Connect with us

Views

ഈ സമരം ഇന്ധന വിലയിലെ പകല്‍കൊള്ളക്കെതിരെ

Published

on

രമേശ് ചെന്നിത്തല
(പ്രതിപക്ഷ നേതാവ്)

പെട്രോളിന്റെയും ഡീസലിന്റെയും പേരില്‍ കേന്ദ്രത്തിലെ ബി.ജെ.പി മുന്നണി സര്‍ക്കാരും സംസ്ഥാനത്തിലെ ഇടതുമുന്നണി സര്‍ക്കാരും നടത്തുന്നത് പകല്‍ കൊള്ളയാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയില്‍ വില കുറയുന്നതനുസരിച്ച് ഇവിടെ എണ്ണ വില കൂട്ടുകയാണ്. ഇത് എല്ലാ വസ്തുക്കളുടെയും അനിയന്ത്രിതമായ വിലക്കയറ്റത്തിന് കാരണമായിരിക്കുന്നു. ഇതോടൊപ്പം കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും സര്‍ക്കാരുകളുടെ വികല നയങ്ങള്‍ കൂടിയായപ്പോള്‍ ജനജീവിതം തീര്‍ത്തും ദുസ്സഹമായി മാറിയിരിക്കുന്നു. ഇതിനെതിരെ അതിശക്തമായ ജനകീയ പ്രക്ഷോഭത്തിന് നാന്ദികുറിക്കുന്നതിന്റെ ഭാഗമായാണ്  കേരളത്തില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചത്.

ജനങ്ങളുടെ ദുരിതങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും നേരെ ഭരണകൂടങ്ങള്‍ കണ്ണും കാതും പൂട്ടിയിരിക്കുമ്പോള്‍ നമ്മള്‍, ജനാധിപത്യ വിശ്വാസികളുടെ കടമ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുക എന്നതാണ്. നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ സര്‍ക്കാരിനെതിരെയുള്ള ആ ജനകീയ പ്രതിരോധ നിരയുടെ കാഹളമായിരിക്കും ഹര്‍ത്താല്‍. അതോടൊപ്പം കേരളത്തെ വികസന രാഹിത്യത്തിന്റെയും കെടുകാര്യസ്ഥതയുടെയും പടുകുഴിയിലേക്ക് തള്ളി വിട്ട ഇടതു ഭരണത്തിനെതിരെയുള്ള പ്രക്ഷോഭത്തെ കൂടുതല്‍ വിശാലമായ തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗം കൂടിയാവുകയാണ് ഹര്‍ത്താല്‍.

അനിവാര്യമായ ഘട്ടത്തിലാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്യേണ്ടിവന്നത്. ദിനംപ്രതിയുള്ള ഇന്ധന വില വര്‍ധനവ് രാജ്യത്തെ സാമ്പത്തിക മേഖലയില്‍ ഗുരുതരമായ പ്രത്യാഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. പണപ്പെരുപ്പം വര്‍ധിക്കുന്നു, സാമ്പത്തിക വളര്‍ച്ച കുത്തനെ താഴേക്ക് പോകുന്നു, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം അനിയന്ത്രിതമാകുന്നു. രാജ്യം വലിയൊരു സ്തംഭനാവസ്ഥയിലേക്ക് കൂപ്പുകുത്തുന്നു. സാമ്പത്തിക പ്രതിസന്ധി യാഥാര്‍ത്ഥ്യമെന്ന് കേന്ദ്ര ധനകാര്യമന്ത്രിക്ക് തന്നെ സമ്മതിക്കേണ്ടി വന്നു. ബി.ജെ.പി യുടെ നേതാക്കള്‍ തന്നെ പരസ്യമായി പ്രധാനമന്ത്രിക്കും ധനകാര്യമന്ത്രിക്കും എതിരെ തിരിയുന്ന അവസ്ഥയുമുണ്ടായി. സമീപകാല ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ ദൃശ്യമാകാത്ത തരത്തിലുള്ള കെടുകാര്യസ്ഥതയും അരാജകത്വവുമാണ് രാജ്യത്തെ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്നത്.

