Connect with us

Video Stories

മണ്ടത്തരങ്ങള്‍ കൈവിടാതെ സി.പി.എം

Published

on

രൂപീകരണകാലം തൊട്ടേ സി.പി.എമ്മിനുള്ളില്‍ ആശയപരമായ സംവാദങ്ങള്‍ സജീവമായിരുന്നു. ജ്യോതി ബസുവിനെപ്പോലുള്ള പ്രയോഗിക വാദികളും ഇ.എം.എസ് നമ്പൂതിരിപ്പാടിനെപ്പോലുള്ള സൈദ്ധാന്തിക ബുദ്ധിജീവികളും പാര്‍ട്ടിയുടെ രണ്ടു തട്ടിലായിരുന്നു. അതിന്റെ സ്‌ഫോടനാത്മകമായ പ്രതിഫലനമായിരുന്നു 1996 ലേത്. പ്രധാനമന്ത്രി സ്ഥാനം കൈവിട്ടുകളഞ്ഞ ഹിമാലയം അബദ്ധം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയെതന്നെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 96 ല്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയിലാണ് വിശാല ജനാധിപത്യ സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാന്‍ മുന്നോട്ട്‌വന്നത്. വി.പി സിങോ ജ്യോതി ബസുവോ പ്രധാനമന്ത്രിയാകും എന്നായിരുന്നു നിഗമനം. ചര്‍ച്ചകള്‍ പ്രധാനമായും വി.പി സിങിനെ ചുറ്റിപ്പറ്റിയായിരുന്നു. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കി രാജ്യത്തിന്റെ ജൈവിക ഘടന കീഴ്‌മേല്‍മറിച്ച സിങ് വീണ്ടും പ്രധാനമന്ത്രിയാകും എന്നായിരുന്നു വാര്‍ത്തകള്‍. പക്ഷേ അദ്ദേഹം ഒഴിഞ്ഞ് മാറിയതോടെ നറുക്ക് വീണത് ജ്യോതി ബസുവിനാണ്. ബസുവിന്റെ പേര് നിര്‍ദ്ദേശിച്ചതാവട്ടെ വി.പി സിങും. അതോടെ കോണ്‍ഗ്രസും പിന്തുണക്കാമെന്നായി. മുന്നണിയോഗം കഴിഞ്ഞു പുറത്ത്‌വന്ന മുലായംസിങ് ആ പ്രഖ്യാപനം നടത്തി. ‘രാജ്യത്തിന് ആദ്യ കമ്മ്യൂണിസ്റ്റ് പ്രധാനമന്ത്രിയെ ലഭിക്കാന്‍ പോകുന്നു’. പക്ഷെ അന്തിമ തീരുമാനം സി.പി.എം കേന്ദ്ര കമ്മറ്റിയുടേതായിരുന്നു. ഹര്‍കിഷന്‍ സിങ് സുര്‍ജിത്തും ഏതാനും അംഗങ്ങളും മാത്രമാണ് ബസു പ്രധാനമന്ത്രിയാകണം എന്ന് വാദിച്ചത്. പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയുമടക്കമുള്ള പാര്‍ട്ടിയിലെ ബുദ്ധിജീവികള്‍ ഈ വാദത്തെ ശക്തമായി എതിര്‍ത്തു. പാര്‍ട്ടിക്ക് സ്വന്തം ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാതെ അധികാരം വേണ്ടെന്ന നിലപാടായിരുന്നു ഇവര്‍ക്ക്. മുന്നണിയിലെ മറ്റു കക്ഷികള്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ദേവഗൗഡ പ്രധാനമന്ത്രിയായി. ഈ തീരുമാനത്തെയാണ് ജ്യോതി ബസു പിന്നീട് ‘ഹിസ്‌റ്റോറിക്കല്‍ ബ്ലണ്ടര്‍’ എന്ന് വിശേഷിപ്പിച്ചത്. നഷ്ടപ്പെട്ടത് എനിക്കായിരുന്നില്ല, എന്റെ പാര്‍ട്ടിക്കാണ് എന്ന് കൂടി അദ്ദേഹം പറഞ്ഞുവെച്ചു. ഒരുപക്ഷേ അന്ന് ബസു പ്രധാനമന്ത്രിയായിരുന്നെങ്കില്‍ ഇന്ന് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം മറ്റൊന്നാകുമായിരുന്നു. പാര്‍ട്ടിക്ക് ദേശീയ അടിത്തറ പടുത്തുയര്‍ത്താന്‍ കിട്ടിയ സുവര്‍ണ്ണാവസരമാണ് അന്ന് സ്റ്റാലിനിസ്റ്റ് കടുംപിടുത്തങ്ങളില്‍ തട്ടിക്കളഞ്ഞത്.
