പ്രളയക്കെടുതിയില്‍പെട്ട് നട്ടംതിരിയുന്ന കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ കാട്ടുന്ന ചിറ്റമ്മനയം ഭരണഘടനാപരമായും ധാര്‍മികമായും അക്ഷന്തവ്യമായ അപരാധമാണ്. മുന്നൂറോളം ആളുകളുടെ മരണത്തിനും കോടിക്കണക്കിന് രൂപയുടെ അര്‍ത്ഥനാശത്തിനും ഇടയാക്കിയ രണ്ടാഴ്ചയോളം നീണ്ട പ്രളയക്കെടുതിയുടെ ബാക്കിപത്രം സര്‍ക്കാറുകളുടെ ഭാഗത്തുനിന്നുള്ള അവഗണനയെന്ന് വരുന്നത് ജനതയെ സംബസിച്ച് അതിലും വലിയ ദുരന്തം വേറെയില്ല. പത്തൊന്‍പതിനായിരം കോടിയുടെ നാശ നഷ്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനകം വഹിക്കാമെന്നേറ്റിരിക്കുന്നത് വെറും 600 കോടി രൂപയുടെ ബാധ്യത മാത്രമാണ്. പ്രളയക്കെടുതി മൂലമുണ്ടായ നഷ്ടം പ്രാഥമിക കണക്കുകളേക്കാള്‍ വളരെ വലുതായിരിക്കുമെന്നാണ് ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. കേന്ദ്രം എണ്‍പതിനായിരം ടണ്‍ അരി അനുവദിച്ചെങ്കിലും അതിന് പണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കയാണ്. അതിനിടെ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ട 12000 കിലോ ലിറ്റര്‍ സൗജന്യ മണ്ണെണ്ണക്ക് ലിറ്ററിന് 70 രൂപ നിരക്കില്‍ വില നല്‍കണമെന്നാണ് കേന്ദ്ര ഭക്ഷ്യമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. 85 കോടി രൂപ ഇതിലേക്ക് കേരളം കണ്ടെത്തണം. ദുരന്തമുഖത്ത് നില്‍ക്കുന്ന സംസ്ഥാനത്തെ സംബന്ധിച്ച് ഈ തുക വലുതാണ്. മാത്രമല്ല പ്രളയത്തിന് ശേഷം സംസ്ഥാനത്തെ ജനങ്ങളുടെ ദുരിതം അകറ്റുന്നതിനും തകര്‍ന്ന് തരിപ്പണമായിക്കിടക്കുന്ന സമ്പദ് വ്യവസ്ഥയെ പുനരുദ്ധികരിക്കുന്നതിനും പെടാപാട്‌പെടുന്ന സംസ്ഥനത്തിന് ഇതൊരു ഇരുട്ടടി തന്നെയാണ്. ഇന്ത്യയെന്നാല്‍ കേന്ദ്രവും കേന്ദ്ര ഭരണകക്ഷി ഭരിക്കുന്ന സംസ്ഥാനങ്ങളുമാണെന്ന ധാരണയാണ് മേല്‍നടപടിക്ക് കേന്ദ്രത്തിലെ മോദി സര്‍ക്കാരിനെ പ്രേരിപ്പിച്ചിട്ടുണ്ടാകുക. ഇത് ശുദ്ധ അസംബന്ധമല്ലാതെ മറ്റെന്താണ്? കഴിഞ്ഞ നാലു വര്‍ഷത്തിലധികമായി കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ കാട്ടിക്കൊണ്ടിരിക്കുന്ന അവഗണനയുടെയും അലിഖിതമായ ഉപരോധത്തിന്റെയും ഭാഗമായി വേണം മണ്ണെണ്ണയുടെയും അരിയുടെയും കാര്യത്തിലുള്ള നടപടിയെയും കാണാന്‍.
കേന്ദ്ര സര്‍ക്കാരിലെ പെട്രോളിയം, ഭക്ഷ്യ മന്ത്രാലയങ്ങളുടെ തീരുമാനം തീര്‍ച്ചയായും പ്രധാനമന്ത്രിയും ബി.ജെ.പി നേതൃ ത്വവും അറിഞ്ഞുകൊണ്ടുള്ളതാവാനേ സാമാന്യമായി ചിന്തിച്ചാല്‍ തരമുള്ളൂ. സംസ്ഥാനത്തിനുള്ള 16.4 ലക്ഷം ടണ്‍ അരി മുമ്പുതന്നെ വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പ്രധാനമന്ത്രിയോട് കേരളത്തിലെ സര്‍വകക്ഷി സംഘം നേരിട്ട് ആവശ്യപ്പെട്ടിട്ടും അനുവദിക്കാന്‍ നരേന്ദ്ര മോദി സന്നദ്ധമായിരുന്നില്ല. റെയില്‍വെ വികസനം തുടങ്ങിയ ആവശ്യങ്ങളിലും കേന്ദ്രം അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചുവരുന്നത്. ഇതിനിടയിലാണ് നൂറ്റാണ്ടിലെ വലിയ പ്രളയത്തെ കേരളത്തിന് അഭിമുഖീകരിക്കേണ്ടി വന്നത്.
കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിന് യു.എ.ഇ ഭരണകൂടം അനുവദിക്കാമെന്ന് ഉറപ്പ് നല്‍കിയ 700 കോടി രൂപ പോലും ഇടുങ്ങിയ കക്ഷി രാഷ്ട്രീയത്തിന്റെ കണ്ണുകൊണ്ട് കണ്ട് വിവാദമാക്കി ലഭിക്കാതാക്കാനാണ് കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ ശ്രമിച്ചത്. വലിയ തോതിലുള്ള പരിഗണന ആവശ്യമുള്ള ഇത്തരമൊരു ദുരന്തവുമായി ബന്ധപ്പെട്ട് കേവല സാമ്പത്തിക വീക്ഷണത്തിലല്ല കാര്യങ്ങള്‍ കാണേണ്ടത്. ഇവിടെ മാനുഷിക പരിഗണനയാണ് വേണ്ടത്. വികസിത രാജ്യമായ ജപ്പാനില്‍ 2011ല്‍ ഭൂകമ്പമുണ്ടായപ്പോള്‍ 179 രാജ്യങ്ങളാണ് സഹായമെത്തിച്ചത്. വിവിധ വിഷയങ്ങളില്‍ തങ്ങളുമായി സ്ഥിരം ഏറ്റുമുട്ടുന്ന ചൈനയില്‍ നിന്നടക്കം ഇവര്‍ സഹായം സ്വീകരിച്ചു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ചൈനയേക്കാള്‍ വലിയ സാമ്പത്തിക ശക്തിയും ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയുമായിരുന്നു ജപ്പാന്‍. തായ്‌ലന്റ് അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ജപ്പാന്‍ സഹായം വാങ്ങി. ഏഴ് മില്യണ്‍ ഡോളറാണ് തായ്‌ലന്റ് ജപ്പാന് നല്‍കിയത്. ജപ്പാന്റെ ആളോഹരി വരുമാനത്തിന്റെ 11.4 മാത്രമാണ് തായ്‌ലന്റിന്റെ ആളോഹരി വരുമാനം. 2005ലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നിയമത്തിന്റെ 11ാം വകുപ്പ് ഇന്ത്യയിലെ ദുരന്തനിവാരണത്തിന് ഒരു ദേശീയനയം രൂപവത്കരിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ നയത്തിന്റെ ഖണ്ഡിക 9.2ല്‍ വ്യക്തമായി പറയുന്നു: ‘പ്രകൃതിദുരന്തമുണ്ടാകുമ്പോള്‍ ഒരു നയമെന്ന നിലയില്‍, ഇന്ത്യ ഗവണ്‍മെന്റ് വിദേശ സഹായത്തിന് അഭ്യര്‍ഥന പുറപ്പെടുവിക്കുകയില്ല. എന്നാല്‍, മറ്റൊരു ദേശത്തെ ഗവണ്‍മെന്റ് നമ്മുടെ നാട്ടിലെ ദുരന്തബാധിതരോടുള്ള ഐക്യദാര്‍ഢ്യപ്രകടനം എന്ന നിലയില്‍ സ്വമേധയാ സഹായം വാഗ്ദാനം ചെയ്യുകയാണെങ്കില്‍ കേന്ദ്ര സര്‍ക്കാറിന് ആ വാഗ്ദാനം സ്വീകരിക്കാം.’ യു.എ.ഇ ഗവണ്‍മെന്റിന്റെ വാഗ്ദാനം ഇന്ത്യയുടെ അപേക്ഷയുടെ അടിസ്ഥാനത്തിലല്ല, അത് അകൈതവമായ ഒരു സഹാനുഭൂതിപ്രകടനമാണ്. അതിനാല്‍ സ്വന്തം പ്രഖ്യാപിത നയമെന്ന നിലക്കുതന്നെ ഇന്ത്യന്‍ ഭരണകൂടത്തിന് ആ തുക സ്വീകരിക്കാം. ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ആഗസ്റ്റ് 19ന് അഞ്ചു ദശലക്ഷം ഡോളറിന്റെയും മാലദ്വീപ് 35 ലക്ഷം രൂപയുടെയും സഹായം പ്രഖ്യാപിച്ചു. ഈ വാഗ്ദാനങ്ങള്‍ക്കും ഇതേ വിധിയാണുണ്ടായത്. വിദേശത്തുള്ള ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളോട് സഹായവാഗ്ദാനം തിരിച്ചുനല്‍കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നു. തായ്‌ലന്റും സഹായം നല്‍കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതാണ്.
