മുംബൈ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍മക്കളെ പീഡിപ്പിച്ച ഫാഷന്‍ ഡിസൈനര്‍ മുംബൈയില്‍ അറസ്റ്റില്‍. 17ഉം 13ഉം വയസുള്ള രണ്ട് പെണ്‍മക്കളെയാണ് 42 വയസുള്ള ഫാഷന്‍ ഡിസൈനര്‍ പീഡിപ്പിച്ചത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ വെച്ചാണ് അച്ഛന്‍ പീഡിപ്പിച്ചതെന്ന് 17 വയസുള്ള മകള്‍ മൊഴി നല്‍കി. ആ സമയത്ത് അമ്മ വീട്ടിലെ മറ്റൊരു മുറിയില്‍ ഉറങ്ങുകയായിരുന്നു എന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

പീഡനത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ സഹോദരനെ കൊല്ലുമെന്ന് അച്ഛന്‍ ഭീഷണിപ്പെടുത്തിയതിനാല്‍ ഭയംകൊണ്ടാണ് പീഡന വിവരം ആരോടും പറയാതിരുന്നതെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ നവംബറിലാണ് 13 വയസുള്ള രണ്ടാമത്തെ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചത്. സഹോദരിമാര്‍ ടി.വി കാണുമ്പോള്‍ രണ്ടാമത്തെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും മൂത്ത കുട്ടി പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇരുവരേയും ബലാല്‍സംഗം ചെയ്യുകയുമായിരുന്നു.

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് മൂത്ത പെണ്‍കുട്ടി അമ്മയോട് പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. അമ്മ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഫാഷന്‍ ഡിസൈനറെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.