എന്ത്‌കൊണ്ടാണ് ഇന്ധനവില ഇന്ത്യയില്‍ മാത്രം ഇങ്ങനെ കുതിച്ചുയരുന്നത്? മറ്റു ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ഇന്ധനവിലയും ഇന്ത്യയിലെ വിലയും തമ്മില്‍ ആശ്ചര്യപ്പെടുത്തുന്ന അന്തരമാണ് നിലനില്‍ക്കുന്നത്. മലേഷ്യയില്‍ പെട്രോള്‍ വില ലിറ്ററിന് ഇന്ത്യയിലേതിന്റെ പകുതിയില്‍ താഴെ മാത്രമാണ്. ഏതാണ്ട് 33 രൂപക്കടുത്ത് മാത്രം. മലേഷ്യയും ഇന്തോനേഷ്യയും അടക്കമുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ മിക്കവയും ലിറ്ററിന് ഏതാണ്ട് 32-38 രൂപക്കാണ് ഡീസല്‍ വില്‍ക്കുന്നത്. ഇന്ത്യയെക്കാള്‍ 42 ശതമാനം കുറവ്. പാക്കിസ്താനില്‍ 42-43 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് ഈടാക്കുന്നത്. ഇന്ത്യയേക്കാള്‍ 40 ശതമാനം കുറവ്. നേപ്പാളിലും ശ്രീലങ്കയിലും ഭൂട്ടാനിലുമെല്ലാം ഇന്ത്യയിലുള്ളതിനെക്കാള്‍ 15 മുതല്‍ 20 ശതമാനം വരെ ഇന്ധന വില കുറവാണ്.

നമ്മുടെ രാജ്യത്ത് ചില്ലറ വില്‍പ്പനശാലകളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഇന്ധന വിലയുടെ (ലിറ്ററിന്) 42 മുതല്‍ 52 ശതമാനം വരെ വിവിധയിനം നികുതികളാണ്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഒമ്പത് തവണയാണ് വാഹന ഉപയോഗത്തിനുള്ള ഇന്ധനങ്ങളുടെ എക്സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ചത്. യു.പി.എ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ (2014 മെയ് മാസത്തിന് മുമ്പ്) പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി ലിറ്ററിന് യഥാക്രമം 9.48 രൂപയും 3.56 രൂപയുമായിരുന്നു. എന്നാല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം അത് 21.48 രൂപയും 17.33 രൂപയുമായി ഉയര്‍ന്നു. അതായത് 2014 മുതലിങ്ങോട്ട് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി യഥാക്രമം 226 ശതമാനവും 486 ശതമാനവും വര്‍ധിച്ചുഎന്നര്‍ത്ഥം. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിറ്ററിന് 26.65 രൂപക്ക് റിഫൈനറികള്‍ക്ക് നല്‍കുന്ന ഇന്ധനം എക്സൈസ് ഡ്യൂട്ടി മുതല്‍ വാറ്റും ഡീലര്‍ കമ്മീഷനും കഴിഞ്ഞ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുമ്പോള്‍ 60 രൂപയും (ഡീസല്‍) 74 രൂപയും ( പെട്രോള്‍) ആകുന്നു.

