അമിത് ഷാ മകന്‍ ജയ് അമിത് ഭായ് ഷായുടെ കല്യാണം നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം. ജയ്ഷായുടെ കമ്പനിയായ ടെമ്പിള്‍ എന്റര്‍പ്രൈസസ് നേട്ടം കൈവരിച്ചു തുടങ്ങിയതും മോദി വന്ന് കഴിഞ്ഞ്. കമ്പനിക്ക് പത്തര കോടിയുടെ വായ്പ ലഭിച്ചതും മോദി വാഴ്ച തുടങ്ങിയ ശേഷം. രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ഞെട്ടിച്ച് ആയിരം, അഞ്ഞുറ് രൂപ നോട്ടുകള്‍ നിരോധിച്ചതിന്റെ തൊട്ടു മുമ്പ് കമ്പനിക്ക് അടച്ചു പൂട്ടേണ്ടിവന്നു. കാരണമോ 1.4 കോടി രൂപയുടെ നഷ്ടം. എന്നിട്ടും പ്രധാനമന്ത്രി പറയുന്നു. അഛേ ദിന്‍ വന്നു, രാജ്യം പുരോഗമിക്കുന്നുവെന്ന്. സ്വന്തം പാര്‍ട്ടി പ്രസിഡന്റിന്റെ മകന്റെ കമ്പനിക്ക് പോലും പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത സ്ഥിതിക്കാണോ അഛേ ദിന്‍ എന്നു പറയുക? ഈ ദുരനുഭവം മുന്നിലുണ്ടായിട്ടും രാജ്യം സാമ്പത്തികമായി പുരോഗമിക്കുന്നുവെന്ന് പാടി നടക്കുന്ന അമിത്ഷായുടെ പാര്‍ട്ടിയോടുള്ള പ്രതിബദ്ധത മറ്റു നേതാക്കള്‍ക്ക് പാഠപുസ്തകമാണ്.

2014-15ല്‍ 18728 രൂപ വിറ്റു വരവുള്ള ടെമ്പിള്‍ എന്റര്‍പ്രൈസസിന്റെ വിറ്റുവരവ് 2015-16 ല്‍ 80.5 കോടി രൂപയായി വര്‍ധിച്ചു അഥവാ 600 ഇരട്ടി വര്‍ധന. എന്നിട്ടും കമ്പനിക്ക് പൂട്ടേണ്ടിവന്നു. ഏതാണ്ട് പിറ്റേന്നാണ് നരേന്ദ്രമോദിയുടെ നോട്ട് നിരോധന പ്രഖ്യാപനമുണ്ടായതെന്നത് തികച്ചും യാദൃച്ഛികം മാത്രം. കുസും ഫിന്‍സ് വെയര്‍ എന്ന പുതിയ കമ്പനിയുമായി ബന്ധം സ്ഥാപിക്കുകയും സര്‍ക്കാറിന്റെ ധനകാര്യ സ്ഥാപത്തില്‍ നിന്ന് വായ്പയായി 10.3 കോടി സമ്പാദിക്കുകയും ചെയ്ത ശേഷമായിരുന്നു കമ്പനിയുടെ ദയാവധം.

രോഹിണി സിങ് എന്ന അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകയാണ് ‘ദി വയറി’ലൂടെ ഇക്കാര്യം മാലോകരെ അറിയിച്ചത്. ഇത് കണ്ടപാടെ കോണ്‍ഗ്രസുകാരും മറ്റു പ്രതിപക്ഷ കക്ഷികളുമെന്ന് വേണ്ട, യശ്വന്ത് സിന്‍ഹയെ പോലെ പരിണത പ്രജ്ഞരായ നേതാക്കളും ഇതില്‍ വിവിധ ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ടു. അമിത് ഷാ എന്ന ബി.ജെ.പി അഖിലേന്ത്യാ പ്രസിഡന്റ് പ്രതികരിച്ചു: ‘അഴിമതിയോ? ഇവിടെ അങ്ങനെ ഇല്ല തന്നെ. വല്ലവരുടെയും കൈയില്‍ തെളിവുണ്ടെങ്കില്‍ കോടതിയില്‍ ഹാജരാക്കട്ടെ.’ അത് അങ്ങനെയാണ്. ചില അഴിമതി ആരോപണങ്ങളില്‍ പാര്‍ട്ടി തീരുമാനിച്ചാല്‍ മതി. ലാവ്‌വിലിനില്‍ അഴിമതിയില്ലെന്ന് സി.പി.എം തീരുമാനിച്ചതുപോലെ. റോബര്‍ട്ട് വാധ്‌റക്ക് നേരെയുള്ള അഴിമതി ആരോപണവും പുറത്തുകൊണ്ടുവന്നത് രോഹിണി സിങാണ്. അന്നു പക്ഷെ ഇന്നത്തെ പോലെ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ആക്ഷേപങ്ങളും ഭീഷണിയും ഏല്‍ക്കേണ്ടിവന്നിട്ടില്ല.

