News
റിപ്പബ്ലിക് ദിനത്തില്‍ ഹൈടെക് കാവല്‍: എഐ കണ്ണടയുമായി ദില്ലി പൊലീസ്
കുറ്റവാളികളെ സ്പോട്ടില്‍ തിരിച്ചറിയും, റിപ്പബ്ലിക് ദിനത്തിൽ ദില്ലി പൊലീസ് ധരിക്കുന്നത് പ്രത്യേക എഐ കണ്ണട. ഈ കണ്ണടയുടെ പ്രത്യേകതകള്‍ വിശദമായി അറിയാം.
ദില്ലി: 77-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കാന്‍ എഐ അധിഷ്ഠിത സ്മാര്‍ട്ട് ഗ്ലാസുകള്‍ ഉപയോഗിച്ച് ദില്ലി പൊലീസ് പട്രോളിംഗ് നടത്തും. മുഖം തിരിച്ചറിയല്‍ സംവിധാനം (FRS), തെര്‍മല്‍ ഇമേജിംഗ് സാങ്കേതികവിദ്യ എന്നിവ ഉള്‍ക്കൊള്ളുന്ന ഈ ഹൈടെക് ഗ്ലാസുകള്‍ തിരക്കേറിയ ഇടങ്ങളില്‍ സംശയാസ്പദരെ തത്സമയം കണ്ടെത്താന്‍ സഹായിക്കും.
പൊലീസ് ഡാറ്റാബേസുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്ന സ്മാര്‍ട്ട് ഗ്ലാസുകള്‍, ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളുമായി സംയോജിപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഒരു വ്യക്തിയെ സ്കാന്‍ ചെയ്താല്‍ ക്രിമിനല്‍ പശ്ചാത്തലം ഇല്ലെങ്കില്‍ ഗ്രീന്‍ സിഗ്നലും, പൊലീസ് രേഖകളില്‍ ഉള്‍പ്പെട്ട ആളാണെങ്കില്‍ റെഡ് അലേര്‍ട്ടും ലഭിക്കും. ഇതുവഴി മാനുവല്‍ പരിശോധനയുടെ ആവശ്യം കുറയുമെന്ന് പൊലീസ് അറിയിച്ചു. വര്‍ഷങ്ങള്‍ക്കിടെ രൂപം മാറിയിട്ടുണ്ടെങ്കിലും മുഖം തിരിച്ചറിയാന്‍ ഈ സംവിധാനം കഴിവുള്ളതാണെന്നും തത്സമയ ചിത്രങ്ങളെ പഴയ ഫോട്ടോകളുമായി താരതമ്യം ചെയ്ത് തിരിച്ചറിയല്‍ നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. കൂടാതെ, തെര്‍മല്‍ ഇമേജിംഗ് വഴി മറഞ്ഞിരിക്കുന്ന ലോഹ വസ്തുക്കളും സാധ്യതയുള്ള ആയുധങ്ങളും കണ്ടെത്താനാകും.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മള്‍ട്ടി-ലെയര്‍ ബാരിക്കേഡിംഗ്, ആറ് ഘട്ട പരിശോധന, ഫ്ളൈ സ്ക്വാഡുകള്‍ എന്നിവയും വിന്യസിക്കും. എഫ്ആര്‍എസ് ഘടിപ്പിച്ച ആയിരക്കണക്കിന് സിസിടിവി ക്യാമറകളും മൊബൈല്‍ നിരീക്ഷണ വാഹനങ്ങളും ദില്ലിയിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കും. 10,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ പ്രത്യേകമായി വിന്യസിച്ചിട്ടുണ്ടെന്നും, മറ്റ് സുരക്ഷാ ഏജന്‍സികളുമായി ചേര്‍ന്ന് മോക്ക് ഡ്രില്ലുകള്‍ നടത്തിയിട്ടുണ്ടെന്നും അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ ദേവേഷ് കുമാര്‍ മഹ്ല അറിയിച്ചു.
News
മുന്‍ കാമുകന് വിവാഹം കഴിച്ചതില്‍ പക; വനിതാ ഡോക്ടര്‍ക്ക് എച്ച്ഐവി ബാധിത രക്തം കുത്തിവെച്ചു; നഴ്സ് ഉള്‍പ്പെടെ നാല് പേര് അറസ്റ്റില്‍
ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ എച്ച്ഐവി അടങ്ങിയ രക്തം വനിത ഡോക്ടര്‍ക്ക് കുത്തിവെച്ച സംഭവത്തില്‍ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍
അമരാവതി: പ്രണയിച്ച ഡോക്ടര്‍ മറ്റൊരു വിവാഹം കഴിച്ചതിന്റെ പകയില്‍ അദ്ദേഹത്തിന്റെ ഭാര്യയായ വനിതാ ഡോക്ടറുടെ ശരീരത്തില്‍ എച്ച്ഐവി പോസിറ്റീവ് രക്തം കുത്തിവെച്ച സംഭവത്തില്‍ നഴ്സ് ഉള്‍പ്പെടെ നാല് പേര് അറസ്റ്റിലായി. ആന്ധ്രാപ്രദേശിലെ കുര്‍ണൂലിലാണ് അതിക്രൂരമായ സംഭവം.
അദോനിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ ബി. ബോയ വസുന്ധര (34), കോങ്ക ജ്യോതി (40) എന്നിവരും ഇവരുടെ ആണ്‍മക്കളുമാണ് പിടിയിലായത്. വനിതാ ഡോക്ടറുടെ ഭര്‍ത്താവ് മുമ്പ് പ്രതിയായ നഴ്സുമായി പ്രണയത്തിലായിരുന്നുവെങ്കിലും പിന്നീട് മറ്റൊരു വിവാഹം കഴിച്ചതാണ് പ്രതികാരത്തിന് കാരണമായത്.
ജനുവരി 9ന് ഉച്ചയ്ക്ക് രണ്ടരയോടെ സ്കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന വനിതാ ഡോക്ടറെ വിനായക് ഘട്ടിലെ കെസി കനാലിന് സമീപം ബൈക്കിലെത്തിയ പ്രതികള്‍ ഇടിച്ചു വീഴ്ത്തി. അപകടത്തില്‍ പരിക്കേറ്റ ഡോക്ടറെ സഹായിക്കാനെന്ന വ്യാജേന അടുത്തെത്തിയ പ്രതികള്‍ ഓട്ടോറിക്ഷയിലേക്ക് കയറ്റുന്നതിനിടെ എച്ച്ഐവി ബാധിത രക്തം കുത്തിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് സംഘം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. കുര്‍ണൂല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സിന്റെ സഹായത്തോടെ എച്ച്ഐവി ബാധിതനായ ഒരാളുടെ രക്ത സാമ്പിള്‍ ‘ഗവേഷണ ആവശ്യത്തിനെന്ന്’ പറഞ്ഞ് ശേഖരിച്ച് വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.
ആക്രമണത്തിനിടെ പ്രതികള്‍ എത്തിയ വാഹനത്തിന്റെ നമ്പര്‍ ഡോക്ടര്‍ ശ്രദ്ധിച്ചതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. വനിതാ ഡോക്ടറുടെ ഭര്‍ത്താവിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് ഈ മാസം 24നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഭാരതീയ ന്യായ് സംഹിതയുടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വനിതാ ഡോക്ടറുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.
kerala
എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യമില്ല; നിര്‍ണായക തീരുമാനം പെരുന്നയില്‍
ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ കടുത്ത വിയോജിപ്പ് പരിഗണിച്ചാണ് പിന്മാറ്റം.
കോട്ടയം: എസ്എന്‍ഡിപിയുമായുള്ള ഐക്യത്തില്‍ നിന്ന് പിന്മാറി എന്‍എസ്എസ്. ഇന്ന് പെരുന്നയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ കടുത്ത വിയോജിപ്പ് പരിഗണിച്ചാണ് പിന്മാറ്റം.
എന്‍എസ്എസിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ ഇപ്പോള്‍ ഒരു ഐക്യം പ്രായോഗികമല്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. മുമ്പുണ്ടായ ഐക്യശ്രമം പരാജയപ്പെട്ട കാര്യവും വാര്‍ത്താക്കുറിപ്പിലുണ്ട്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളോടും സമദൂര നിലപാടുള്ളതിനാല്‍ എസ്എന്‍ഡിപിയോടും മറ്റ് സമുദായങ്ങളോടും സൗഹൃദത്തില്‍ വര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പറയുന്ന വാര്‍ത്താക്കുറിപ്പില്‍, എസ്എന്‍ഡിപി- ഐക്യ ആഹ്വാനവുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചതായും വ്യക്തമാക്കുന്നു.
ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു വെള്ളാപ്പള്ളിയും ജി. സുകുമാരന്‍ നായരും എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യം സംബന്ധിച്ച് അറിയിച്ചിരുന്നത്. ഇത്തരമൊരു ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അനിവാര്യമാണെന്നും ഇരുവരും അറിയിച്ചിരുന്നു. വെള്ളാപ്പള്ളിയായിരുന്നു ആദ്യമായി ഐക്യസന്ദേശം മുന്നോട്ടുവച്ചത്. ഇതിന് പിന്തുണയറിയിക്കുകയായിരുന്നു ജി. സുകുമാരന്‍ നായര്‍.
News
അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം; ഉണ്ണികൃഷ്ണന്റെ വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ പൊലീസ് പരിശോധിക്കുന്നു
മരിക്കുന്നതിന് ദിവസങ്ങള്‍ക്കുമുമ്പും ഭര്‍ത്താവ് ഗ്രീമയെ പൊതുസമൂഹത്തില്‍ അപമാനിച്ചുവെന്നാണ് അറസ്റ്റ് റിപ്പോര്‍ട്ടിലെ പരാമര്‍ശം.
തിരുവനന്തപുരം: തിരുവനന്തപുരം പൂന്തുറയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണനുമായി ബന്ധപ്പെട്ട സാമൂഹ്യമാധ്യമ ഇടപെടലുകള്‍, പ്രത്യേകിച്ച് അദ്ദേഹം അംഗമായിട്ടുള്ള വാട്സ് ആപ്പ് ഗ്രൂപ്പുകള്‍, പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്.അന്വേഷണത്തില്‍ ഉണ്ണികൃഷ്ണന് ആണ് സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാന്‍ കൂടുതല്‍ താല്‍പര്യമുണ്ടായിരുന്നുവെന്ന കണ്ടെത്തലിലാണ് പൊലീസ്. വിവാഹ ശേഷം ഉണ്ണികൃഷ്ണന് ഗ്രീമയുടെ വീട്ടില്‍ പോയത് ഒരു ദിവസം മാത്രമാണെന്നും, ദാമ്പത്യമെന്ന നിലയില്‍ ഇരുവരും ഒരുമിച്ച് കഴിഞ്ഞത് വെറും 25 ദിവസമാണെന്നും പൊലീസ് വ്യക്തമാക്കി.
ഗ്രീമ ആത്മഹത്യയ്ക്ക് മുമ്പ് എഴുതിയ കുറിപ്പില്‍ പറയുന്ന അവഗണന, ഭര്‍ത്താവിന്റെ ഈ സ്വഭാവരീതിയുമായി ബന്ധപ്പെട്ടതാണെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു. ഭര്‍ത്താവ് ഒപ്പം താമസിക്കുമെന്ന വിശ്വാസത്തോടെ ഗ്രീമ അഞ്ച് വര്‍ഷത്തോളം കടുത്ത മാനസിക അവഗണന സഹിച്ചിരുന്നുവെന്നും, ഇത്രയും ദുരിതങ്ങള്‍ നേരിട്ടിട്ടും ഒരിക്കലും വിവാഹബന്ധം വേര്‍പെടുത്താന്‍ ഗ്രീമ ആഗ്രഹിച്ചിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ഗ്രീമയും മാതാവും ജീവനൊടുക്കാന്‍ കാരണമായത് ഉണ്ണികൃഷ്ണന് ഭാര്യയെ നിരന്തരം പരസ്യമായി അപമാനിച്ചതാണെന്ന് പൊലീസ് വ്യക്തമാക്കുന്നു.
മരിക്കുന്നതിന് ദിവസങ്ങള്‍ക്കുമുമ്പും ഭര്‍ത്താവ് ഗ്രീമയെ പൊതുസമൂഹത്തില്‍ അപമാനിച്ചുവെന്നാണ് അറസ്റ്റ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. കൂടാതെ, ഗ്രീമ നിരന്തരം ഭര്‍ത്താവിനെ കാണാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഉണ്ണികൃഷ്ണന് അതിന് സമ്മതിച്ചിരുന്നില്ലെന്നും രേഖകളില്‍ പറയുന്നു.ഈ സാഹചര്യത്തിലാണ് ഉണ്ണികൃഷ്ണന് സജീവമായിരുന്ന സാമൂഹ്യമാധ്യമ ഗ്രൂപ്പുകള്‍ പരിശോധിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
-
News17 hours agoടി20 ലോകകപ്പിനുള്ള പാക് ടീം പ്രഖ്യാപിച്ചു; ബാബര്‍ അസം ഉള്‍പ്പെട്ടു, റിസ്വാനും ഹാരിസ് റൗഫും പുറത്ത്
-
kerala16 hours agoശമ്പളപരിഷ്കരണ കുടിശികയില്‍ പ്രതിഷേധം; സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
-
kerala16 hours agoറാന്നിയിൽ ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ
-
kerala15 hours agoവളാഞ്ചേരിയിൽ 13കാരിയെ പീഡിപ്പിച്ച കേസ്; പിതാവും സുഹൃത്തും പിടിയിൽ
-
News14 hours agoസിറിയയിൽ നിന്ന് കൈമാറുന്ന ഐഎസ് ഭീകരരെ വിചാരണ ചെയ്യുമെന്ന് ഇറാഖ്; 9,000ത്തോളം തടവുകാർക്ക് കൈമാറ്റ സാധ്യത
-
News14 hours agoഗസ്സ വെടിനിർത്തലിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാൻ സമ്മർദം; നെതന്യാഹുവുമായി അമേരിക്കൻ ദൂതരുടെ കൂടിക്കാഴ്ച
-
kerala14 hours agoനെടുമങ്ങാട് പഴകുറ്റിയിൽ കാർ സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു; രണ്ട് മക്കൾക്ക് പരുക്ക്
-
kerala13 hours agoശബരിമല സ്വർണക്കൊള്ള കേസ്; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്തു