2014-ല്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ബാരലിന് 105 യു.എസ് ഡോളറുണ്ടായിരുന്ന ക്രൂഡ് ഓയില്‍ വില 2015-16 ല്‍ 46 ഡോളറിലേക്ക് ഇടിയുന്നതിനിടയില്‍ ഒമ്പത് തവണയാണ് എന്‍.ഡി.എ സര്‍ക്കാര്‍ എക്സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ച് ജനങ്ങള്‍ക്ക്‌മേല്‍ കനത്ത ഭാരം അടിച്ചേല്‍പ്പിച്ചത്. 2014 ജൂണില്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ്ഓയില്‍ വില ബാരലിന് 106.88 യു.എസ് ഡോളര്‍ ആയിരുന്നപ്പോള്‍ ഇന്ത്യയില്‍ ഡീസല്‍ ലിറ്ററിന് 58.72 രൂപയായിരുന്നു വില. (ഡല്‍ഹിയിലെ വില). അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഡീസല്‍ വില ബാരലിന് 53.06 യു.എസ് ഡോളര്‍ ആയി ഇടിഞ്ഞപ്പോഴും 58-61 രൂപ ഒരു ലിറ്റര്‍ ഡീസലിന് നല്‍കേണ്ടി വരുന്നു. അന്താരാഷ്ട്ര മാര്‍ക്കറ്റിലുണ്ടാകുന്ന വിലയിടിവിനെ ജനങ്ങള്‍ക്ക് അനുകൂലമായി ഉപയോഗപ്പെടുത്താതെ പച്ചയായ കൊള്ളയടിക്കാണ് എന്‍.ഡി.എ സര്‍ക്കാര്‍ നേതൃത്വം നല്‍കിയത്. 2013 ല്‍ 77,982 കോടി രൂപയാണ് പെട്രോളിയം ഉത്പന്നങ്ങള്‍ക്കുള്ള നികുതിയായി സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്തതെങ്കില്‍ 2016 ല്‍ അത് 2,42,691 കോടിയായി ഉയര്‍ന്നു. ഏതാണ്ട് 1,64000 കോടി യുടെ വര്‍ധന. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ ജനങ്ങള്‍ താങ്ങേണ്ടി വന്ന ഭാരമാണിത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വരുന്ന വില വ്യതിയാനങ്ങളുടെയും ഏറ്റക്കുറച്ചിലുകളുടെയും ഫലം ജനങ്ങള്‍ക്ക് കിട്ടുമെന്ന് വിശ്വസിപ്പിച്ചാണ് ഓരോ ദിവസവും വില മാറുന്ന രീതി കൊണ്ടുവന്നത്. എന്നാല്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില കുറയുന്നതനുസരിച്ച് ഇന്ത്യയിലെ ഇന്ധന വില കൂറയുന്നില്ലന്ന് മാത്രമല്ല കൂടുകയും ചെയ്യുന്നു. ഇതാണ് ദയനീയ ചിത്രം.

കേരളത്തില്‍ ഒരു ലിറ്റര്‍ പെട്രോളോ, ഡീസലോ വാങ്ങുമ്പോള്‍ നികുതിയായി മാത്രം യഥാക്രമം 39.42 രൂപയും, 29.78 രൂപയും നല്‍കണം. കേരള സര്‍ക്കാരിന് കിട്ടുന്ന നികുതി ഒരു പൈസ പോലും വേണ്ടെന്ന് വെക്കാന്‍ തങ്ങള്‍ തയ്യാറല്ലന്ന് മന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു കഴിഞ്ഞു. നേരത്തെ ഇന്ധന വില വര്‍ധനവുണ്ടായപ്പോള്‍ അന്ന് അധികാരത്തിലിരുന്ന യു.ഡി.എഫ് സര്‍ക്കാര്‍ രണ്ടുതവണ നികുതി വേണ്ടെന്ന് വെച്ചാണ് സംസ്ഥാനത്ത് ഇന്ധന വില പിടിച്ചുനിര്‍ത്തിയത്. 619.17 കോടി രൂപയുടെ വരുമാന നഷ്ടം സഹിച്ചാണ് യു.ഡി.എഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടത്. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണ്ണാടകയും നികുതി കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസമേകി.മറ്റു ചില സംസ്ഥാനങ്ങളും ഇപ്പോള്‍ ഈ മാതൃക പിന്തുടരുന്നുണ്ട്. എന്നാല്‍ നമ്മുടെ ധനമന്ത്രി തോമസ് ഐസക് നയാപൈസ നികുതി കുറക്കില്ലന്ന വാശിയിലാണ്. വില കുറക്കുന്നതും, കുറക്കാത്തതുമൊക്കെ സംസ്ഥാനങ്ങളുടെ കാര്യമെന്ന് പറഞ്ഞ് അരുണ്‍ ജെറ്റ്ലി കൈകഴുകയും ചെയ്യുന്നു. ദുരിതം മുഴുവന്‍ ജനങ്ങള്‍ക്കും. ഇതിന് പുറമെയാണ് പാചക വാതകത്തിന്റെ വില അടിക്കടി കുത്തനെ കൂട്ടുന്നതും.

