അനിശ്ചിതത്വങ്ങള്‍ നീങ്ങി കാളിദാസ് ജയറാം നായകനാകുന്ന ‘പൂമരം’ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. പൂമരം ഡിസംബര്‍ 24 ക്രിസ്തുമസ് ചിത്രമായി തിയേറ്ററുകളില്‍ എത്തുമെന്നാണ് അറിയുന്നത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രം എറണാകുളം മഹാരാജാസ് കോളേജിലാണ് കൂടുതലായും ചിത്രീകരിച്ചിരിക്കുന്നത്.

ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂമരം. ചിത്രത്തില്‍ നിരവധി പുതുമുഖങ്ങള്‍ അഭിനയിക്കുന്നുണ്ട്. കഴിഞ്ഞദിവസം ‘പൂമരം’ പാട്ടിന്റെ ഒന്നാംവാര്‍ഷികം ആഘോഷിച്ച കാളിദാസ് ജയറാമിന് സാമൂഹ്യമാധ്യമങ്ങളുടെ ട്രോളുകളുണ്ടായിരുന്നു. സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ പാട്ട് ഹിറ്റായിരുന്നു. ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന പാട്ടിനെ അന്നും സാമൂഹ്യമാധ്യമങ്ങള്‍ ട്രോളുകളിലൂടെയാണ് സ്വീകരിച്ചിരുന്നത്. പാട്ട് റിലീസായി ഒരു വര്‍ഷം ആഘോഷിക്കുമ്പോഴും പൂമരത്തിന് ട്രോളുകളെത്തിയെന്നതാണ് അതിശയിപ്പിക്കുന്നത്. ഒന്നാംവാര്‍ഷികം ആഘോഷിക്കുന്ന ചിത്രം കാളിദാസ് ജയറാം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് ട്രോളുകള്‍ ചാടിവീണത്. ചിത്രം റിലീസ് ആകുന്നത് വൈകുന്നതിനാണ് ഇത്തവണ ട്രോളുണ്ടായത്. എന്നാല്‍ അതിനുശേഷമാണ് പൂമരം റിലീസ് പ്രഖ്യാപിക്കുന്നത്.

പാട്ടിന്റെ ട്രോളുകള്‍ ഏറെ ആസ്വദിച്ചിരുന്നുവെന്ന് കാളിദാസ് പറഞ്ഞിരുന്നു. കാളിദാസ് തന്നെ അവ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. കാളിദാസ് നായകനാകുന്ന മലയാളത്തിലെ ആദ്യത്തെ ചിത്രമാണ് പൂമരം.