ഗുരുദാസ്പൂര്‍: പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി കൊണ്ട് കോണ്‍ഗ്രസ് മുന്നേറുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുനില്‍ ജാഖറിന്റെ ഭൂരിപക്ഷം ലക്ഷം കടന്നു. ബിജെപിയുടെ സിറ്റിങ് സീറ്റിലാണ് കോണ്‍ഗ്രസ് വന്‍ മുന്നേറ്റം കാഴ്ചവെക്കുന്നത്.
ബിജെപി രണ്ടാം സ്ഥാനത്തും ആം ആദ്മി പാര്‍ട്ടി മൂന്നാം സ്ഥാനത്തുമാണുള്ളത്. ബോളിവുഡ് താരവും ബിജെപി നേതാവുമായിരുന്ന വിനോദ് ഖന്നയുടെ നിര്യാണത്തെത്തുടര്‍ന്നാണ് ഗുരുദാസ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
ആദ്യ റൗണ്ടില്‍ തന്നെ 14,316 വോട്ടുകളുടെ ലീഡ് നേടി സുനില്‍ ജാഖര്‍ ആധിപത്യം ഉറപ്പിച്ചിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ അടുത്ത അനുയായിയായ ജാഖര്‍ കഴിഞ്ഞ തവണ പ്രതിപക്ഷ നേതാവായിരുന്നു. ലോക്‌സഭാ മുന്‍ സ്പീക്കര്‍ ബല്‍റാം ജാഖറിന്റെ മകനാണ് സുനില്‍.