അബുദാബി: ലണ്ടനില്‍ പോയ തനിക്ക് വളരെ അത്യാവശ്യമായി പണം വേണ്ടി വന്നുവെന്നും അതുകൊണ്ട് ഉടനെ പണം അയച്ചു തന്ന് സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച് നിരവധി പേര്‍ക്ക് ഇമെയില്‍ സന്ദേശം.അബുദാബി മോഡല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. അബ്ദുല്‍ ഖാദറിന്റെ മെയില്‍ ഹാക്ക ചെയ്താണ് ഇദ്ദേഹത്തിന്റെ മെയിലില്‍ നിന്നും സുഹൃത്തുക്കള്‍ക്ക് സന്ദേശം അയച്ചിട്ടുള്ളത്. ഇന്നലെയാണ് അബ്ദുല്‍ ഖാദര്‍ മാസ്റ്ററുടെ മെയിലില്‍ നിന്നും പലര്‍ക്കും സന്ദേശം വന്നത്. താന്‍ ഇപ്പോള്‍ ലണ്ടനിലാണുള്ളതെന്നും അത്യവശ്യമായി പണം വേണ്ടി വന്നതിനാല്‍ 1,500 പൗണ്ട് അയച്ചു തരണമെന്നുമാണ് മിഡില്‍ ഈസ്റ്റ് ചന്ദ്രിക പ്രതിനിധിക്ക് ലഭിച്ച ഇ മെയില്‍ സന്ദേശത്തില്‍ പറയുന്നത്.

 
ഉടന്‍ തന്നെ അബ്ദുല്‍ ഖാദര്‍ മാസ്റ്ററുമായി ബന്ധപ്പെട്ടപ്പോള്‍ താന്‍ അബുദാബിയില്‍ തന്നെ ഉണ്ടെന്നും മെയില്‍ ഹാക്ക് ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പല സുഹൃത്തുക്കള്‍ക്കും ഇത്തരം സന്ദേശം ലഭിച്ചതായി അദ്ദേഹം അറിയിച്ചു. നിജസ്ഥിതി മനസ്സിലാക്കാനായി പാസ്‌പോര്‍ട്ട് കോപ്പി ആവശ്യപ്പെട്ടവര്‍ക്ക് തട്ടിപ്പ് സംഘം അബ്ദുല്‍ ഖാദര്‍ മാസ്റ്ററുടെ യഥാര്‍ത്ഥ പാസ്‌പോര്‍ട്ട് കോപ്പിയും അയച്ചു കൊടുത്തിട്ടുണ്ട്. എന്നാല്‍, ആരും ഇതു വരെ പണം അയച്ചു കൊടുത്തതായി അറിവില്ല. എല്ലാവരും ഉടന്‍ ഫോണില്‍ ബന്ധപ്പെട്ട് സത്യാവസ്ഥ ആരായുകയായിരുന്നു. നേരത്തെയും ഇത്തരത്തിലുള്ള നിരവധി തട്ടിപ്പുകള്‍ അരങ്ങേറിയിരുന്നു.

 
207 ബേകര്‍ സ്ട്രീറ്റ്, ലണ്ടന്‍, എന്‍.ഡബ്‌ള്യു16 യു.വൈ, യു.കെ എന്ന മേല്‍വിലാസത്തിലേക്ക് വെസ്റ്റേണ്‍ യൂണിയന്‍ വഴി പണം അയക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിനു പിന്നില്‍ അന്താരാഷ്ട്ര തലത്തില്‍ തട്ടിപ്പു നടത്തുന്ന വന്‍ സംഘമാണെന്നാണ് അനുമാനിക്കുന്നത്. നിരവധി പേരുടെ ഇമെയിലുകള്‍ വിവിധ രാജ്യങ്ങളില്‍നിന്ന് ഹാക്ക് ചെയ്യാന്‍ ശ്രമിക്കുന്നതായി പലര്‍ക്കും ഗൂഗ്ള്‍ അധികൃതര്‍ സന്ദേശം അയക്കാറുണ്ട്.

അബുദാബിയിലുള്ള പലരുടെയും ഇമെയിലുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചൈനയില്‍ നിന്ന് തുറക്കാന്‍ ശ്രമിച്ചതായി വിവരം ലഭിച്ചിരുന്നു. ഇത്തരത്തില്‍ മെയിലുകള്‍ തുറന്ന് അതിലെ മേല്‍വിലാസങ്ങള്‍ ശേഖരിച്ചാണ് തട്ടിപ്പുകാര്‍ സന്ദേശം അയച്ചു കൊണ്ടിരിക്കുന്നത്.
പരമാവധി ഇമെയിലുകള്‍ സുരക്ഷിതമായിരിക്കാന്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വിവിധ തരത്തിലുള്ള തട്ടിപ്പുകള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരയായിത്തീരുമെന്നതാണ് അവസ്ഥ. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും പേരില്‍ ഇത്തരത്തിലുള്ള സന്ദേശം ലഭിക്കുമ്പോള്‍ ഉണ്ടാകുന്ന മാനസിക പ്രയാസവും വളരെ വലുതാണ്. മാത്രമല്ല, ഇമെയില്‍ വഴി സത്യസന്ധമായി ആരോടും സഹായം ആവശ്യപ്പെടാന്‍ കഴിയാത്ത സാഹചര്യവും ഇതുവഴി സംജാതമായിരിക്കുകയാണെന്ന് പ്രവാസികള്‍ പറയുന്നു.