിടരുത്. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ തുറന്ന വാഹനങ്ങളിലെ യാത്ര ഈ സമയത്ത് ഒഴിവാക്കി ഇടിമിന്നല്‍ അവസാനിക്കുന്നതുവരെ സുരക്ഷിതമായ കെട്ടിടത്തില്‍ അഭയം തേടണം.
മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ മുറ്റത്തേക്കോ പോകുന്നത് ഒഴിവാക്കണം. കാറ്റില്‍ മറിഞ്ഞുവീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ മുന്‍കരുതലായി കെട്ടിവയ്ക്കണമെന്നും നിര്‍ദേശമുണ്ട്.
ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കണം. ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കണം, കാരണം പൈപ്പുകള്‍ വഴി മിന്നലിന്റെ വൈദ്യുതി സഞ്ചരിക്കാനുള്ള സാധ്യതയുണ്ട്.
ജലാശയങ്ങളില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇടിമിന്നല്‍ സമയത്ത് ഇറങ്ങരുത്. കാര്‍മേഘങ്ങള്‍ കാണുമ്പോള്‍ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി അടുത്തുള്ള കരയിലെത്തണം. ബോട്ടിന്റെ ഡെക്കില്‍ നില്ക്കുന്നതും ചൂണ്ടയിടുന്നതും വലയെറിയുന്നതും ഒഴിവാക്കണം.
പട്ടം പറത്തല്‍, ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പുകളിലോ ഇരിക്കല്‍ എന്നിവയും അപകടകരമാണ്.
വളര്‍ത്തുമൃഗങ്ങളെ ഈ സമയത്ത് തുറസായ സ്ഥലത്ത് കെട്ടരുത്. മഴമേഘങ്ങള്‍ കണ്ട സമയത്ത് അവയെ അഴിക്കാനോ മാറ്റി കെട്ടാനോ ശ്രമിക്കുന്നതും അപകടകരമാണെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാന്‍ കഴിയാത്ത വിധത്തില്‍ തുറസായ സ്ഥലത്താണെങ്കില്‍, പാദങ്ങള്‍ ചേര്‍ത്ത് തല മുട്ടുകള്‍ക്കിടയില്‍ ഒതുക്കി പന്തുപോലെ ചുരുണ്ടിരിക്കുക.
ഇടിമിന്നലില്‍ നിന്നുള്ള സുരക്ഷയ്ക്കായി കെട്ടിടങ്ങളുടെ മുകളില്‍ മിന്നല്‍ രക്ഷാ ചാലകങ്ങള്‍ സ്ഥാപിക്കാനും, വൈദ്യുതോപകരണങ്ങളുടെ സംരക്ഷണത്തിനായി സര്‍ജ് പ്രൊട്ടക്ടറുകള്‍ ഘടിപ്പിക്കാനും കാലാവസ്ഥ വകുപ്പ് നിര്‍ദേശിക്കുന്നു.
News
പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ, നിലനില്‍പ്പിനായി ന്യൂസിലന്‍ഡ്; മൂന്നാം ടി20 ഇന്ന് ഗുവാഹത്തിയില്‍
രാത്രിയിലെ കനത്ത മഞ്ഞുവീഴ്ചയാകും ഇരു ടീമും നേരിടുന് പ്രധാന വെല്ലുവിളി. രണ്ടാമത് ബൗള്‍ ചെയ്യുക എന്നത് ദുഷ്കരമായതിനാല് ടോസ് നേടുന്നവര്‍ ബൗളിംഗ് തെരഞ്ഞെടുത്തേക്കും.
ഗുവാഹത്തി: ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് ഗുവാഹത്തിയില്‍ നടക്കും. രാത്രി ഏഴ് മുതലാണ് മത്സരം. സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്കിലും ജിയോ ഹോട്ട്സ്റ്റാറിലും തത്സമയം സംപ്രേഷണം ഉണ്ടാകും. മൂന്നാം മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കുകയാണ് ഇന്ത്യന്‍ ടീമിന്റെ ലക്ഷ്യം. അതേസമയം, പരമ്പരയില്‍ ജീവന് നിലനിര്‍ത്താന്‍ നിര്‍ണായക ജയമാണ് ന്യൂസിലന്‍ഡ് ലക്ഷ്യമിടുന്നത്.
വന്‍ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. രണ്ടാം ടി20യില്‍ ഓപ്പണര്‍മാര്‍ വേഗം പുറത്തായിട്ടും 16 ഓവറില്‍ 209 റണ്‍സ് പിന്തുടര്‍ന്ന പ്രകടനം ടീമിന്റെ ബാറ്റിങ് ആഴം വ്യക്തമാക്കുന്നതായിരുന്നു. ഇടവേളയ്ക്ക് ശേഷം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പഴയ 360 ഡിഗ്രി ഫോമില്‍ തിരിച്ചെത്തിയതും, ഇഷാന് കിഷന്റെ ക്ലിക്കായ തിരിച്ചുവരവും ഇന്ത്യക്ക് കരുത്താകും. ബോളിംഗ് നിരയില്‍ ജസ്പ്രീത് ബുമ്ര തിരിച്ചെത്തുന്നതോടെ കിവീസ് ബാറ്റിങ് പിടിച്ചുകെട്ടാമെന്നാണ് ഇന്ത്യന്‍ ക്യാമ്പിന്റെ കണക്കുകൂട്ടല്‍. പരിക്കേറ്റ അക്സര്‍ പട്ടേലും ടീമിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ.
