കെ.എം മാണി എന്നാല്‍ കെ.എം മാണി മാത്രം. പാലാ കരിങ്ങോഴക്കല്‍ മാണി എണ്‍പത്താറാം വയസ്സില്‍ തനിക്കെന്നുമേറ്റം പ്രിയപ്പെട്ട സഹപ്രവര്‍ത്തകരോടും കുടുംബത്തോടും വിട ചോദിച്ചിരിക്കുന്നു. ആഢ്യത്വവും അതിവിനയവും ജാടകളും തൊട്ടുതീണ്ടാത്ത, കര്‍ഷകന്റെയും സാധാരണക്കാരന്റെയും പാവങ്ങളുടെയും കരംകവര്‍ന്ന കറകളഞ്ഞ സേവനപടു. കേരളത്തെ മാത്രമല്ല, ഇന്ത്യന്‍ രാഷ്ട്രീയത്തെപോലും പലപ്പോഴും തന്നിലേക്ക് ആകര്‍ഷിപ്പിക്കുംവിധം നേതാക്കളുമായുള്ള ഇഴമുറിയാത്ത അടുപ്പവും വാക്ചാതുരിയും. കേരളം കണ്ട മികച്ച ധന-നിയമകാര്യ മന്ത്രിയും നേതാക്കളിലൊരാളും. 1965 മുതല്‍ നീണ്ട അഞ്ചര പതിറ്റാണ്ട് (13 തവണ) ഒരു മനുഷ്യന്‍ ഒരേ നിയമസഭാമണ്ഡലത്തില്‍നിന്ന് ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുക, അതില്‍ പലതും റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ. ലോകത്തുതന്നെ അത്യപൂര്‍വതയാണത്. 13 തവണ ബജറ്റ് അവതരിപ്പിച്ചു. അതിന് മാണിസാറിനെ പ്രാപ്തമാക്കിയത് അരികുവല്‍കരിക്കപ്പെട്ടവരോടുള്ള അദ്ദേഹത്തിന്റെ അണമുറിയാത്ത രാഗംതന്നെ.
മത്തായി മാഞ്ഞൂരാന്‍, ശ്രീകണ്ഠന്‍നായര്‍, ഫാ. വടക്കന്‍ മുതലായവര്‍ വിതച്ച് വിളയെടുക്കാനാകാതെ പോയ സാക്ഷര കേരളത്തിന്റെ രാഷ്ട്രീയ മണ്ണില്‍ കെ.എം മാണി ഏതാണ്ട് ഒറ്റയാള്‍ പോരാട്ടത്തിലൂടെയാണ് തന്റേതായ ഇടംപിടിച്ചത്. മാറിമറിയുന്ന കേരള രാഷ്ട്രീയ ഭൂമികയില്‍ കര്‍ഷകരുടെ നട്ടെല്ലായി കേരള കോണ്‍ഗ്രസിനെ പാര്‍ട്ടി ചിഹ്നമായ രണ്ടില പോലെ എന്നെന്നും ഹരിതാഭമാക്കി നിര്‍ത്തി. അതിന് സഹായകമായത് അനാരോഗ്യത്തിനും പ്രായത്തിനും ശത്രുക്കള്‍ക്കും തളര്‍ക്കാനാകാത്ത കര്‍മകുശലതയും കൂര്‍മബുദ്ധിയുംതന്നെ. കേരളത്തിന്റെ ചരിത്രരചന നടത്തുന്നവര്‍ക്കാര്‍ക്കും ഒഴിച്ചുകൂടാന്‍ കഴിയാത്തത്ര വ്യാപ്തിയും അഗാധവുമാണ് കെ.എം മാണിയുടെ കര്‍മരംഗം. കോട്ടയംജില്ലയിലെ പാലായില്‍ ജനിച്ച് പാലാക്കാരനായി നിറഞ്ഞുനില്‍ക്കുമ്പോള്‍തന്നെ കേരളത്തിലും രാജ്യതലസ്ഥാനത്തും അനുനായികളുടെയും നേതാക്കളുടെയും ‘മാണിസാര്‍’ എന്നെന്നും തിളങ്ങിനിന്നു. കെ.എം മാണി എന്നത് രേഖകളില്‍ മാത്രമായ നാമമായി. പാലാപട്ടണത്തിലെ ആ വീട്ടിലേക്ക് കടന്നുചെല്ലാന്‍ കേരളകോണ്‍ഗ്രസുകാരന്‍ എന്ന ലേബല്‍ വേണ്ടായിരുന്നു. പാലായിലെ ഓരോ തെരുവുകള്‍ക്കും മാണിസാറിനെ പരിചയമുണ്ട്, പണ്ഡിതനും പാമരനും. അതിന്റെ ദൃഷ്ടാന്തമാണ് അദ്ദേഹത്തിന്റെ സ്വന്തമായ അധ്വാന വര്‍ഗ സിദ്ധാന്തവും കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍പദ്ധതിയും പാവപ്പെട്ട രോഗികള്‍ക്കുള്ള കാരുണ്യ ലോട്ടറിയും. പാലായെ ക്ഷീരപുരിയെന്ന് അഭിസംബോധനചെയ്യുന്ന കവിതയില്‍ കെ.എം മാണിയെക്കുറിച്ച് മഹാകവി പാലാ നാരായണന്‍നായര്‍ കുറിച്ചിട്ടതിങ്ങനെ:
‘ജന്മം നല്‍കിയ നാടിനെപ്പരിചരിച്ചന്വര്‍ത്ഥമാക്കി ഭവല്‍-
കര്‍മം ക്ഷീരപുരിക്ക് നാഗസുകൃതം കൈവന്നു തേജോമയം’.
