ആലപ്പുഴ: ഇ.എം.എസ് തന്നെ മുഖ്യമന്ത്രിയാക്കാതിരുന്നത് താണ ജാതിക്കാരിയായതിനാലാണെന്ന് കെ.ആര്‍ ഗൗരിയമ്മ. നാളെ 99-ാം പിറന്നാളാഘോഷിക്കുന്ന ഗൗരിയമ്മ മാധ്യമ പ്രവര്‍ത്തകരോടാണ് ഇക്കാര്യം പറഞ്ഞത്.

തന്റെ പാര്‍ട്ടിയായ ജെ.എസ്.എസ് ഇടതുമുന്നണിക്കൊപ്പം നിന്നിട്ടുംഘടകകക്ഷിയാക്കുന്ന കാര്യം പറയാന്‍ വൈക്കം വിശ്വനോ കൊടിയേരി ബാലകൃഷ്ണനോ വന്നില്ലെന്ന് ഗൗരിയമ്മ പറഞ്ഞു. പണ്ട് ഗൗരിയമ്മ മുഖ്യമന്ത്രിയാവുമെന്ന് പ്രചരിപ്പിച്ച് വിജയിച്ച തെരഞ്ഞെടുപ്പിന് ശേഷം ഇ.എം.എസ് തന്നെ മുഖ്യമന്ത്രിക്കാതിരുന്നത് താണ ജാതിക്കാരിയായതിനാലാണ്. എന്നാല്‍ അതിലൊന്നും തനിക്കൊരു പരിഭവമൊന്നുമില്ലെന്നും മന്ത്രിയോ മുഖ്യമന്ത്രിയോ രാഷ്ട്രീയക്കാരിയോ എന്നതൊന്നും പരിഗണിക്കാതെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിച്ചയാളാണ് താനെന്നും ഗൗരിയമ്മ പറഞ്ഞതായി മീഡിയ വണ്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

1919 ജൂലായ് 14 നാണ് ഗൗരിയമ്മ ജനിച്ചത്. നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗൗരിയമ്മക്ക് ആശംസകളുമായി ചാത്തനാട്ടെ വസതിയിലെത്താറുണ്ട്. എന്നാല്‍ താന്‍ മാധ്യമപ്രവര്‍ത്തകരെ മാത്രമാണ് പിറന്നാളിന് ക്ഷണിക്കാറുള്ളതെന്ന് ഗൗരിയമ്മ പറയുന്നു. പിന്നീട് മാധ്യമപ്രവര്‍ത്തകരോട് വിവാദ പരാമര്‍ശം നടത്തുകയായിരുന്നു.