ന്യൂസിലന്‍ഡിന് സമ്മര്‍ദ്ദം കൂടുതലാണ്. രണ്ടാം മത്സരത്തിലെ തോല്‍വിക്ക് ശേഷം ഇന്ത്യയെ തോല്‍പ്പിക്കാന്‍ കുറഞ്ഞത് 300 റണ്‍സ് വരെ നേടേണ്ടതുണ്ടെന്ന് കിവീസ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നര്‍ പ്രതികരിച്ചു. ഫീല്‍ഡിങ്ങ് ഉള്‍പ്പെടെയുള്ള പിഴവുകള്‍ പരിഹരിക്കാനാകാത്ത പക്ഷം ടീമിന്റെ ലോകകപ്പ് സന്നാഹം തന്നെ ബാധിക്കുമെന്ന ആശങ്കയും നിലനില്ക്കുന്നു. പേസര്‍ കെയ്ല്‍ ജാമിസണ് ഇന്ന് കിവീസ് ടീമില്‍ തിരിച്ചെത്തുമെന്നാണ് സൂചന.
ബാറ്റിങ് വെടിക്കെട്ടിന് അനുകൂലമായ പിച്ചാണ് ഗുവാഹത്തിയിലേത്. 2023ല്‍ ഇതേ വേദിയില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 222 റണ്‍സ് നേടിയെങ്കിലും അവസാന പന്തില്‍ ഓസ്ട്രേലിയയോട് തോറ്റിരുന്നു. ആ ഓര്‍മ്മകള്‍ മറികടക്കുന്നൊരു ബ്ലോക്ക്ബസ്റ്റര്‍ മത്സരമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
രാത്രിയില്‍ കനത്ത മഞ്ഞുവീഴ്ച ഇരുടീമിനും വലിയ വെല്ലുവിളിയാകും. രണ്ടാമത് ബൗള്‍ ചെയ്യുന്നത് ദുഷ്കരമാകുന്നതിനാല്‍ ടോസ് നിര്‍ണായകമാണ്. ടോസ് നേടുന്ന ടീം ബൗളിംഗ് തെരഞ്ഞെടുത്തേക്കും. മഞ്ഞുവീഴ്ചയെ ചെറുക്കാന്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീം 250ന് മുകളിലെങ്കിലും സ്കോര്‍ നേടേണ്ടതുണ്ടെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തില്‍ ടോസ് നിര്‍ണായക ഘടകമാകും.
News
77-ാമത് റിപ്പബ്ലിക് ദിനാഘോഷം നാളെ: ഡല്‍ഹിയില്‍ കനത്ത സുരക്ഷ, രാഷ്ട്രപതി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
നാളെ നടക്കുന്ന 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന് ഒരുങ്ങി രാജ്യം
ന്യൂഡല്‍ഹി: നാളെ നടക്കുന്ന 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന് രാജ്യം സജ്ജം. റിപ്പബ്ലിക് ദിന പരേഡിനായുള്ള എല്ലാ ഒരുക്കങ്ങളും ഡല്‍ഹിയിലെ കര്‍ത്തവ്യപഥില്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച രാവിലെ പ്രൗഢഗംഭീരമായ ചടങ്ങുകളോടെയാണ് ആഘോഷങ്ങള്‍ നടക്കുക.
റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഇതോടൊപ്പം പത്മ പുരസ്കാരങ്ങളും സൈനിക-പോലീസ് മെഡലുകളും ഇന്ന് പ്രഖ്യാപിക്കും.
റിപ്പബ്ലിക് ദിനത്തെ തുടര്‍ന്നുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നഗരത്തിലുടനീളം പഴുതടച്ച സുരക്ഷയും നിരീക്ഷണവും ശക്തമാക്കി.
ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ മുഖ്യാതിഥികളായി യൂറോപ്യന്‍ യൂണിയന് നേതാക്കളാണ് പങ്കെടുക്കുന്നത്. യൂറോപ്യന്‍ യൂണിയന് കമ്മീഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെയര്‍ ലെയന് ഇന്നലെ ഡല്‍ഹിയിലെത്തിയിരുന്നു. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ ഇന്ന് ഉച്ചയ്ക്ക് ശേഷം ഡല്‍ഹിയിലെത്തും. ഇരുവരും നാളെ റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥികളായി സന്നിഹിതരാകും.
മുഖ്യാതിഥി സന്ദര്‍ശനത്തിന്റെ ഭാഗമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഇന്ന് യൂറോപ്യന്‍ യൂണിയന് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ച ചൊവ്വാഴ്ച നടക്കും. ഇന്ത്യ-യൂറോപ്യന്‍ യൂണിയന് സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ക്ക് ശേഷമുള്ള അംഗീകാരവുമായി ബന്ധപ്പെട്ട വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.
