ഡല്‍ഹി: പുതിയ ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതും പുതിയ ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കളെ ചേര്‍ക്കുന്നതും തല്‍ക്കാലം നിര്‍ത്തിവയ്ക്കാന്‍ എച്ച്ഡിഎഫ്‌സി ബാങ്കിന് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. തുടര്‍ച്ചയായി ഇലക്ട്രോണിക് ബാങ്കിങ് സര്‍വീസില്‍ തകരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍. അപാകതകള്‍ പരിശോധിച്ച് പ്രശ്‌നം ഉടന്‍ പരിഹരിക്കാന്‍ ബാങ്കിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിനോട് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു.

നവംബര്‍ 21നും അതിനു മുമ്പും നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, ഡിജിറ്റല്‍ പണമിടപാട് എന്നിവ ഇടയ്ക്കിടെ തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് ആര്‍ബിഐയുടെ നടപടി. പ്രൈമറി ഡാറ്റ സെന്ററിലെ വൈദ്യുതി തകരാറിനെതുടര്‍ന്നാണ് നവംബര്‍ 21ന് ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് തടസ്സമുണ്ടായത്.

ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച പരിശോധിച്ച് ഉടനെ പരിഹാരം കാണാനും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്. ഐടി സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി രണ്ടുവര്‍ഷമായി നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ബാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ ഉടനെ പൂര്‍ത്തിയാക്കുമെന്നും ബാങ്ക് അറിയിച്ചു.