ഒരാള്‍ക്ക് രണ്ട് ടേം എന്ന പാര്‍ട്ടി ചട്ടത്തിന് വിരുദ്ധമായി മികച്ച പാര്‍ലമെന്റേറിയനും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കേണ്ട എന്ന സി.പി.എം കേന്ദ്ര കമ്മിറ്റി തീരുമാനം പാര്‍ട്ടിയുടെ ബൗദ്ധിക മണ്ഡലത്തില്‍ വെളിപ്പെടുന്ന ശൂന്യതയുടെ ആവര്‍ത്തിക്കപ്പെടുന്ന പ്രതിഫലനമാണ്. സഭാചട്ടങ്ങളുടെ എന്‍സൈക്ലോപീഡിയ എന്ന വിശേഷണം നേടിയ പി. രാജീവിനെ രാജ്യസഭയില്‍ നിന്ന് അകറ്റിയതും ഇതേ കാരണം പറഞ്ഞായിരുന്നു. അന്ന് പ്രതിപക്ഷ ഭരണപക്ഷ അംഗങ്ങള്‍ ഉള്‍പെട്ട സംഘം രാജീവ് എന്ന സമാജികന്റെ അനിവാര്യതയെക്കുറിച്ച് ഉണര്‍ത്തിയതാണ്. അപ്പോഴും പാര്‍ട്ടിക്ക് വലുത് പാര്‍ട്ടിയുടേതായ ചട്ടങ്ങളും കീഴ്‌വഴക്കങ്ങളുമായിരുന്നു. സൈദ്ധാന്തിക പിടിവാശിയുടെയും സങ്കുചിത രാഷ്ട്രീയത്തിന്റെയും പിടിയില്‍ അമര്‍ന്നിരിക്കുന്ന പാര്‍ട്ടി 96 ലെ ചരിത്രപരമായ മണ്ടത്തരത്തില്‍ നിന്ന് ഒന്നും ഉള്‍കൊണ്ടിട്ടില്ല. ബംഗാളിലും കേരളത്തിലുമൊക്കെ പാര്‍ട്ടി വളര്‍ന്നത് സൈദ്ധാന്തികതയെ ഗര്‍ഭം ധരിച്ചായിരുന്നില്ല. എ.കെ.ജിയെ പോലുള്ള പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താക്കളിലൂടെയായിരുന്നു. അവര്‍ വളര്‍ത്തിയെടുത്ത ജനകീയ ജനാധിപത്യ രീതികളിലൂടെയായിരുന്നു. ജ്യോതിബസു ബംഗാളില്‍ കാല്‍നൂറ്റാണ്ടോളം കാലം തുടര്‍ച്ചയായി ഭരിച്ചതും ബസു മുന്നോട്ട്‌വെച്ച പ്രായോഗിക രാഷ്ട്രീയത്തിന്റെ വിജയമായിരുന്നു. വിദേശ മൂലധനം വികസനത്തിന് അത്യാവശ്യമാണ് എന്ന തിരിച്ചറിവിലേക്ക് ബസു എന്നേ എത്തിയിരുന്നു. 