News
നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ കൊലപാതകം; പ്രതി ഷിജിലിനെതിരെ സ്ത്രീധന പീഡനമടക്കം നിര്‍ണായക വെളിപ്പെടുത്തല്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഒരു വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ അച്ഛന് ഷിജിലിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യ കൃഷ്ണപ്രിയയെ പീഡിപ്പിച്ചുവെന്ന പരാതിയുമായി കൃഷ്ണപ്രിയയുടെ അമ്മ പ്രഭ നെയ്യാറ്റിന്‍കര പൊലീസില്‍ മൊഴി നല്കി. കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയമുണ്ടെന്ന് ഷിജില്‍ പലരോടും പറഞ്ഞിരുന്നുവെന്നും, കൃഷ്ണപ്രിയയെ സ്വന്തം വീട്ടിലേക്കുപോലും പോകാന്‍ അനുവദിക്കാതിരുന്നതായും മൊഴിയില്‍ പറയുന്നു.
ഷിജിലും കൃഷ്ണപ്രിയയും തമ്മില്‍ സ്ത്രീധന തര്‍ക്കത്തെ തുടര്‍ന്ന് ഒരുമാസത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞിരുന്നുവെന്നും, ഒരു വാരം മുന്‍പാണ് വീണ്ടും ഒരുമിച്ച് താമസിച്ചുതുടങ്ങിയതെന്നും പൊലീസ് അറിയിച്ചു. അതിനുശേഷമാണ് കുഞ്ഞിന്റെ കൊലപാതകം നടന്നത്. ഇക്കഴിഞ്ഞ 16ന് പുലര്‍ച്ചെ 3 മണിയോടെയാണ് ‘അപ്പു’ എന്ന് വിളിക്കുന്ന ഇഹാന്‍ എന്ന ഒരു വയസുകാരനെ ഷിജില്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. കുഞ്ഞ് കരഞ്ഞതിനെ തുടര്‍ന്ന് ദേഷ്യത്തില്‍ അടിവയറ്റില്‍ ശക്തമായി മര്‍ദ്ദിച്ചുവെന്നാണ് ഷിജിലിന്റെ കുറ്റസമ്മത മൊഴി. ആന്തരിക രക്തസ്രാവമാണ് മരണകാരണം. പുറമേ പരിക്കുകളില്ലായിരുന്നതിനാല്‍ കുഞ്ഞിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നില്ല.
ആദ്യഘട്ടത്തില്‍ കുറ്റം സമ്മതിക്കാതിരുന്ന ഷിജിലിനെ കുടുക്കിയത് കുട്ടിയുടെ പരുക്കുകളെക്കുറിച്ചുള്ള ഫോറന്‍സിക് സര്‍ജന്റെ നിഗമനങ്ങളാണ്. കാഞ്ഞിരംകുളം സ്വദേശിയായ ഷിജിലിനെ ഇന്നലെ അറസ്റ്റ് ചെയ്ത പൊലീസ്, കൊലപാതകത്തിനൊപ്പം ഗാര്‍ഹികപീഡനം ഉള്‍പ്പെടെയുള്ള കൂടുതല്‍ വകുപ്പുകള്‍ ചുമത്താനാണ് നീക്കം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
-
Cricket3 days agoടി20 ലോകകപ്പിനായി ഇന്ത്യയിലേക്കില്ല; നിലപാടില്‍ ഉറച്ച് ബംഗ്ലാദേശ്
-
kerala3 days ago‘രണ്ട് മുതലാളിമാര്‍ ഒന്നിക്കുമ്പോള്‍ ലാഭവിഹിതമായിരിക്കും ചിന്ത’; സന്ദീപ് വാര്യര്‍
-
News3 days agoട്രംപിന്റെ ബോര്‍ഡ് ഓഫ് പീസ് അംഗങ്ങളായി സൗദിയടക്കമുള്ള രാജ്യങ്ങള്‍; ഒന്നും മിണ്ടാതെ ഇന്ത്യ
-
kerala3 days ago‘വി.ഡി സതീശന് നയിക്കുന്ന പുതുയുഗയാത്ര വിജയിപ്പിക്കും’: മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി
-
Cricket3 days agoരഞ്ജി ട്രോഫി: 139ന് പുറത്തായി കേരളം; ചണ്ഡിഗഢ് ഒരു വിക്കറ്റിന് 142 റണ്‍സെന്ന നിലയില്‍
-
kerala3 days agoകിളിമാനൂരില്‍ ദമ്പതികളുടെ അപകട മരണം; കേസില്‍ ആദ്യ അറസ്റ്റ്
-
Culture3 days agoമൂന്ന് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും അടൂരും ഒന്നിക്കുന്നു
-
kerala2 days agoഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തിയെന്ന കേസ്; കെ സുരേന്ദ്രന് കുറ്റവിമുക്തന്‍
