രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജീവനപഹരിച്ചവരുടെ ഗര്‍ജനങ്ങള്‍ക്ക് ശക്തി വര്‍ധിച്ച വേളയിലാണ് രക്തസാക്ഷിത്വദിനത്തിന്റെ എഴുപത് വര്‍ഷം പൂര്‍ത്തിയാകുന്നത്. ഇന്ത്യയെ ഒരു മതാധിഷ്ഠിത രാഷ്ട്രമാക്കാനുള്ള വെടിയൊച്ചയാണ് അന്നു മുഴങ്ങിയത്. അവരുടെ വെടിയൊച്ചകള്‍ ഇന്നും നിലയ്ക്കുന്നില്ല. അതേ ശക്തികള്‍ പുതിയ തന്ത്രങ്ങളുമായാണ് ഇപ്പോള്‍ രംഗത്തുള്ളത്. തീവ്ര ദേശീയതയിലൂടെ വിദ്വേഷത്തിന്റെ കനലുകളാണ് അവര്‍ ഊതിക്കത്തിക്കുന്നത്. മതേതരത്വവും ബഹുസ്വരതയുമാണ് അവരുടെ ആക്രമണത്തിന് ഇരയാകുന്നത്. അധികാരക്കസേരയിലിരിക്കുന്നത് ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവരുടെ ആശയം പിന്‍പറ്റുന്നവരും അയാളുടെ സ്വപ്‌നങ്ങളെ താലോലിക്കുന്നവരുമാണെന്നത് മതേതര വിശ്വാസികളുടെ മനോവേദന വര്‍ധിപ്പിക്കുന്നതാണ്. മഹാത്മജിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെ വാഴ്ത്തപ്പെടുകയും അയാളെ ആരാധിക്കുകയും ചെയ്യുന്ന വലിയ സംഘം തന്നെ ഇന്ത്യയില്‍ സജ്ജമായിട്ടുണ്ട്. സംഘ്പരിവാര്‍, ആര്‍.എസ്.എസ് സംഘടനകളൊക്കെ ഗാന്ധിജിയുടെ വധത്തെ ന്യായീകരിച്ച് ഗോഡ്‌സേയെ പിന്തുണക്കുന്നവരാണ്.
സ്വാതന്ത്ര്യ സമരങ്ങളെ വഞ്ചിക്കുകയും രക്തസാക്ഷികളെ പുച്ഛിക്കുകയും ഒരു സ്വാതന്ത്ര്യസമര രക്തസാക്ഷിയെ പോലും അവകാശപ്പെടാന്‍ ഇല്ലാത്തതുമായ ആര്‍.എസ്.എസിന് ഗാന്ധി എന്ന നാമം തന്നെ അസഹിഷ്ണുത സൃഷ്ടിക്കുന്നതാണ്. ഗാന്ധി എന്ന സങ്കല്‍പം രാജ്യത്തുനിന്ന് തുടച്ചുനീക്കാനുള്ള ശ്രമത്തിലാണ് ഭരണകൂടം. 2017ല്‍ പുറത്തിറക്കിയ ഇന്ത്യന്‍ സര്‍ക്കാറിന്റെ ഔദ്യോഗിക കലണ്ടറില്‍ ഗാന്ധിജിക്ക് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമായിരുന്നു. ത്യാഗത്തിന്റെയും പൈതൃകത്തിന്റെയും വീരചരിത്രം വിളിച്ചോതുന്ന ചര്‍ക്ക പിടിച്ചിരിക്കുന്ന മോദിയുടെ ചിത്രം ആകസ്മികമായി വന്നതല്ല. ഫാസിസ്റ്റ് ശക്തികള്‍ അവരുടെ ആശയങ്ങള്‍ ജനങ്ങളുടെ മനസ്സില്‍ അടിച്ചേല്‍പ്പിക്കുന്നതിനു തന്ത്രപൂര്‍വം ഒരുക്കുന്ന കെണികളിലൊന്നായിരുന്നു അത്. എന്നാല്‍ രാജ്യത്തെ ജനാധിപത്യ മതേതര മൂല്യങ്ങള്‍ തകര്‍ക്കുന്നതിനെ ജാഗ്രതയോടെ വീക്ഷിക്കുന്ന മഹാഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ഇടപെടല്‍ അവരുടെ ഈ നീക്കം പൊളിക്കുകയായിരുന്നു. സംഭവം വിവാദമായപ്പോള്‍ അനുകൂലിച്ച് രംഗത്തെത്തിയ ബി.ജെ.പി നേതാക്കള്‍ മഹാത്മാവിനെ വേദനിപ്പിക്കുന്ന തരത്തിലാണ് പ്രതികരിച്ചത്. ഹരിയാന മന്ത്രി അനില്‍ വിജ് പറഞ്ഞത് ഗാന്ധിയെ മാറ്റി മോദിയെ പ്രതിഷ്ഠിച്ചാല്‍ ഖാദി വ്യവസായത്തില്‍ മുന്നേറ്റമുണ്ടാകുമെന്നായിരുന്നു. പൈതൃകങ്ങള്‍ക്ക് ബദലായി മാര്‍ക്കറ്റിങ് സമ്പ്രദായത്തെ സ്വീകരിക്കുന്നവര്‍ കോര്‍പറേറ്റുകള്‍ക്ക് വളമിട്ടുകൊടുക്കുന്നതാണ് ഇതിലൂടെ വ്യക്തമായത്.
