ലണ്ടന്‍: എമിറേറ്റ്‌സ് എഫ്.എ കപ്പില്‍ രാജകീയ ഫൈനലിന് കളമൊരുങ്ങി. ഇംഗ്ലീഷ് ഫുട്‌ബോളിലെ അതിശക്തരായ ചെല്‍സിയും ആഴ്‌സനലും മുഖാമുഖം. കഴിഞ്ഞ ദിവസം ചെല്‍സി ടോട്ടനത്തെ വ്യക്തമായ മാര്‍ജിനില്‍ തോല്‍പ്പിച്ചപ്പോള്‍ ഇന്നലെ രാത്രി അധിക സമയത്തേക്ക് ദീര്‍ഘിച്ച കടുത്ത പോരാട്ടത്തില്‍ ആഴ്‌സനല്‍ 2-1ന് മാഞ്ചസ്റ്റര്‍ സിറ്റിയെ കീഴടക്കി. പ്രതീക്ഷിച്ച വാശിയില്‍ തന്നെ നടന്ന അങ്കത്തില്‍ ആദ്യ അരക മണിക്കൂറഇല്‍ സെര്‍ജി അഗ്യൂറോ സിറ്റിയെ മുന്നിലെത്തിച്ചപ്പോള്‍ കോച്ച് ഗുര്‍ഡിയോളയുടെ മുഖമായിരുന്നു കാണേണ്ടിയിരുന്നത്. എന്നാല്‍ കളി അവസാനിക്കാന്‍ 20 മിനുട്ട് ശേഷിക്കെ നാച്ചോ മോണ്‍റിയല്‍ ഗണ്ണേഴ്‌സിനെ ഒപ്പമെത്തിച്ചു. അധികസമയത്തിന്റെ തുടക്കത്തില്‍ അലക്‌സി സാഞ്ചസ് ആഴ്‌സനലിനെ മാത്രമല്ല വെംബ്ലിയെയയും പുളകമണിയിച്ചു. തട്ടുതകര്‍പ്പന്‍ ഗോള്‍.

പ്രീമിയര്‍ ലീഗിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ ഏറ്റുമുട്ടിയ ആദ്യ സെമിയില്‍ ടോട്ടന്‍ഹാമിനെ രണ്ടിനെതിരെ നാല് ഗോളിനു തോല്‍പിച്ചാണ് ചെല്‍സി കലാശക്കളിക്ക് അര്‍ഹരായത്. മികച്ച രീതിയില്‍ കളി തുടങ്ങിയ ചെല്‍സി അഞ്ചാം മിനിറ്റില്‍ വില്ലിയന്റെ ഫ്രീകിക്ക് ഗോളിലൂടെ മുന്നില്‍ എത്തുകയും ചെയ്തു. എന്നാല്‍ ക്രിസ്റ്റ്യന്‍ എറിക്‌സിന്റെ പാസില്‍ നിന്ന് ഹാരി കെയ്ന്‍ 18-ാം മിനിറ്റില്‍ ടോട്ടന്‍ഹാമിനെ ഒപ്പമെത്തിച്ചു. 42ാം മിനിറ്റില്‍ വില്ല്യന്‍ വീണ്ടും ചെല്‍സിയുടെ രക്ഷക്കെത്തി. ഇത്തവണ വിക്ടര്‍ മോസസിനെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു വില്ലിയന്‍. രണ്ടാം പകുതിയില്‍ ടോട്ടന്‍ഹാം രണ്ടാം തവണയും സമനില കണ്ടെത്തി. എറിക്‌സന്റെ മനോഹരമായ പാസ് ഡലെ അല്ലി വലയില്‍ എത്തിക്കുകയായിരുന്നു. അപകടം മണത്ത കോന്റേ 60ാം മിനിറ്റില്‍ ഹസാര്‍ഡിനെയും ഡീഗോ കോസ്റ്റയെയും കളത്തില്‍ ഇറക്കി. 75ാം മിനിറ്റില്‍ ചെല്‍സിക്ക് ലഭിച്ച കോര്‍ണര്‍ കിക്ക് ക്ലിയര്‍ ചെയ്യുന്നതില്‍ ടോട്ടന്‍ഹാം താരങ്ങള്‍ക്ക് പിഴച്ചപ്പോള്‍ ബോക്‌സില്‍ മാര്‍ക് ചെയ്യപ്പെടാതെ നിന്ന ഹസാഡ് ചെല്‍സിയെ വീണ്ടും മുന്നിലെത്തിച്ചു. 3-2. പിന്നീട് 80ാം മിനിറ്റില്‍ ചെല്‍സി വിജയമുറപ്പിച്ച ഗോള്‍ നേടി. മത്സരത്തിലെ തന്നെ ഏറ്റവും മനോഹരരമായ ഗോളായിരുന്നു അത്. ഹസാര്‍ഡിന്റെ പാസ്സ് സ്വീകരിച്ച മാറ്റിച്ച് 30 വാര അകലെ നിന്ന് തൊടുത്ത ഉഗ്രന്‍ ഷോട്ട് ടോട്ടന്‍ഹാം വലയില്‍ പതിച്ചതോടെ അവര്‍ക്ക് തിരിച്ചു വരവ് അസാധ്യമാവുകയായിരുന്നു.