ടെക്‌സാസ്: അമേരിക്കന്‍ തീരങ്ങളില്‍ ആഞ്ഞടിച്ച ഹെര്‍വേ ചുഴലിക്കാറ്റ് കോര്‍പസ് ക്രിസ്റ്റിക്കും ഹൂസ്റ്റുണിനുമിടക്ക് വ്യാപക നാശം വിതച്ചു. ഹൂസ്റ്റണില്‍ രണ്ടുപേര്‍ മരണപ്പെട്ടു. അനേകം പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ കൂടിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങളില്‍ തെരച്ചില്‍ തുടരുകയാണ്. കാറ്റിലും കനത്ത മഴയെത്തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തിലും നിരവധി വീടുകള്‍ തകര്‍ന്നു. വീടുകളില്‍നിന്നും കാറുകളില്‍നിന്നും നൂറുകണക്കിന് ആളുകളെയാണ് രക്ഷപ്പെടുത്തിയത്.
വേഗത കുറഞ്ഞ് തുടങ്ങിയ കാറ്റ് ടെക്‌സാസിന്റെ ഉള്‍പ്രദേശങ്ങളില്‍ എത്തിയതോടെ ശക്തിയാര്‍ജിയാക്കുകയായിരുന്നു. കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും കനത്ത മഴ തുടരുകയാണ്. മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി ലൈനുകള്‍ തകര്‍ന്നതോടെ രണ്ടര ലക്ഷത്തോളം പേര്‍ ഇരുട്ടിലായി. പല വീടുകളുടെയും മേല്‍ക്കൂര കാറ്റില്‍ പാറിപ്പോയി. വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട രണ്ട് പാര്‍പ്പിട സമുച്ചയങ്ങളില്‍നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. തെരുവുകളില്‍ കുടുങ്ങിയ അനേകം പേര്‍ സഹായം അഭ്യര്‍ത്ഥിച്ച് വിളിച്ചതായി ഹൂസ്റ്റണ്‍ പൊലീസ് പറയുന്നു. ടെക്‌സാസിലെ വിക്ടോറിയയില്‍ ദുരന്തപൂര്‍ണമായ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതായി ഔദ്യോഗിക വൃത്തങ്ങള്‍ മുന്നറിയിപ്പുനല്‍കി. തീരത്തുനിന്ന് 50 കിലോമീറ്റര്‍ അകലെവരെയുള്ള പ്രദേശങ്ങളില്‍ പ്രളയ സാധ്യത കൂടുതലാണ്. കൊടുങ്കാറ്റിനെ തുടര്‍ന്ന് വീട്ടിലുണ്ടായ തീപിടിത്തത്തിലാണ് ഒരാള്‍ മരിച്ചത്. ഹാരിസ് കൗണ്ടിയില്‍ മറ്റൊരാള്‍ വെള്ളപ്പൊക്കത്തില്‍ പെട്ടും മരിച്ചതായി പൊലീസ് പറയുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ വരുന്നതുവരെ വരെ വീടുകളില്‍നിന്ന് പുറത്തിറങ്ങരുതെന്ന് ആളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മെക്‌സിക്കോ ഉള്‍ക്കടലുമായി ബന്ധിപ്പിച്ച ചാനലുകളിലെല്ലാം വെള്ളം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ബ്രസോറിയ കൗണ്ടിയിലെ മൂന്ന് ജയിലുകളില്‍നിന്ന് 4500 തടവുകാരെ മാറ്റി. ഹാര്‍വെ നാശം വിതച്ചുകൊണ്ടിരിക്കെ സംസ്ഥാനത്ത് രൂക്ഷമായ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് ടെക്‌സാസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് മുന്നറിയിപ്പുനല്‍കി.