ഗാന്ധിജി ബഹുസ്വരതക്കു വേണ്ടി നിലകൊണ്ടെങ്കില്‍ ഇപ്പോള്‍ രാജ്യം ഭരിക്കുന്നവര്‍ ഏകസ്വരതക്കുവേണ്ടിയാണ് തന്ത്രങ്ങള്‍ പയറ്റുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തില്‍പോലും ഏകശിലാ രൂപം കൊണ്ടുവരാന്‍ അവര്‍ ശ്രമിക്കുന്നു. നമുക്കു ഹിതകരമല്ലെന്നു തോന്നുന്നവരോട് രാജ്യം വിട്ടുപോകാന്‍ തിട്ടൂരം നല്‍കുന്നു. അവരെ ആക്രമിച്ച് കീഴ്‌പ്പെടുത്തുന്നു. ഗാന്ധിയെ ഇല്ലായ്മ ചെയ്ത ഫാസിസ്റ്റ് ശക്തികള്‍ തങ്ങള്‍ക്കെതിരെ നില്‍ക്കുന്ന നിരവധി പേരെ ഏഴു പതിറ്റാണ്ടിനിടയില്‍ കൊലപ്പെടുത്തിയിട്ടുണ്ട്. വിദ്വേഷത്തിന്റെയും അസഹിഷ്ണുതയുടെയുമെല്ലാം പേരിലായിരുന്നു കൊലപാതകങ്ങള്‍. എഴുത്തുകാരും സാഹിത്യകാരന്മാരും ആക്ടിവിസ്റ്റുകളും സാമൂഹ്യപ്രവര്‍ത്തകരുമെല്ലാം ഇവരുടെ കൊലക്കത്തിക്കിരയായി. ഭക്ഷണത്തിന്റെയും കുലത്തൊഴിലിന്റെയും പേരില്‍ ആളുകള്‍ കൊല്ലപ്പെട്ടുകൊണ്ടിരുന്നു. ഗാന്ധിയെ വധിച്ചപോലെ ഓരോ കൊലകളും അവര്‍ ആഘോഷമാക്കി.
കീഴാള വര്‍ഗത്തിന്റെ ഉന്നമനം ഗാന്ധിയുടെ വലിയ സ്വപ്‌നങ്ങളിലൊന്നായിരുന്നു. എന്നാല്‍ ആധുനിക ഇന്ത്യയില്‍ ഈ വിഭാഗത്തിന്റെ അവസ്ഥ അതിദയനീയമായി തുടരുകയാണ്. ചത്ത പശുവിന്റെ തൊലി ഉരിഞ്ഞതിന് ഉനയില്‍ ദലിത് യുവാക്കളെ അതിക്രൂരമായി ചാട്ടവാറടിച്ച് ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിച്ചത് ഗോഡ്‌സെയുടെ അനുയായികള്‍ തന്നെയാണ്.
ഇന്ത്യന്‍ കറന്‍സിയിലുള്ള ഒരേയൊരു ചിത്രം ഗാന്ധിജിയുടേതാണ്. അത് മാറ്റണമെന്ന് ഹിന്ദുമഹാസഭ ആവശ്യപ്പെട്ടതും നാഥുറാം ഗോഡ്‌സെയെ തൂക്കിലേറ്റിയ നവംബര്‍ 15 ബലിദാന്‍ ദിവസമായി ആചരിക്കുന്നതുമൊക്കെ ഗാന്ധിജിയെ തമസ്‌കരിക്കുന്നതിന്റെ ഭാഗമാണ്. ഗോഡ്‌സെക്ക് ക്ഷേത്രം പണിയണമെന്ന ആവശ്യവും ഈ ഭരണത്തില്‍ തന്നെ സാക്ഷാത്ക്കരിക്കപ്പെടുമെന്ന് കരുതേണ്ടിയിരിക്കുന്നു.