80 കളുടെ തുടക്കത്തില്‍ തന്നെ ബസു ബംഗാളിന്റെ വികസനത്തിന് വിദേശ മൂലധനത്തെ ആശ്രയിച്ചു തുടങ്ങി. എന്നാല്‍ അതിന്റെ പേരില്‍ ബസുവിന് കേന്ദ്ര കമ്മിറ്റിയിലടക്കം വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. കേരളത്തിലും ബംഗാളിലും ത്രിപുരയിലും മാത്രം അധികാരമുള്ള പാര്‍ട്ടിക്ക് സോഷ്യലിസം നടപ്പില്‍ വരുത്തുക എളുപ്പമല്ല എന്ന് ബസു മനസ്സിലാക്കിയിരുന്നു. പക്ഷെ കേരളത്തിലെ പാര്‍ട്ടിക്ക് ഇത് തിരിച്ചറിയാന്‍ പിന്നെയും വര്‍ഷങ്ങളെടുത്തു. പാര്‍ട്ടിയിലെ ഉള്‍പാര്‍ട്ടി ജനാധിപത്യ മാതൃക ഭരണതലങ്ങളിലേക്ക് പകര്‍ത്തിയ ബസുവാണ് ഇന്ത്യയില്‍ ആദ്യമായി പഞ്ചായത്ത് രാജ് നടപ്പാക്കിയത്.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് ശേഷം യൂറോപ്പിലെ മിക്ക കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളും മുതലാളിത്വ രാഷ്ട്രീയ വ്യവസ്ഥിതിയിലേക്ക് വഴുതി വീഴുകയും തിരിച്ചുനടക്കാന്‍ കഴിയാത്തവിധം ആഗോളീകരണത്തിന്റെ പിടിയിലമരുകയുമായിരുന്നു. ചൈനയെപ്പോലുള്ള രാഷ്ട്രങ്ങള്‍ കമ്മ്യൂണിസത്തിന്റെ ഇരുമ്പുമറ ഉപയോഗിച്ച് മുതലാളിത്വം സമര്‍ത്ഥമായി നടപ്പാക്കുകയും ചെയ്തു. അപ്പോഴും ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഏറെക്കുറെ സോഷ്യലിസവും മുതലാളിത്വവും സമന്വയിപ്പിച്ച് മാതൃക സൃഷ്ടിച്ചു. അതുകൊണ്ടാണ് കേരളത്തിലും ബംഗാളിലുമൊക്കെ ഇടതുക്ഷ ഭരണകൂടങ്ങള്‍ക്ക് നിലനില്‍പുണ്ടായത്. ഭരണപരമായി പുതിയ ദിശയില്‍ സഞ്ചരിക്കുമ്പോഴും പാര്‍ട്ടിയില്‍ രൂപപ്പെട്ട ആശയ സംവാദങ്ങളും വിഭാഗീയതയും സംഘടനാപരമായ വീഴ്ചകളുമായിരുന്നു പാര്‍ട്ടിയെ പിന്നോട്ട് നയിച്ചത്. പാര്‍ട്ടിയിലെ പിളര്‍പ്പിന് ശേഷം സി.പി.എമ്മിന് വലിയ സ്വീകാര്യത ലഭിക്കുകയും മുന്‍നിര നേതാക്കന്മാരുടെ അഭാവം സി.പി.ഐയെ തളര്‍ത്തുകയും ചെയ്തു. കേരളത്തില്‍ ഏറ്റവും വലിയ പാര്‍ട്ടിയായി നിലകൊണ്ട സി.പി.എമ്മിന് എല്ലാകാലത്തും വിഭാഗീയത വലിയ വെല്ലുവിളിയായിരുന്നു. ഇ.എം.എസ്. നമ്പൂതിരിപ്പാട് മുതല്‍ വി.എസ് അച്യുതാനന്ദന്‍, ഇ.കെനായനാര്‍, കെ.