എന്നാല്‍ പ്രളയക്കെടുതിയലമര്‍ന്ന കേരളത്തെ സഹായിക്കുന്നതിന് അമാന്തം കാണിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ 1,14,000 കോടിയുടെ കോര്‍പറേറ്റ് കടമാണ് എഴുതിത്തള്ളിയത്. 9,000 കോടിയുംകൊണ്ട് മല്യ മുങ്ങി. 11,300 കോടിയുമായി നിരവ് മോദി നാടുകടന്നു. 3000 കോടി കൊണ്ട് ശിവജി പ്രതിമയും 3500 കോടികൊണ്ട് പട്ടേല്‍ പ്രതിമയും. 3755 കോടിയാണ് പരസ്യത്തിന് ചെലവാക്കിയത്. 4500 കോടി മുടക്കി മിസൈല്‍ പ്രൂഫ് വിമാനം വാങ്ങുന്നു. 7965 കോടി നോട്ട് നിരോധനം കൊണ്ട് നഷ്ടമായെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തന്നെ സമ്മതിച്ചു. സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ 70 ലക്ഷം കോടി നിക്ഷേപം ഉണ്ടെന്നറിഞ്ഞിട്ടും ഇതുവരെ ചെറുവിരല്‍ അനക്കിയില്ല. കര്‍ഷകരുടേതല്ല, മറിച്ച് കോര്‍പറേറ്റ് ഭീമന്മാരുടെ കടം എഴുതിത്തള്ളല്‍ കാരണം 2461 കോടിയുടെ നഷ്ടം എസ്.ബി.ഐ രേഖപ്പെടുത്തി. ഇതേ എസ്.ബി.ഐയാണ് ഓസ്‌ട്രേലിയയിലെ മൈനിങ് പ്രോജക്ടിന് 6700 കോടി രൂപ അദാനിക്ക് ലോണ്‍ നല്‍കിയത്. ഓക്‌സിജന്‍ കിട്ടാതെ 200 കുഞ്ഞുങ്ങള്‍ മരിച്ച നാട്ടില്‍, ആധാറില്ലാത്തത്‌കൊണ്ട് റേഷന്‍ കിട്ടാതെ പെണ്‍കുട്ടി പട്ടിണി കിടന്നു മരിച്ച നാട്ടില്‍, സ്വന്തം മകളുടെ മൃതശരീരം തോളില്‍ ചുമന്ന് കാല്‍നടയായി പോകേണ്ടിവന്ന അച്ഛന്മാരുള്ള നാട്ടില്‍, കടം തിരിച്ചടക്കാന്‍ കഴിയാതെ ജപ്തി നേരിടുന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്ന നാട്ടിലാണ് ഈ തോന്ന്യാസം. പെട്രോള്‍, ഡീസല്‍ വില എങ്ങോട്ട് പോകുന്നു. 11300 കോടി മോഷ്ടിച്ചു ഒരാള്‍ സ്വിറ്റ്‌സര്‍ലന്റില്‍ സ്വസ്ഥമായി കഴിയുന്നു. 5300 കോടി കട്ട മറ്റൊരാള്‍ ഇംഗ്ലണ്ടില്‍ സുരക്ഷിതന്‍. ആധാര്‍ ലിങ്ക് ചെയ്തില്ലെന്നു പറഞ്ഞു വെറും ആയിരം രൂപ ബാലന്‍സുള്ള എക്കൗണ്ട് ബ്ലോക്കാക്കുന്നു. മിനിമം ബാലന്‍സ് ഇല്ല എന്ന് പറഞ്ഞു പിഴ അടയ്പ്പിക്കുന്നു. ഡിവൈഡ് ആന്റ് റൂള്‍ എന്ന ബ്രിട്ടീഷുകാരന്റെ അതേ തന്ത്രം വിനിയോഗിച്ച് കോര്‍പറേറ്റുകള്‍ക്കു വേണ്ടി പാവപ്പെട്ട ജനങ്ങളുടെ പൊതു ഖജനാവ് കൊള്ളയടിക്കുന്നവര്‍ മുന്‍കാലചരിത്രം ഓര്‍ക്കുന്നത് നന്നാകും.