വൃത്തിയും ശുദ്ധിയുമാണ് സ്വാതന്ത്ര്യത്തേക്കാള്‍ അഭികാമ്യമെന്ന് പറഞ്ഞ ഗാന്ധിയന്‍ ദര്‍ശനം അപഹരിച്ചു തന്നെയാണ് മോദി സര്‍ക്കാര്‍ സ്വച്ഛ് ഭാരത് പദ്ധതിക്ക് തുടക്കമിട്ടത്. എന്നാല്‍ ഗാന്ധിക്കു പകരം അതിന്റെ സന്ദേശവാഹകനാകുന്നത് നരേദന്ദ്ര മോദിയാണ്. ഗാന്ധി ചിത്രത്തെ ജനങ്ങളുടെ മനസ്സില്‍ നിന്ന് മായ്ച്ച് പകരം മോദിയെ പ്രതിഷ്ഠിക്കാനുള്ള തന്ത്രപരമായ നീക്കമാണ് ഇതെല്ലാം. മാത്രമല്ല അത് രാജ്യവ്യാപകമായി ആഘോഷിക്കാനവര്‍ കണ്ടെത്തിയത് ഗാന്ധിയുടെ ജന്മദിനമായിരുന്നു. ഗാന്ധിജയന്തി ആഘോഷിച്ചവര്‍ ഇനി സ്വച്ഛ് ഭാരത് ആഘോഷിച്ചാല്‍ മതിയെന്ന പരോക്ഷ കല്‍പനയും ഇതിനു പിന്നിലുണ്ട്. ഇതിലൂടെ ഗാന്ധിയുടെ ഓര്‍മ്മകളെ ജനമനസ്സുകളില്‍ നിന്നും രാജ്യ പൈതൃകങ്ങളില്‍ നിന്നും തമസ്‌കരിക്കാനുള്ള പാഴ്ശ്രമമാണ് നടത്തികൊണ്ടിരിക്കുന്നത്.
ഗാന്ധിജിയും ഗാന്ധിസവും ഉയര്‍ന്നുനില്‍ക്കുന്നിടത്തോളം കാലം നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യവും സംസ്‌കാരവും തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല. മതേതരത്വത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും വിജയപതാകകള്‍ പാറിക്കളിക്കും. അതു മനസിലാക്കിയാണ് ഗാന്ധിജിയെ ഇല്ലായ്മ ചെയ്യാന്‍ ചിലര്‍ ശ്രമിച്ചത്. ഗാന്ധിജിയുടെ ചിത്രങ്ങള്‍ പോലും അവരെ ഭയപ്പെടുത്തുന്നു. ഇതിനെതിരേ ഓരോ ഇന്ത്യക്കാരനും സ്വാതന്ത്ര്യസമരകാലത്തെ അര്‍പ്പണബോധത്തോടും രാജ്യസ്‌നേഹത്തോടുംകൂടി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ഫാസിസത്തിന്റെ നീരാളിക്കൈകളിലേക്ക് നാട് കൂപ്പുകുത്തുമ്പോഴും ചില വരട്ടുവാദങ്ങളുടെ പേരില്‍ പുറംതിരിഞ്ഞുനില്‍ക്കുന്ന പ്രസ്ഥാനങ്ങള്‍ രാജ്യം ചെന്നുപെട്ട അപകടാവസ്ഥയുടെ ഭീകരത മനസ്സിലാക്കേണ്ടതുണ്ട്. മതേതര വിശ്വാസികള്‍ ഒന്നിക്കുന്നതിലൂടെ മാത്രമേ ഛിദ്രശക്തികളെ ക്രിയാത്മകമായി നേരിടാനാകൂ. രാജ്യത്തെ മഹത്തായ മൂല്യങ്ങള്‍ നശിപ്പിക്കുന്ന ശക്തികള്‍ക്കെതിരെ പോരാടാന്‍ ഗാന്ധിയുടെ പോരാട്ട വീര്യം ഓരോ ഇന്ത്യക്കാരനും കൈവരിക്കേണ്ടതുണ്ട്. അതിനു പ്രചോദനം നല്‍കുന്നതാവട്ടെ ഈ ദിനം.