രോഹിണി സിങിനെതിരെ മാത്രമല്ല, ഈ മാധ്യമത്തിന്റെ വിവിധ ചുമതലകള്‍ വഹിക്കുന്ന സിദ്ധാര്‍ഥ് വരദരാജന്‍, സിദ്ധാര്‍ഥ് ഭാട്യ, എം.കെ വേണു, മോനേബിന ഗുപ്ത, പമേല ഫിലിപ്പോസ് എന്നിവര്‍ക്കെതിരെയുമായാണ് അഹമ്മദാബാദ് കോടതിയില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തത്. 100 കോടി രൂപയുടെ മാനനഷ്ടക്കേസാണ്. ‘കോണ്‍ഗ്രസുകാര്‍ക്കെതിരെയും വന്നല്ലോ കുറെ ആരോപണങ്ങള്‍. എന്നിട്ട് അവരാരെങ്കിലും ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തുവോ?’ ബിസിനസുകാരനായ അമിത് ഷാ കച്ചവടത്തിന്റെ ഗുട്ടന്‍സും വിവരിച്ചു. 600 ഇരട്ടിയായി വര്‍ധിച്ചത് ലാഭമല്ല, വരുമാനമാണ് അഥവാ വിറ്റുവരവ്. വിറ്റുവരവ് കൂടിയപ്പോള്‍ നഷ്ടവും കൂടി. പിന്നെ കമ്പനി പൂട്ടണമെന്ന് ഏത് കച്ചവടക്കാരനാണ് തീരുമാനിക്കാതിരിക്കുക. 1.4 കോടി രൂപ നഷ്ടം സംഭവിച്ച ഒരു പാവം കച്ചവടക്കാരനാണ് ജയ്ഷാ.

രാജ്യത്തെ ജനത 86 ശതമാനം വിനിയോഗത്തിലുണ്ടായിരുന്ന നോട്ടുകളുടെ നിരോധനം സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതാണ്. ഈ നിരോധനം റിസര്‍വ് ബാങ്ക് കട്ടായമായും അറിയേണ്ടതായിരുന്നെങ്കിലും അറിഞ്ഞില്ല. അതേസമയം ബി.ജെ.പിയുമായി ബന്ധപ്പെട്ട പ്രമുഖരെല്ലാം അറിയുകയും നേട്ടങ്ങള്‍ കൊയ്യുകയും ചെയ്തതായി അന്നു തന്നെ ആരോപണമുയര്‍ന്നതാണ്. പ്രവചിച്ച പോലെ സാമ്പത്തിക തകര്‍ച്ചക്ക് രാജ്യം ഇരയായിക്കൊണ്ടിരിക്കെയാണ് നോട്ടു നിരോധനത്തിന്റെ ‘യഥാര്‍ഥ’ ഗുണഭോക്താക്കളുടെ വിവരങ്ങള്‍ പുറത്തുവരുന്നത്. കേരളത്തിലെ ഇടതു ശക്തികേന്ദ്രങ്ങളിലൂടെ പദയാത്ര നടത്താനിരിക്കെ അമിത്ഷാ ജി പെട്ടെന്ന് സ്‌കൂട്ടായത് ഇവിടെ ഉദ്വേഗം ജനിപ്പിച്ചിരുന്നു. രണ്ടേ രണ്ട് ദിവസം കഴിഞ്ഞ് ആധി പിടിച്ച അച്ഛന്റെ മുഖം ജനം കാണുകയും ചെയ്തു. ബി.ജെ.പിയുടെ മൂന്നു പ്രസിഡന്റുമാര്‍ സ്ഥാനമൊഴിഞ്ഞത് അഴിമതി ആരോപണങ്ങളെ തുടര്‍ന്നാണ്. വോട്ടിന്‌കോഴക്കേസിലാണ് അദ്വാനി സ്ഥാനമൊഴിഞ്ഞതെങ്കില്‍ ബങ്കാരു ലക്ഷ്മണ രാജിവെക്കേണ്ടിവന്നത് ശവപ്പെട്ടി കുംഭകോണത്തിലാണ്. നിതിന്‍ ഗഡ്കരി പുറത്തു പോയത് മക്കളുമായി ബന്ധപ്പെട്ട അഴിമതിക്ക്. അമിത്ഭായ് ഷാ സമ്മര്‍ദത്തിന് വഴങ്ങുമെന്ന് വിചാരിക്കാന്‍ വഴിയില്ല.

അമിത്ഷാ രാഷ്ട്രീയക്കാരനേക്കാള്‍ കച്ചവടക്കാരനായിരുന്നു. മുംബൈയില്‍ ജനിച്ച അമിത് ഷാ പി.വി.സി പൈപ്പ് മൊത്തക്കച്ചവടക്കാരനായി മാറിയപ്പോള്‍ തന്നെ ആര്‍.എസ്.എസുമായി കവാത്തു ബന്ധം സ്ഥാപിക്കുകയും ചെയ്തു. ആയിടെയാണ്, വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷാജിയെ അറസ്റ്റ് ചെയ്തതും മഹാരാഷ്ട്രയിലേക്ക് തിരിച്ചുപോയതും. അമിത് ഷായുടെ ഏക മകനാണ് ജയ് ഷാ. ബിടെക് ബിരുദധാരിയായ ജയ് ഷാ അച്ഛനെപോലെ ഓഹരി ബ്രോക്കറായും പ്രവര്‍ത്തിച്ചു. ക്രിക്കറ്റിലെ നല്ല ബാറ്റ്‌സ്മാനാണ് ജയ്ഷാ. 2013ല്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗമായും 2013ല്‍ ജോയിന്റ് സെക്രട്ടറിയുമായി. ബി.സി.സി.ഐക്ക് പ്രതീക്ഷിക്കാം.