കേരളത്തില്‍ ഒന്‍പതു ശതമാനം പേരില്‍ സാധാരണ മാനസിക രോഗം ഉള്ളതായാണ് പുതിയ സര്‍വേ കണ്ടെത്തിയിരിക്കുന്നത്. അഞ്ചുവര്‍ഷം മുമ്പ് 5.86 ശതമാനം മലയാളികളിലാണ് ഇത്തരം മാനസിക രോഗ ബാധ കണ്ടതെങ്കില്‍ ഇപ്പോഴതില്‍ ഏതാണ്ട് മുപ്പത് ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. സാധാരണ മാനസിക പ്രശ്‌നങ്ങള്‍ (സി.എം.ഡി) എന്ന പട്ടികയിലാണ് ഇവയെ ഉള്‍പെടുത്തിയിരിക്കുന്നത്. മുതിര്‍ന്നവരില്‍ മാത്രം 12.43 ശതമാനം പേര്‍ക്ക് മാനസിക രോഗം ഉള്ളതായാണ് സര്‍വേ വെളിപ്പെടുത്തിയിരിക്കുന്നത്.

 

ദേശീയ ശരാശരി മൂന്നു ശതമാനത്തില്‍ താഴെയായിരിക്കുമ്പോഴാണിതെന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം ഞെട്ടിക്കുന്ന വസ്തുതയാണ്. സര്‍ക്കാരിന് അടിയന്തിരമായി ഇടപെടേണ്ടതും.കൊല്ലം, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ 45,886 കുടുംബങ്ങളിലായി 1,92,980 പേരില്‍ നടത്തിയ പഠനത്തിലാണ് ഈ വിവരം കണ്ടെത്തിയതെന്ന് ആരോഗ്യ വകുപ്പുമന്ത്രി കെ.കെ ശൈലജ കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയുണ്ടായി. രോഗികളില്‍ തുടര്‍ ചികില്‍സ ലഭിക്കുന്നത് 55.9 ശതമാനത്തിന് മാത്രമാണ്. 18 വയസ്സിന് താഴെയുള്ളവരില്‍ 3.79 ശതമാനം പേരും മദ്യത്തിന് അടിമകളാണെന്നും പഠനം പറയുന്നു.

 

ഇടുക്കിയാണ് ഇതില്‍ മുന്നില്‍. ദാരിദ്ര്യവും അവബോധക്കുറവുമാണ് മതിയായ ചികില്‍സ കിട്ടാതിരിക്കാന്‍ കാരണമത്രെ. ജീവിത കാലം മുഴുവനും മാനസിക രോഗത്തിന് അടിമകളായവര്‍ സംസ്ഥാനത്ത് 0.77 ശതമാനമാണ്. ഭ്രാന്ത് (സ്‌കീസോഫ്രീനിയ) 0.29 ശതമാനം പേര്‍ക്കും സംശയ രോഗം 0.37 ശതമാനം പേര്‍ക്കും ഉണ്ട്. മറവി രോഗവും അനുബന്ധ രോഗങ്ങളും അറുപത് കഴിഞ്ഞവരില്‍ 10.48 ശതമാനമാണ്. ആരോഗ്യ വകുപ്പിനു കീഴിലെ വര്‍ക്കര്‍മാരാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. സംസ്ഥാന മാനസികാരോഗ്യ അതോറിറ്റി പഠനത്തിന് നേതൃത്വം നല്‍കി. പഠനത്തിലെ പരിമിതികള്‍ പരിഗണിക്കുമ്പോള്‍ വിവരങ്ങള്‍ യഥാര്‍ഥത്തിലുള്ളതിനേക്കാള്‍ കുറവായിരിക്കുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

 
ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യമാണ് ഒരു വ്യക്തിയുടെ ആരോഗ്യമെന്നതുകൊണ്ട് വിവക്ഷിക്കുന്നത്. പല കാരണങ്ങളാല്‍ രോഗത്തിനടിപ്പെടുന്നവര്‍ കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും തിരസ്‌കരിക്കപ്പെടുന്നു. 1993 ലാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം സംസ്ഥാനം മാനസികാരോഗ്യ അതോറിറ്റിക്ക് രൂപം നല്‍കിയത്. 2012ല്‍ കേരളം മാനസികാരോഗ്യം സംബന്ധിച്ച നിയമങ്ങള്‍ ഉണ്ടാക്കി. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് 2013ല്‍ മാനസികാരോഗ്യ നയത്തിനും രൂപം നല്‍കി. കേവലം ചികില്‍സ മാത്രമല്ല മാനസികാരോഗ്യ പരിപാലനം എന്നതുകൊണ്ടുദ്ദേശിക്കുന്നതെന്ന് നയത്തില്‍ എഴുതിവെച്ചിട്ടുണ്ട്. ഇതൊക്കെയായിട്ടും ഈ മേഖലയില്‍ പിറകോട്ടുപോകുകയാണെന്നാണ് മേല്‍വസ്തുതകള്‍ ചൂണ്ടിക്കാട്ടുന്നത്.

