‘പൂമരം’ പാട്ടിന്റെ ഒന്നാംവാര്‍ഷികം ആഘോഷിച്ച കാളിദാസ് ജയറാമിന് സാമൂഹ്യമാധ്യമങ്ങളുടെ പൊങ്കാല. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനമാണ് സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ ഹിറ്റായിരുന്നത്. ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന പാട്ടിനെ അന്നും സാമൂഹ്യമാധ്യമങ്ങള്‍ ട്രോളുകളിലൂടെയാണ് സ്വീകരിച്ചിരുന്നത്. ഇന്നിതാ പാട്ട് റിലീസായി ഒരു വര്‍ഷം ആഘോഷിക്കുമ്പോഴും പൂമരത്തിന് ട്രോളുകളെത്തിയിരിക്കുന്നു. ഒന്നാംവാര്‍ഷികം ആഘോഷിക്കുന്ന ചിത്രം കാളിദാസ് ജയറാം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് ട്രോളുകള്‍ ചാടിവീണത്. ചിത്രം റിലീസ് ആകുന്നത് വൈകുന്നതിനാണ് ഇത്തവണ ട്രോളുണ്ടായത്. ചിത്രത്തിന്റെ അനിശ്ചിതത്വം നീളുന്ന വേളയില്‍ പൂമരം ക്രിസ്മസിന് തിയേറ്ററുകളില്‍ എത്തും എന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഏത് ക്രിസ്മസ് എന്നും, എല്ലാ വര്‍ഷവും ക്രിസ്മസ് ഉണ്ടല്ലോ എന്നിങ്ങനെയുള്ള ട്രോളുകളാണ് വരുന്നത്. സംവിധാനം ചെയ്യാന്‍ വൈകിയാല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുമെന്നുമൊക്കെയുള്ള ട്രോളുകളും വ്യാപകമാണ്. നേരത്തെ പാട്ടിന്റെ ട്രോളുകള്‍ ഏറെ ആസ്വദിച്ചിരുന്നുവെന്ന് കാളിദാസ് പറഞ്ഞിരുന്നു.