കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഉച്ചതിരിഞ്ഞ് വീണ്ടും തിരിച്ച് കയറി. രാവിലെ പവന് 600 രൂപ കുറഞ്ഞിരുന്ന സ്വര്‍ണവില ഉച്ചതിരിഞ്ഞോടെ തിരികെ കയറി 320 രൂപ വര്‍ധിച്ചു. ഇതോടെ 22 കാരറ്റ് (916) സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കൂടി 13,165 രൂപയിലും പവന്‍ 1,05,320 രൂപയിലുമാണ് ഇപ്പോള്‍ വില്‍പ്പന നടക്കുന്നത്.
മറ്റ് കാറ്റഗറികളില്‍ 18 കാരറ്റ് സ്വര്‍ണത്തിന് 10,820 രൂപയും 14 കാരറ്റിന് 8,430 രൂപയും 9 കാരറ്റിന് 5,435 രൂപയുമാണ് നിലവിലെ വില. അതേസമയം വെള്ളിവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 290 രൂപയിലാണ് ഇപ്പോള്‍ വെള്ളിയുടെ വില.
ബുധനാഴ്ച സ്വര്‍ണവില രണ്ട് തവണ ഉയര്‍ന്നതോടെയാണ് സര്‍വകാല റെക്കോഡിനരികെയെത്തിയത്. രാവിലെ ഗ്രാമിന് 100 രൂപ വര്‍ധിച്ച് 13,165 രൂപയിലേക്കും പവന് 800 രൂപ കൂടി 1,05,320 രൂപയിലേക്കുമായിരുന്നു ഉയര്‍ച്ച. തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 35 രൂപ കൂടി 13,200 രൂപയിലും പവന് 280 രൂപ വര്‍ധിച്ച് 1,05,600 രൂപയിലുമെത്തി പുതിയ റെക്കോഡ് സ്ഥാപിച്ചിരുന്നു.
അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയരുന്ന പ്രവണതയാണ് കാണുന്നത്. ട്രോയ് ഔണ്‍സിന് 4,607 ഡോളറിലാണ് സ്വര്‍ണം ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. വെള്ളിവില ഔണ്‍സിന് 89.85 ഡോളറിലെത്തി. വില ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
ഇറാനും വെനിസ്വേലയുമെല്ലാം സംബന്ധിച്ച അമേരിക്കന്‍ ഇടപെടലുകളാണ് സ്വര്‍ണവിലയെ പ്രധാനമായും സ്വാധീനിക്കുന്നതെന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്. കഴിഞ്ഞ ഡിസംബറിലാണ് സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം രൂപ എന്ന മാനദണ്ഡം പിന്നിട്ടത്.