ദില്ലി: മതിയായ സുരക്ഷയില്ലാതെ വിമാനം പറത്തിയതിന് എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്ക് നോട്ടീസ് നല്‍കി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). ആവര്‍ത്തിച്ചുള്ള സാങ്കേതിക തകരാറുകളും സിസ്റ്റം തകരാറിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നിട്ടും പൈലറ്റ് വിമാനം പറത്തിയതായി ഡിജിസിഎ നോട്ടീസില്‍ പറഞ്ഞു.
ദില്ലി-ടോക്കിയോ, ടോക്കിയോ-ദില്ലി വിമാനങ്ങളുടെ നാല് പൈലറ്റുമാര്‍ക്കാണ് ഡിജിസിഎ നോട്ടീസ് നല്‍കിയത്. എയര്‍ക്രാഫ്റ്റ് ഡിസ്പാച്ച്, മിനിമം എക്യുപ്മെന്റ് ലിസ്റ്റ് (എംഇഎല്‍) പാലിക്കല്‍, ഫ്‌ലൈറ്റ് ക്രൂ തീരുമാനമെടുക്കല്‍ എന്നിവയില്‍ വീഴ്ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യ അക358, അക357 വിമാനങ്ങളുടെ പൈലറ്റുമാര്‍ക്കാണ് ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
AI- 358 വിമാനം പറത്തുന്നതിനിടെ ഒരു വാതിലിനടുത്ത് പുകയുടെ ഗന്ധം റിപ്പോര്‍ട്ട് ചെയ്തതായും സിവില്‍ ഏവിയേഷന്‍ അതോറിറ്റി നോട്ടീസില്‍ പറയുന്നു. ഡിസംബര്‍ 28ന് AI- 358 എന്ന വിമാനത്തിന് താഴെ വലതുവശത്തെ റീസര്‍ക്കുലേഷന്‍ ഫാനിന് തകരാറുണ്ടെന്ന് കണ്ടെത്തിയിരുന്നു. പ്രവര്‍ത്തന സമയത്ത് ആവര്‍ത്തിച്ചുള്ള തകരാറുകള്‍ കണ്ടെത്തിയിട്ടും മതിയായ ധാരണയില്ലാതെയാണ് ഓപ്പറേറ്റിംഗ് ക്രൂ വിമാനം പറത്തിയതെന്നും നോട്ടീസില്‍ പറഞ്ഞു. രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് ഡിജിസിഎ അറിയിച്ചു. പൈലറ്റുമാരുടെ മറുപടിക്ക് ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് ഡിജിസിഎ അറിയിച്ചു.