ആര്‍ ഗൗരിയമ്മ, എം.വി രാഘവന്‍, പിണറായി വിജയന്‍ തുടങ്ങിയ പാര്‍ട്ടിയുടെ ഐക്കണ്‍ താരങ്ങളെല്ലാം പല കാലങ്ങളിലായി വിഭാഗീയതക്ക് നേതൃത്വം നല്‍കി. മുതിര്‍ന്ന നേതാക്കളായിരുന്ന കെ.ആര്‍ ഗൗരിയമ്മക്കും എം.വി രാഘവനുമൊക്കെ പുറത്തേക്കുള്ള വഴിതെളിയിച്ചതും വിഭാഗീയതയായിരുന്നു. കേന്ദ്ര കമ്മിറ്റിയിലും ഇതിന്റെ അനുരണന സംഭവങ്ങള്‍ അരങ്ങേറി. ബംഗാള്‍ ഘടകവും കേരള ഘടകവും പലപ്പോഴും രണ്ട് തട്ടിലായിരുന്നു. ഹര്‍കിഷന്‍ സിങ് സുര്‍ജിത്ത് പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെ വിഭാഗീയത കേന്ദ്ര കമ്മറ്റിയില്‍ വീണ്ടും സജീവമായി. കേരള ഘടകത്തിന്റെ നേതാവായി പ്രകാശ് കാരാട്ടും ബംഗാള്‍ ഘടകത്തെ സീതാറാം യെച്ചൂരിയും നയിച്ചു. യെച്ചൂരിക്ക് രാജ്യസഭയിലെത്താന്‍ കോണ്‍ഗ്രസ് പിന്തുണ നല്‍കിയിട്ടും അന്ധമായ വിരോധത്തിന്റെ പേരില്‍ യെച്ചൂരിയെ തള്ളിയതും ഈ വിഭാഗീതയുടെ ഫലമാണ്.
രാജ്യത്തെ 200 ജില്ലകളില്‍ സ്വാധീനം ഉണ്ടായിരുന്ന 60 ഓളം അംഗങ്ങളെ പാര്‍ലമെന്റിലേക്കയച്ച ഇടതുപക്ഷം ഇന്ന് പ്രാദേശിക പാര്‍ട്ടികളേക്കാള്‍ ദുര്‍ബലമായി പോയത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് ചികയാതെ തന്നെ ഉത്തരം തെളിയുന്നുണ്ട്. വിഭാഗീയതയും സ്റ്റാലിനിസ്റ്റ് സംഘടനാ രീതികളുമാണ് പാര്‍ട്ടിയുടെ വളര്‍ച്ചക്ക് കാര്യമായ തടസ്സം സൃഷ്ടിച്ചത്. മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലുമൊക്കെ സജീവമായിരുന്ന തെഴിലാളി യൂണിയനുകള്‍ക്ക് പിന്നീട് എന്ത് സംഭവിച്ചു എന്നത് ഇന്നുവരെ പാര്‍ട്ടി കോണ്‍ഗ്രസിലും പ്ലീനത്തിലുമൊന്നും ചര്‍ച്ചയായില്ല. ഏറ്റവും മികച്ച കേഡര്‍ സംവിധാനമുള്ള പാര്‍ട്ടിയായിട്ടുകൂടി സി.പി.എമ്മിന് ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനായിട്ടില്ല.
