ഖത്തര്‍: ഖത്തറില്‍ ലോകകപ്പ് നടത്തുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി ഫിഫ. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ലോകകപ്പ് ഖത്തറില്‍ തന്നെ നടക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫെന്റിനോ വ്യക്തമാക്കി. ജിസിസി അംഗമായ ഖത്തര്‍ സംബന്ധിച്ച് തുടരുന്ന നയതന്ത്ര പ്രതിസന്ധിക്കിടെ ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി ഫിഫ രംഗത്തുവന്നത്. ഫുട്‌ബോളിനെ ഏറെ സ്‌നേഹിക്കുന്ന നാടാണ് ഖത്തറെന്നും ഫുട്‌ബോളിന്റെ അന്തസ്സിനു നിരക്കാത്ത യാതൊരു പ്രവര്‍ത്തനവും ഖത്തറിന്റെ ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും ജിയാനി സ്വിസ് പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് ഫുട്‌ബോളിന് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമെങ്കില്‍ അതിന് മടിച്ചു നില്‍ക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. 2022ലെ ലോകകപ്പ് ഫുട്‌ബോളിനെ വരവേല്‍ക്കാന്‍ തിരക്കിട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് ഖത്തര്‍ സംബന്ധിച്ച് പ്രതിസന്ധി രൂക്ഷമായത്.