നോട്ട് പിന്‍വലിക്കല്‍, ഇന്ധന വില വര്‍ധനവ്, അവധാനതയില്ലാതെ ജി.എസ്.ടി നടപ്പാക്കല്‍ എന്നിവയോടെ രാജ്യത്തിന്റെ സാമ്പത്തിക രംഗം താറുമാറായി. കയറ്റുമതി വരുമാനം ഇടിഞ്ഞു. ഇന്ത്യയെ പോലെ ഉയര്‍ന്നുവരുന്ന സാമ്പത്തിക ശക്തികളായ ബ്രസീല്‍, ദക്ഷിണ കൊറിയ, വിയറ്റ്നാം എന്നിവയെ അപേക്ഷിച്ച് ഇന്ത്യയുടെ കയറ്റുമതി വളരെയധികം ഇടിഞ്ഞിരിക്കുകയാണ്. 2010 ലെ ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ പരിക്കൊന്നുമേല്‍ക്കാതെ തലയുയര്‍ത്തിനിന്നു. എന്നാല്‍ ലോകമെങ്ങും അനുകൂലമായ കാലാവസ്ഥ നിലനില്‍ക്കുമ്പോഴും അതിനെ ഉപയോഗപ്പെടുത്താന്‍ കഴിയാതെ നിസ്സഹായരായി നോക്കിനില്‍ക്കാനേ മോദിക്കും സംഘത്തിനും കഴിയുന്നുള്ളു. 2010 ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങായിരുന്നു. പരിണിത പ്രജ്ഞനായ അദ്ദേഹത്തിന് അത്തരം സ്ഥിതി വിശേഷത്തെ നേരിടാന്‍ എന്ത് ചെയ്യണമെന്നറിയാമായിരുന്നു. എന്നാല്‍ മോദിക്കും സംഘത്തിനും ഒച്ചപ്പാടുണ്ടാക്കാനല്ലാതെ രാജ്യം ഭരിക്കുന്നതെങ്ങിനെയെന്നറിയില്ല. സി.പി.എം നേതൃത്വത്തിലുള്ള കേരളത്തിലെ സര്‍ക്കാര്‍ അനുദിനം ജനങ്ങളില്‍ നിന്നകന്ന് കൊണ്ടിരിക്കുകയാണ്. ദലിത് പീഡനങ്ങളും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളും പൊലീസ് നിഷ്‌ക്രിയത്വവും മന്ത്രിമാരടക്കമുള്ളവര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ഭൂമി കയ്യേറ്റമുള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളും മദ്യലോബിക്ക് മുമ്പിലെ നിര്‍ബാധമായ കീഴടങ്ങലുമെല്ലാം പിണറായി മന്ത്രിസഭയെ സംശയത്തോടെ നോക്കിക്കാണാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നു. പതിനെട്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് കഴിഞ്ഞ ഒന്നര വര്‍ഷക്കാലത്തിനിടക്ക് നടന്നത്. ക്രമസമാധാനനില ഇത്രയും തകര്‍ന്ന ഒരു കാലം ഉണ്ടായിട്ടില്ല. ഈ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും വീഴ്ചകളും ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കേണ്ട പ്രതിപക്ഷ ധര്‍മ്മം കൂടി ഈ ഹര്‍ത്താലിന് പ്രേരകമായി വര്‍ത്തിച്ചിട്ടുണ്ട്.

