ലണ്ടന്‍: ലോക ക്ലബ്ബ് ഫുട്‌ബോള്‍ പനിക്ക് ചൂടു പകര്‍ന്നുകൊണ്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പുതിയ സീസണ് ഇന്നു തുടക്കമാവും. ആദ്യ മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റിയും ആഴ്‌സണലും തമ്മില്‍ ഏറ്റുമുട്ടും.
ആഴ്‌സണലിനെതിരെയുള്ള വിജയ ദാഹത്തിന് ഇന്ന് അവസാനമാകുമെന്നാണ് ലെസ്റ്റര്‍ കോച്ച് ക്രെയ്ഗ് ഷേക്‌സ്പിയര്‍ പറയുന്നത്. 1983നു ശേഷം ലെസ്റ്ററിന് പ്രീമിയര്‍ ലീഗില്‍ ഗണ്ണേഴ്‌സിനെ തോല്‍പിക്കാനായിട്ടില്ല. ആഴ്‌സണലിന്റെ തട്ടകമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം മുഴുസമയ കോച്ചെന്ന നിലയില്‍ ഷേക്‌സ്പിയറിന്റെ ആദ്യ മത്സരം കൂടിയാണ്. പ്രീമിയര്‍ ലീഗ് ഏറ്റവും കടുപ്പമേറിയ മത്സരം നടക്കുന്ന ലീഗാണെന്നും ആഴ്‌സണല്‍ മികച്ച ടീമാണെന്നും പറഞ്ഞ ഷേക്‌സ്പിയര്‍ പുതിയ ചരിത്രം സൃഷ്ടിക്കാന്‍ തന്റെ ടീം പ്രാപ്തമാണെന്നും അഭിപ്രായപ്പെട്ടു. എഫ്.എ കപ്പും കമ്മ്യൂണിറ്റി ഷീല്‍ഡും നേടിയിട്ടുള്ള ആഴ്‌സണല്‍ കരുത്തരുടെ പട തന്നെയാണ് എങ്കിലും പുതിയ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ് വലിയ വെല്ലുവിളിയെന്നാണ് ഷേക്‌സ്പിയര്‍ പറയുന്നത്.
കഴിഞ്ഞ സീസണിന്റെ അവസാനത്തില്‍ ലെസ്റ്റര്‍ വിടാന്‍ താല്‍പര്യം പ്രകടിപ്പിച്ച മധ്യനിരക്കാരന്‍ റിയാദ് മെഹ്‌റസ് ഇന്നിറങ്ങുമെന്നാണ് കരുതുന്നത്. മെഹ്‌റസിന് വേണ്ടി ഇറ്റാലിയന്‍ ടീമായ എ.എസ് റോമ ഇപ്പോഴും വലയെറിയുന്നുണ്ട്. ഇതോടൊപ്പം ആഴ്‌സണല്‍ കോച്ച് ആഴ്‌സന്‍ വെംഗര്‍ക്കും മെഹറസിനെ ടീമിനൊപ്പം ചേര്‍ക്കാന്‍ ആഗ്രഹമുണ്ട്. ലെസ്റ്ററിന്റെ പുതുമുഖ താരങ്ങളായ കെലച്ചി ഇഹിയാനാച്ചോ, ഹാരി മാഗ്യുയിര്‍ എന്നിവര്‍ ഇന്ന് അരങ്ങേറ്റം കുറിച്ചേക്കും.
അതേ സമയം പരിക്കേറ്റ സാഞ്ചസൊഴികെ മുന്‍ നിര താരങ്ങളെ തന്നെ ഇന്ന് വെംഗര്‍ കളത്തിലിറക്കും. ലെസ്റ്ററിനെതിരായ അവസാന 10 ഹോം മത്സരങ്ങളിലും ആഴ്‌സണലിന് തന്നെയായിരുന്നു വിജയം. അതേ സമയം പ്രീമിയര്‍ ലീഗിലെ ആദ്യ ദിനത്തില്‍ കളിച്ച അവസാന ഏഴ് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ഗണ്ണേഴ്‌സ് ജയിച്ചിട്ടുള്ളത്.