കോഴിക്കോട്: നടുറോഡില്‍ ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. തളിപ്പറമ്പ് സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നഴ്‌സിംഗ് അസിസ്റ്റന്‍ഡുമായ രമയെയാണ് ഭര്‍ത്താവ് ഷനോജ് കുമാര്‍ തീ കൊളുത്താന്‍ ശ്രമിച്ചത്.

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന രമയുടെ ദേഹത്ത് ഷനോജ്കുമാര്‍ പെട്രോള്‍ ഒഴിക്കുകയായിരുന്നു. പെട്രോള്‍ ഒഴിച്ച ഉടന്‍ തന്നെ രമ ഓടി തൊട്ടടുത്തുള്ള വീട്ടില്‍ അഭയം തേടിയതുകൊണ്ടാണ് ജീവന്‍ രക്ഷിക്കാനായത്. ഈ വീട്ടുകാരും സമീപവാസികളും ചേര്‍ന്നാണ് ഷനോജ്കുമാറിനെ പിടികൂടിയത്.

ഷനോജ്കുമാറിനെ ചോദ്യം ചെയ്തുവരികയാണെന്നും കൊലപാതകശ്രമത്തിന് കേസെടുത്തതായും ചേവായൂര്‍ പൊലീസ് അറിയിച്ചു. ഇയാളുടെ സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അഞ്ചുവര്‍ഷം മുമ്പ് വിവാഹിതരായ ഷനോജ്കുമാറും രമയും ഇപ്പോള്‍ വെവ്വേറെയാണ് താമസം. രമ താമസിക്കുന്നത് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിനടുത്തുള്ള ലേഡീസ് ഹോസ്റ്റലിലാണ്. വിവാഹ മോചനത്തിന് ശ്രമിക്കുന്നതിനിടെയാണ് രമയെ അപായപ്പെടുത്താന്‍ ഷനോജ്കുമാര്‍ ശ്രമിച്ചത്.