 
തകരുന്ന മനസ്സുകളുടെ പ്രതിഫലനമാണ് കുറ്റകൃത്യം സംബന്ധിച്ച കണക്ക്. കേരളത്തില്‍ മദ്യപാനവും ആത്മഹത്യാനിരക്കും കുറ്റകൃത്യങ്ങളും താരതമ്യേന വര്‍ധിച്ചതാണെന്ന് വിവിധ റിപ്പോര്‍ട്ടുകളും പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളത്തിലെ ആത്മഹത്യാനിരക്ക് ദേശീയ ശരാശരിയുടെ ഇരട്ടിയിലും അധികമാണ്. 2014ല്‍ കേരളത്തില്‍ ലക്ഷത്തിന് 24.9 ഉം ഇന്ത്യയില്‍ പത്തും . 1991ല്‍ ഇത് 28.9 ആയിരുന്നുവെന്നത് ആശ്വസിക്കാവുന്നതാണെങ്കിലും. മലപ്പുറമാണ് രാജ്യത്തുതന്നെ ഏറ്റവും കുറവ് ആത്മഹത്യയുള്ള ജില്ല (ലക്ഷത്തിന് 8.3) എന്നത് ചില സൂചകങ്ങള്‍ നല്‍കുന്നു.

 

2015ലെ ദേശീയ കുറ്റാന്വേഷണ ബ്യൂറോ (എന്‍.സി.ആര്‍.ബി) യുടെ കണക്കുപ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യം നടന്ന ജില്ല കൊല്ലമാണ്. 13257 കുറ്റകൃത്യമാണ് ഈ ജില്ലയില്‍ കഴിഞ്ഞ വര്‍ഷം അരങ്ങേറിയത്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത മഹാനഗരങ്ങളെപോലും കവച്ചുവെക്കുകയായിരുന്നു കൊല്ലം.ഉയര്‍ന്ന വിദ്യാഭ്യാസ-ജീവിത നിലവാരവും ആരോഗ്യ ക്ഷേമ രംഗത്തെ നേട്ടങ്ങളുമൊന്നും കേരളീയരുടെ മാനസികാരോഗ്യനിലയെ അനുകൂലമായി സ്വാധീനിച്ചിട്ടില്ലെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.

 

പണം സമ്പാദിക്കുകയും ചെലവഴിക്കുകയും ചെയ്യുമ്പോഴും മലയാളി മനസ്സ് തീക്കനലിലാണെന്നാണ് മേല്‍പഠനഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. യൂറോപ്പിന് തക്ക ജീവിത നിലവാരം കൈവരിച്ചപ്പോള്‍ തന്നെ മാനസികോല്ലാസപരമായ കാര്യങ്ങള്‍ക്ക് നാം വേണ്ടത്ര സമയം കണ്ടെത്തുന്നില്ല എന്നത് പലരും ചൂണ്ടിക്കാട്ടാറുണ്ട്. ഒരു വിനോദ സഞ്ചാരം വഴി കിട്ടുന്ന ഉല്ലാസത്തേക്കാള്‍ മലയാളി പെട്ടെന്ന് ചെല്ലുക മാനസിക രോഗ വിദഗ്ധരുടെ അടുത്തേക്കാണ്.

