ഗുജറാത്ത് തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ എല്ലാ വിഭാഗം ജനങ്ങളേയും ഒപ്പം കൂട്ടാനുള്ള ബി.ജെ.പി ശ്രമങ്ങള്‍ തുടക്കത്തിലേ പാളുന്നു. പ്രക്ഷേഭത്തിലായിരുന്നു ഗുജറാത്തിലെ കര്‍ഷകരേയും പട്ടേല്‍ വിഭാഗത്തേയും അനുനയിപ്പിക്കാനുള്ള ശ്രമങ്ങളാണ് പാളുന്നത്.

കര്‍ഷക പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ 22 കര്‍ഷകര്‍ക്കെതിരെ കഴിഞ്ഞ ദിവസം ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ കേസുകള്‍ പിന്‍വലിക്കാമെന്ന വാഗദാനവുമായാണ് ബി.ജെ.പി സര്‍ക്കാര്‍ ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്. അഹമ്മദാബാദിലെ സാനന്ദ് താലൂക്കിലെ കര്‍ഷകര്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കാമെന്നാണ് ബി.ജെ.പി വാഗ്ദാനം.

പട്ടേല്‍ വിഭാഗങ്ങള്‍ക്കെതിരെയുള്ള എല്ലാ കേസുകളും പിന്‍വലിക്കാമെന്ന വാഗ്ദാനം വന്ന് അല്‍പദിവസത്തിനകമാണ് കര്‍ഷകര്‍ക്കെതിരെയുള്ള കേസുകളും പിന്‍വലിക്കാമെന്ന് വാഗ്ദാനം.

എന്നാല്‍ കേസുകള്‍ പിന്‍വലിക്കുമെന്ന വാഗ്ദാനങ്ങള്‍ വെറും അനുനയ നാടകമെന്നാണ് കര്‍ഷകരും പട്ടേല്‍ വിഭാഗങ്ങളും പ്രതികരിച്ചത്. ഇപ്പോഴത്തെ പ്രഖ്യാപനങ്ങളും തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടു മാത്രമാണ്. തങ്ങളുടെ ആവശ്യങ്ങളും പ്രഖ്യാപനങ്ങളും മനസ്സിലാക്കാനും അതിന് പരിഹാരം കാണാനും അവര്‍ ആദ്യം തയ്യാറാകട്ടെ എന്നും ഇവര്‍ പ്രതികരിച്ചു.

തങ്ങള്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിച്ചാല്‍ പോലും ഈ സര്‍ക്കാരിന് ഇനി വോട്ടു ചെയ്യില്ല. കേസ് പിന്‍വലിച്ച് തങ്ങളെ വശീകരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. തങ്ങളുടെ ഒരാവശ്യവും സര്‍ക്കാര്‍ ഇതുവരെ നടപ്പാക്കിത്തന്നിട്ടില്ലെന്നും കര്‍ഷകര്‍ പറയുന്നു.