തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റിലെ വാഗ്ദാനങ്ങള്‍ നടപ്പാകുന്നില്ലെന്ന് സി.എ.ജി കണ്ടെത്തല്‍. 2018-19 കാലഘട്ടത്തെ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞ ഭൂരിഭാഗം പദ്ധതികളും ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല. സംസ്ഥാനത്തിന്റെ ധനസ്ഥിതിയെകുറിച്ച് നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സി.എ.ജി ഇത്തരമൊരു പരാമര്‍ശം നടത്തിയത്. പദ്ധതി നടപ്പിലാക്കുന്നതിലെ കാലതാമസവും സി.എ.ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

12 വകുപ്പുകളിലായി 14 പുതിയ പദ്ധതികളാണ് മന്ത്രി അന്ന് അവതരിപ്പിച്ചത്. 188കോടിയായിരുന്നു പദ്ധതി വിഹിതമായി നിശ്ചയിച്ചത്. അഞ്ച് പദ്ധതികളിലായി 18.47 കോടി രൂപയാണ് 2018-19 കാലയളവില്‍ ചെലവഴിച്ചത്. എന്നാല്‍ 9 പദ്ധതികള്‍ നടപ്പിലായില്ല. ഇതില്‍ 7വന്‍കിട പദ്ധതികള്‍ക്ക് ബജറ്റില്‍ വിഹിതംപോലും നീക്കിവെച്ചിരുന്നില്ല. സമയബന്ധിതമായി വികസനപദ്ധതികള്‍ നടപ്പിലാക്കുന്നതിലും പണം ചെലവഴിക്കുന്നതിലും സര്‍ക്കാര്‍ പരാജയമാണെന്നും സി.എ.ജി പറയുന്നു.