ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടി20 മത്സരം ഇന്ന്. ആദ്യ മത്സരത്തില്‍ ഇന്ത്യക്കായിരുന്നു ജയം. ഇന്നത്തെ മത്സരം ജയിച്ചാല്‍ പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം. ഏകദിന പരമ്പര നഷ്ടമായ ഇന്ത്യക്ക് ഇതൊരു ആശ്വാസമാകും. അതേസമയം സമനില പിടിക്കാനായിരിക്കും ഓസ്‌ട്രേലിയയുടെ ശ്രമം.

പരുക്കാണ് ആതിഥേയരെ അലട്ടുന്ന പ്രശ്‌നം. ഡേവിഡ് വാര്‍ണര്‍, ആഷ്ടണ്‍ അഗാര്‍, മാര്‍ക്കസ് സ്റ്റോയിനിസ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ക്ക് നേരത്തെ പരുക്കേറ്റിരുന്നു. ഫിഞ്ചിനും പരുക്കാണ്. ഇന്ന് കളിക്കുമോ ഇല്ലയോ എന്നതില്‍ വ്യക്തതയില്ല. മിച്ചല്‍ സ്റ്റാര്‍ക്ക് ആവട്ടെ കുടുംബപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങി.

ഇന്ത്യന്‍ നിരയില്‍ പരുക്കേറ്റ രവീന്ദ്ര ജഡേജക്ക് പകരം യുസ്‌വേന്ദ്ര ചഹാല്‍ ഇറങ്ങും. കഴിഞ്ഞ മത്സരത്തില്‍ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങി കളിയിലെ താരമായ ചഹാലിനൊപ്പം ബുംറയെ കളിയില്‍ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്. ആദ്യ ടി20യില്‍ വിശ്രമം അനുവദിച്ച താരം മുഹമ്മദ് ഷമിക്ക് പകരം എത്തിയേക്കും. ആദ്യ മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ തുടരും.