ഹര്‍ത്താലിനെതിരെ സമരം ചെയ്ത ഞങ്ങള്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിലെ അനൗചിത്യം ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹര്‍ത്താല്‍ നിരോധിക്കണമെന്ന നിലപാടല്ല ഞങ്ങളുടേത്. അത് നിയന്ത്രിക്കണമെന്നതാണ് നിലപാട്. മുന്‍കൂര്‍ അറിയിച്ച് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ ജനങ്ങളുടെ ഈ പ്രതിഷേധ മാര്‍ഗത്തെ പ്രയോഗിക്കണമെന്നതാണ് നിലപാട്. ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ നിയമസഭയില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ അവതരിപ്പിച്ചെങ്കിലും പാസാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരു പ്രതിഷേധ മാര്‍ഗത്തെയും എതിര്‍ക്കുന്നവരല്ല, പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യ സമൂഹത്തിന്റെ രക്തവും ജീവനുമാണ്. പക്ഷെ അതൊന്നും അക്രമാര്‍ഗത്തിലൂടെ ജനങ്ങളെ നിരന്തരം ബുദ്ധിമുട്ടിച്ച് കൊണ്ടാവരുത്. ഒരു അനിവാര്യത എന്ന തലത്തില്‍ മാത്രമെ ഹര്‍ത്താല്‍ പോലൊരു സമരമാര്‍ഗം കൈക്കൊള്ളാവൂ എന്ന് ഞങ്ങള്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു. ആരുടെയും സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിക്കൊണ്ടോ അക്രമങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടോ ഉള്ള ഹര്‍ത്താലല്ല ഇത്.
ഈ ഹര്‍ത്താല്‍ മുന്‍കാലങ്ങളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തി വന്നിരുന്ന ഹര്‍ത്താലുകളില്‍ നിന്നും ബന്ദില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ അക്രമ രഹിത പ്രക്ഷോഭമാണെന്നതാണ് സവിശേഷത. അതുകൊണ്ടു തന്നെ ഈ സമരം ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ നടത്തുന്ന സമരമായി മാറ്റാന്‍ യു.ഡി.എഫ് ആഗ്രഹിക്കുന്നു. ജനജീവിതത്തെ ദുരിത പൂര്‍ണ്ണമാക്കിയ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളെ ചെറുക്കാന്‍ പരിപൂര്‍ണ ജനപങ്കാളിത്തം ഈ സമരത്തിനാവശ്യമാണ്. അതുകൊണ്ടുതന്നെ ജനങ്ങള്‍ യാതൊരു പരപ്രേരണയോ സമ്മര്‍ദ്ദമോ ബലപ്രയോഗമോ കൂടാതെ സ്വമേധയാ സമരവുമായി സഹകരിക്കുമെന്ന് യു.ഡി.എഫിന് ഉറപ്പുണ്ട്. മാത്രമല്ല, ജനങ്ങള്‍ക്ക് യാതൊരു വിധ ബുദ്ധിമുട്ടും വരാത്ത രീതിയില്‍ തികച്ചും സമാധാനപരമായ രീതിയില്‍ ഈ സമരത്തിന്റെ സന്ദേശം പ്രചരിപ്പിച്ചു പ്രകടനം നടത്തുന്നതും അന്നേദിവസം പൊതു മുതലോ, സ്വകാര്യ മുതലോ ഏതെങ്കിലും സാമൂഹ്യവിരുദ്ധര്‍ നശിപ്പിക്കുന്നത് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ചെറുക്കുന്നതുമാണ്. തികച്ചും അക്രമരഹിത മാര്‍ഗത്തില്‍ക്കൂടി സഞ്ചാര സ്വാതന്ത്ര്യമുള്‍പ്പെടെ പൗരന്മാര്‍ക്ക് ഭരണ ഘടന ഉറപ്പ്‌നല്‍കുന്ന എല്ലാ അവകാശങ്ങളും ഹനിക്കപ്പെടാതിരിക്കാന്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ജാഗരൂകമായിരിക്കും.

ഇടതു മുന്നണിയും ബി.ജെ.പിയും ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോള്‍ ഇപ്പോഴത്തെ വിമര്‍ശനം ഉയര്‍ന്ന്‌വരാറില്ല എന്നതും ശ്രദ്ധേയമാണ്. ഒരു പക്ഷേ ഞങ്ങളോടുള്ള സ്വാതന്ത്ര്യം കൊണ്ടാകാം വിമര്‍ശനവും ഉണ്ടാകുന്നത്. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരമാവധി ഒഴിവാക്കുക എന്നത് തന്നെയാണ് യു.ഡി.എഫിന്റെ നയം. ഒരു ദിവസം രാവിലെ എഴുന്നേറ്റ് അന്ന് ഉച്ചക്ക് ശേഷം ഹര്‍ത്താലായിരിക്കും എന്ന പ്രഖ്യാപിച്ച രാഷ്ട്രീയ പാര്‍ട്ടി ഭരിക്കുന്ന നാടാണിത്. തലേന്ന് അര്‍ധരാത്രിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചവരുമുണ്ട്. പത്ത് ദിവസം മുമ്പെ പ്രഖ്യാപിച്ച ഹര്‍ത്താലാണിത്. ഫുട്ബോള്‍ പ്രേമികള്‍ക്ക് നിരാശയുണ്ടാകാതിരിക്കാന്‍ ആദ്യത്തെ തീയതി മാറ്റാനും യു.ഡി. എഫ് തയ്യാറായി. പക്ഷെ പ്രക്ഷോഭവും പ്രതിരോധവും അനിവാര്യതയായി വരുന്ന സമയങ്ങളില്‍ അത് കെക്കൊള്ളാതിരിക്കുന്നത് ജനങ്ങളോട് ചെയ്യുന്ന വഞ്ചനയാണ്. അതുകൊണ്ട് തന്നെ ഈ ഹര്‍ത്താല്‍ ജനങ്ങള്‍ നെഞ്ചിലേറ്റി വിജയിപ്പിക്കുമെന്ന് ഉറപ്പുണ്ട്. കാരണം ഇത് അവര്‍ക്ക് വേണ്ടിയുള്ളതാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും

മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം.

Published

on

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.

എടത്വ, ചെറുതന പഞ്ചായത്തുകളിൽ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും.

പക്ഷിപ്പനിയുടെ സാഹചര്യത്തിൽ തമിഴ്നാട് ജാഗ്രത നിർദ്ദേശം നൽകി. അതിർത്തികളിൽ പരിശോധന ശക്തമാക്കും. കേരളത്തിൽ നിന്നുള്ള വളർത്തു പക്ഷികളും മുട്ടകളുടെയും കയറ്റി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കും.

12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെ നിയോഗിച്ചു. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും. തമിഴ്നാട്ടിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല.

Continue Reading

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

kerala

അനധികൃത വിലവർദ്ധന; ചിക്കൻവ്യാപാരികൾ സമരത്തിലേക്ക്

ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

Published

on

അനധികൃതമായി കോഴി വില വർദ്ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനക്കമില്ല. തീവെട്ടിക്കൊള്ള നടത്തുന്ന ഫാം ഉടമകളുടെ വലയിലാണ് അധികാരികൾ. റംസാൻ ,ഈസ്റ്റർ , വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച് കൊഴുത്ത കോഴി മാഫിയ വില വർദ്ധിപ്പിക്കൽ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ ഒരുകിലോ ചിക്കന് 270 രൂപയാണ് വില.

ഈ പ്രവണത ഒരിക്കലും അംഗികരിക്കാനാകില്ലെന്ന് ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണശ്ശേരി പറഞ്ഞു. ചിക്കൻ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹിമാൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുനീർ പലശ്ശേരി മറ്റ് ജില്ലാ ഭാരവാഹികളായ സിയാദ്, ആബിദ് ,ഷാഫി, സലാം, സാദിക്ക് പാഷ, നസീർ, ലത്തിഫ് എന്നിവർ പങ്കെടുത്തു.

Continue Reading

Trending