ഒരു പൊതുപ്രവര്‍ത്തകന് ഒരു മഹാകവിയില്‍നിന്ന് ഇതിലപ്പുറം എന്ത് അഭിനന്ദനമാണ് ലഭിക്കാനുള്ളത്. മലയാളികളുടെ പൊതുവായ പ്രശംസാവാചകങ്ങള്‍തന്നെയാണവ. മാണിസാറിനെപോലെ പൊതുപ്രവര്‍ത്തനത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കാന്‍ ഭാഗ്യം സിദ്ധിച്ച ആദ്യവ്യക്തി. കേരള കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് രൂപം കൊടുത്തവര്‍ കെ.എം മാണിയുടെ മുന്‍ഗാമികളായ കെ.എം ജോര്‍ജും പി.ടി ചാക്കോയുമൊക്കെയാണെങ്കിലും ആ പ്രസ്ഥാനത്തെ നിര്‍ണായക ശക്തിയാക്കിയവരില്‍ മുഖ്യന്‍ മാണിസാറാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. പല തവണ പിരിഞ്ഞും യോജിച്ചും കേരള രാഷ്ട്രീയത്തിലെ ഇരുമുന്നണികളിലുമായി നിലനിന്നെങ്കിലും അധിക കാലവും സ്വന്തം നേതൃത്വത്തിലെ പ്രബല വിഭാഗം നിലയുറപ്പിച്ചതും കേരളരാഷ്ട്രീയത്തെ ജനാധിപത്യ ചേരിയില്‍ ഉറപ്പിച്ചുനിര്‍ത്തിയതും കെ.എം മാണി തന്നെയായിരുന്നു. അദ്ദേഹത്തിന്റെ സംഭാവന ഐക്യജനാധിപത്യ മുന്നണിക്ക് പലപ്പോഴും ചുടുകാറ്റിനിടയിലെ തെളിനീരായി മാറി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും മുസ്‌ലിംലീഗും ഉള്‍പ്പെടുന്ന മുന്നണിയുടെ രൂപീകരണത്തിന് മുഖ്യപങ്കുവഹിച്ചവരിലൊരാളായിരുന്നു അദ്ദേഹം. പാര്‍ട്ടിയിലെ രണ്ടാമന്മാര്‍ പലപ്പോഴും താനുമായി ഇടഞ്ഞ് പാര്‍ട്ടിയും മുന്നണിയും വിട്ടകന്നപ്പോഴും ഉള്ളില്‍ നീറുന്ന നോവുമായിതന്നെ അവരുമായി ഉടയാത്ത വാല്‍സല്യവും സ്‌നേഹവും കാത്തുസൂക്ഷിച്ചു. സി.എച്ച് മുഹമ്മദ്‌കോയ, സി.അച്യുതമേനോന്‍, ഇ.കെ നായനാര്‍, കെ.കരുണാകരന്‍ തുടങ്ങിയ തലമുതിര്‍ന്ന നേതാക്കളുമായും വ്യക്തിപരമായി നല്ലബന്ധമാണ് പുലര്‍ത്തിയത്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ ആദര്‍ശങ്ങളുമായി യോജിക്കാത്തപ്പോഴും പ്രത്യക്ഷമായി കെ.എം മാണിയുമായുള്ള സൗഹൃദത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗപ്പെടുത്താന്‍ ഇടതുപക്ഷം സന്നദ്ധതകാട്ടിയത്.
ഏറ്റവും കൂടുതല്‍ തവണ ബജറ്റവതരിപ്പിച്ച റെക്കോര്‍ഡിനുടമയായ കെ.എം മാണി. നിയമസഭയിലേക്ക് തന്റെ വിഖ്യാതമായ സ്യൂട്ട്‌കെയ്‌സുമായി കയറിവരുന്ന ചിത്രം മലയാളിയുടെ സ്മരണകളില്‍ ഇന്നുമുണ്ടാകും.മന്ത്രിയെന്ന നിലയില്‍ വിവിധ ആവശ്യങ്ങളുമായി തന്നെ കാണാന്‍ വരുന്നവരോട് സൗമ്യമായാണ് അദ്ദേഹം ഇടപെട്ടത്. സാഹിത്യ അക്കാദമി അധ്യക്ഷനെന്ന നിലയില്‍ പണത്തിന്‌വേണ്ടി ധനകാര്യ മന്ത്രിയായിരുന്ന മാണിയെ സമീപിച്ചപ്പോള്‍ സാമ്പത്തിക പ്രതിസന്ധിക്കിടയിലും തടസ്സവാദങ്ങള്‍ പറയാതെ തുക അനുവദിച്ചത് ജ്ഞാനപീഠം ജേതാവ് തകഴി ഓര്‍ക്കുകയുണ്ടായിട്ടുണ്ട്. ജനക്ഷേമകരമായ പദ്ധതികള്‍ക്കായി മറ്റു മന്ത്രിമാരും ജനപ്രതിനിധികളും സമീപിക്കുമ്പോഴും മികച്ച ധനകാര്യ മാനേജര്‍ എന്ന വിശേഷണം നിലനിര്‍ത്തിക്കൊണ്ടുതന്നെ ജനകീയനായ നേതാവെന്ന പദവിയില്‍ അദ്ദേഹം സൗമ്യ മനസ്‌കനായി. ചുകപ്പുനാടയില്‍ കുരുക്കിയിട്ട് പദ്ധതികളെ തടസ്സപ്പെടുത്തുന്ന ശൈലിയായിരുന്നില്ല അദ്ദേഹത്തിന്റേത്. ആ മഹാന്റെ വിയോഗത്തില്‍ ദു:ഖാര്‍ത്തരായ എല്ലാ മനുഷ്യസ്‌നേഹികള്‍ക്കുമൊപ്പം ഞങ്ങളും പങ്കുചേരുന്നു.