 

സംസ്ഥാന തലത്തില്‍ ഉയര്‍ന്ന റാങ്ക് നേടുന്ന കുട്ടികളില്‍ പലരും ദേശീയ തലത്തില്‍ പല മല്‍സര പരീക്ഷകളിലും പിന്നിലെത്തുകയോ പരാജയപ്പെടുകയോ ചെയ്യുന്നതിന്റെ കാരണവും മറ്റൊന്നല്ല. ലൈംഗികമായ അറിവ് മുമ്പുമുതല്‍ തന്നെ മതപാഠശാലകളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നുമൊക്കെ നമുക്ക് ലഭിച്ചിരുന്നതാണ്. എന്നാലിന്ന് രക്ഷിതാക്കളാലും അധ്യാപകരാലും കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ നിരവധി വരുന്നു. കുരുന്നുകളിലുണ്ടാകുന്ന ഇത്തരം മാനസികാഘാതങ്ങള്‍ പിന്നീട് അവരുടെ വളര്‍ച്ചയെയും വ്യക്തിത്വത്തെയും പ്രതികൂലമായി ബാധിക്കുന്നു. ഇവരാണ് മദ്യം, മയക്കുമരുന്ന് പോലുള്ള വിപത്തുകളില്‍ ചെന്ന് ചാടുന്നതും രക്ഷപ്പെടാന്‍ കഴിയാത്ത വിധം കുരുക്കിലാകുന്നതും.

 

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗിക അതിക്രമങ്ങളും ഇവിടെ താരതമ്യേന കൂടുതലാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ നമുക്ക് ആശ്രയിക്കേണ്ടിവന്നതുമൂലമുണ്ടാകുന്ന സാമൂഹിക പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാതെ പോകുന്നു. സ്ത്രീ ശാക്തീകരണവും സ്ത്രീകളുടെ വിദ്യാഭ്യാസവും ജോലിയും കാരണം അവരുടെ വിലപേശല്‍ ശേഷി വര്‍ധിച്ചപ്പോള്‍ യാഥാസ്ഥിതിക കുടുംബങ്ങളില്‍ കലഹങ്ങളും അരക്ഷിതാവസ്ഥയും വര്‍ധിച്ചു. ഭിന്നിച്ചുകഴിയുന്ന മാതാപിതാക്കളുടെ മക്കളില്‍ മാനസിക-പഠനവൈകല്യങ്ങള്‍ ഇന്ന് തുലോം കൂടുതലാണ്. കുട്ടികളുമായി കൗണ്‍സലര്‍മാരുടെയും മനോരോഗ വിദഗ്ധരുടെയും പക്കലെത്തുന്നവരുടെ എണ്ണം വര്‍ധിച്ചതില്‍ കൂട്ടുകുടുംബങ്ങളുടെ തകര്‍ച്ചയും കാരണമാണ്.

 

ആഗോളവത്കരണവും കൃഷിനാശവും അനുബന്ധ കാരണങ്ങള്‍. ആസ്പത്രികളുടെ എണ്ണം വര്‍ധിക്കുമ്പോഴും മാനസികാരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം സര്‍ക്കാര്‍ മേഖലയില്‍ പോലും കൂടുന്നില്ല. ഈ വിഷയത്തില്‍ പഠനത്തിനെത്തുന്നവരും കുറവാണ്. സ്‌കൂളുകളില്‍ കൗണ്‍സലിങ് സൗകര്യം ഏര്‍പെടുത്തണമെന്ന നിര്‍ദേശത്തിന് ഇന്നും സമ്പൂര്‍ണമായ പ്രതികരണം ലഭിച്ചിട്ടില്ല. രക്ഷിതാക്കളിലും കുട്ടികളിലും അധ്യാപകരിലും ഒരേ സമയം അവബോധം സൃഷ്ടിക്കാനുള്ള നടപടികളാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്.

 

കേരളത്തിന് ലഭിക്കുന്ന മാനസികാരോഗ്യം സംബന്ധിച്ച ഫണ്ടില്‍ പലപ്പോഴും പകുതിയോളവും ചെലവാക്കപ്പെടാതെ പോകുന്നുവെന്ന ആരോപണം നിലവിലുണ്ട്. 2005-2010ല്‍ ഇടതുമുന്നണി ഭരണകാലത്ത് കേന്ദ്രം ഇക്കാര്യത്തില്‍ അനുവദിച്ച 9.98 കോടിയില്‍ 4.07 കോടിയും ലാപ്‌സാകുകയായിരുന്നു. ഇതിനിടെയാണ് മദ്യനിരോധനത്തിന് കഴിഞ്ഞ സര്‍ക്കാറെടുത്ത ധീരോദാത്തമായ നടപടികളെ പൊളിച്ചടുക്കുന്ന നയം ഇപ്പോഴത്തെ ഇടതുസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.