ഇടതുപാര്‍ട്ടികള്‍ക്ക് വിസ്മയിപ്പിക്കുന്ന വിജയം നല്‍കിയതായിരുന്നു 2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്. 59 സീറ്റുമായി ഏറ്റവും വലിയ മൂന്നാം കക്ഷിയായി മാറിയിട്ടും കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ ഭരണത്തില്‍ പങ്കുചേരാതെ പുറത്ത്‌നിന്ന് പിന്തുണക്കാനായിരുന്നു ഇടതുപാര്‍ട്ടികളുടെ തീരുമാനം. അധികാര രാഷ്ട്രീയത്തോട് അയിത്തം പുലര്‍ത്തിയത് മറ്റൊരു തരത്തില്‍ ജനാധിപത്യ വിരുദ്ധതയായും വ്യാഖ്യാനിക്കപ്പെട്ടു. ഭരണത്തില്‍ ഇടപെടാനുള്ള മറ്റൊരു സുവര്‍ണ്ണാവസരമാണ് അന്ന് പ്രകാശ് കാരാട്ടിന്റെ പിന്തിരിപ്പന്‍ വാദങ്ങളില്‍ നഷ്ടപ്പെടുത്തിയത്. ആണവ കരാറിലെ വ്യവസ്ഥകളോട് വിയോജിപ്പ് രേഖപ്പെടുത്തി പിന്തുണ പിന്‍വലിച്ചപ്പോള്‍ ലോക്‌സഭയിലെ ആദ്യ കമ്മ്യൂണിസ്റ്റ് സ്പീക്കറായ സോമനാഥ് ചാറ്റര്‍ജിയെ വരെ കൂടെ നിര്‍ത്താനുള്ള നയതന്ത്രജ്ഞത പാര്‍ട്ടിക്ക് കൈമോശം വന്നിരുന്നു. കാസ്റ്റിങ് വോട്ട് രേഖപ്പെടുത്തിയ സ്പീക്കറെ പുറത്താക്കിയതോടെ പാര്‍ട്ടിക്ക് നഷ്ടമായത് ബംഗാളിലെ ജനപ്രിയനായ മുതിര്‍ന്ന നേതാവിനെ. പിന്നീടങ്ങോട്ട് ബംഗാളിലെ പാര്‍ട്ടിയില്‍ തലമുതിര്‍ന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്കായിരുന്നു. പലരും പൊതു പ്രവര്‍ത്തനം തന്നെ അവസാനിപ്പിച്ചു. ഒരു കാലത്ത് ബംഗാളിലെ പാര്‍ട്ടിയുടെ ജനകീയ മുഖമായിരുന്ന അബ്ദുറസ്സാഖ് മൊല്ല അച്ചടക്ക നടപടിയില്‍ പുറത്തായതോടെ പാര്‍ട്ടിക്കെതിരെ മത്സരിക്കുക വരെ ചെയ്തു. ജ്യോതിബസുവിനെയും എ. കെ.ജിയെയും പോലുള്ള നേതൃത്വത്തിന്റെ അഭാവം പാര്‍ട്ടിയെ ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ നിന്ന് പിറകോട്ട് കൊണ്ട് പോയി.
സിംഗൂരും നന്ദിഗ്രാമുമായിരുന്നു ബംഗാളിലെ പാര്‍ട്ടിക്ക് അധികാരം നഷ്ടപ്പെടുത്തിയതെങ്കില്‍ തിരിച്ചുവരവ് അസാധ്യമാക്കിയത് സി.പി. എമ്മില്‍ രൂപപ്പെട്ട ആഭ്യന്തര പ്രതിസന്ധിയായിരുന്നു. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയെങ്കിലും നേട്ടമുണ്ടായത് കോണ്‍ഗ്രസിന് മാത്രമായിരുന്നു. അതോടെ സഖ്യത്തിന് വേണ്ടി വാദിച്ച ബംഗാള്‍ ഘടകവും യെച്ചൂരിയും കേന്ദ്ര കമ്മിറ്റിയില്‍ കൂടുതല്‍ ദുര്‍ബലമായി. എഴുപതുകളുടെ പകുതിയോടെ കമ്മ്യൂണിസ്റ്റ് കോട്ടയായി മാറിയ ബംഗാളില്‍ ഇന്ന് ഒരു രാജ്യസഭാ അംഗം പോലും ഇല്ലാത്ത നിസ്സാഹതയിലേക്ക് നയിച്ചത് വിഭാഗീയതയോ എന്നത് വലിയ ചോദ്യമായി അവശേഷിക്കുന്നുണ്ട്. ഇനിയും ഉപേക്ഷിക്കാത്ത വിഭാഗീയതയും സ്റ്റാലിനിസ്റ്റ് സംഘടനാ രീതിയുമായി പാര്‍ട്ടിക്ക് എത്രകാലം മുന്നോട്ട് പോകാന്‍ കഴിയുമെന്നത് കണ്ടറിയേണ്ടതാണ്.

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending