X

മോദിയുടെ നോട്ടുനിരോധനത്തെ രൂക്ഷമായി വിമര്‍ശിച്ച് നിതീഷ് കുമാര്‍ രംഗത്ത്

പാറ്റ്‌ന: അധികാരത്തിലേറി നാലു വര്‍ഷം പൂര്‍ത്തിയാക്കിയ ആഘോഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ജെ.ഡി.യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ രംഗത്ത്. നോട്ട് നിരോധനത്തെ പിന്തുണച്ചിരുന്നെങ്കിലും ഇതുകൊണ്ട് എത്ര പേര്‍ക്ക് ഗുണം ലഭിച്ചെന്ന് നിതീഷ് കുമാര്‍ ചോദിച്ചു.

ചിലരുടെ പണം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു ഇടങ്ങളിലേക്ക് മാറ്റാന്‍ മാത്രമേ നോട്ട് നിരോധനം കൊണ്ടു സാധിച്ചിട്ടുളളൂ. രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് നോട്ടു നിരോധനം മൂലം ഒരു ഗുണവും ലഭിച്ചില്ലയെന്നും നിതീഷ് കുമാര്‍ പറഞ്ഞു. മോദി സര്‍ക്കാറിന്റെ നാലാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ ഭാഗമായ നിതീഷ് കുമാര്‍ നിന്നും ഇത്തരം ഒരു വിമര്‍ശനം ഉയര്‍ന്നത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയായി.

 

രാജ്യത്തെ സാധാരണ ജനങ്ങള്‍ വായ്പയില്‍ കുടിശിക വരുത്തിയാല്‍ ജപ്തിയുള്‍പ്പെടെയുള്ള നടപടികളിലൂടെ അതു തിരിച്ചുപിടിക്കുന്നു. എന്നാല്‍, സ്വാധീനമുള്ളവര്‍ വായ്പ എടുക്കുകയും വിദേശത്തേക്ക് മുങ്ങുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ ധനകാര്യ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അറിവില്ലാത്തത് അത്ഭുതകരമാണ്. ബാങ്കിങ് സംവിധാനം പരിഷ്‌കരിക്കേണ്ടതുണ്ട്.  താന്‍ വിമര്‍ശിക്കുകയല്ലെന്നും എന്നാല്‍ ഈ വിഷയത്തില്‍ ഉത്കണ്ഠയുണ്ടെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി. സംസ്ഥാനത്തെ ബാങ്കുകളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ബിഹാര്‍ മുഖ്യമന്ത്രി.

 

chandrika: