ഡര്‍ഹം: വിന്‍ഡീസ് ടീമിലേക്ക് മടങ്ങിയെത്തിയ വെടിക്കെട്ട് ഓപണിങ് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയില്‍ കുട്ടി ക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡിട്ടു. രാജ്യാന്തര ടി 20 ക്രിക്കറ്റില്‍ 100 സിക്‌സര്‍ തികക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് ഇനി വിന്‍ഡീസുകാരന് സ്വന്തം.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി 20 മത്സരത്തിനിടെയാണ്, തന്റെ 52-ാം മത്സരത്തില്‍ (49-ാം ഇന്നിങ്‌സ്) ഇടം കയ്യന്‍ സീമര്‍ ഡേവിഡ് വില്ലിയെ സിക്‌സറിനു പറത്തിയാണ് താരം ഈ നേട്ടം കൈവരിച്ചത്. മത്സരത്തില്‍ 21 പന്തില്‍ മൂന്ന് ബൗണ്ടറികളും നാലു സിക്‌സറുകളുമടക്കം 40 റണ്‍സെടുത്ത ഗെയില്‍ വിന്‍ഡീസിന് ശക്തമായ അടിത്തറയിടുകയും ചെയ്തു.

ടി 20യില്‍ മിക്ക റെക്കോര്‍ഡുകളും 37 കാരനായ ജമൈക്കക്കാരനൊപ്പമാണ്. ഫസ്റ്റ്ക്ലാസ് രാജ്യാന്തര മത്സരങ്ങളുള്‍പ്പെടെ കൂടുതല്‍ സെഞ്ച്വറികള്‍ (18), അര്‍ധ സെഞ്ച്വറികള്‍ (65), സിക്‌സറുകള്‍ (772), ബൗണ്ടറികള്‍ (804), ഇതിനു പുറമെ ടി ട്വന്റിയിലെ വേഗതയാര്‍ന്ന സെഞ്ച്വറിയും ഗെയിലിന്റെ പേരിലാണ് (30 പന്തില്‍), ടി 20യിലെ ഉയര്‍ന്ന സ്‌കോറായ 175 നോട്ട് ഔട്ടും ഗെയിലിനു സ്വന്തം.

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഗെയിലിനു പുറമെ 51 റണ്‍സെടുത്ത എവിന്‍ ലൂയിസിന്റേയും 28 റണ്‍സെടുത്ത റോവ്മാന്‍ പവലിന്റേയും ബാറ്റിങ് കരുത്തില്‍ ആദ്യം ബാറ്റു ചെയ്ത വിന്‍ഡീസ് ഒമ്പത് വിക്കറ്റിന് 176 റണ്‍സ് അടിച്ചെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 155 റണ്‍സിന് പുറത്തായി.

വിന്‍ഡീസ് ജയം 21 റണ്‍സിന്. 43 റണ്‍സെടുത്ത അലക്‌സ് ഹെയില്‍സ്, 30 റണ്‍സെടുത്ത ജോസ് ബട്‌ലര്‍ എന്നിവരൊഴികെ ആര്‍ക്കും ഇംഗ്ലീഷ് നിരയില്‍ കാര്യമായ സ്‌കോര്‍ നേടാനായില്ല. വിന്‍ഡീസിനു വേണ്ടി കെസ്‌റിക് വില്യംസ്, കാര്‍ലോസ് ബ്രത് വെയ്റ്റ് എന്നിവര്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി.