ചെന്നൈ: ചെപ്പോക്ക് ടെസ്റ്റില്‍ ഇന്ത്യക്ക് തുടരെ രണ്ട് വിക്കറ്റ് നഷ്ടം. ചേതേശ്വര്‍ പൂജാരയെ ജാക്ക് ലീച്ച് ഫസ്റ്റ് സ്ലിപ്പില്‍ ബെന്‍ സ്റ്റോക്ക്‌സിന്റെ കൈകളില്‍ എത്തിച്ചപ്പോള്‍, വിരാട് കോഹ്‌ലിയെ മൊയിന്‍ അലി ക്ലീന്‍ ബൗള്‍ഡാക്കി.

ഇതോടെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സ് എന്ന നിലയിലേക്ക് ഇന്ത്യ വീണു. മറുവശത്ത് അര്‍ധ ശതകം പിന്നിട്ട് ആത്മവിശ്വാസത്തോടെ കളിക്കുകയാണ് രോഹിത് ശര്‍മ. 58 പന്തില്‍ നിന്ന് 21 റണ്‍സ് എടുത്ത് നില്‍ക്കെയാണ് പൂജാരയെ ലീച്ചിന്റെ ടേണ്‍ ചെയ്ത് എത്തിയ പന്ത് കബളിപ്പിച്ചത്. ഒടുവില്‍ ഭക്ഷണത്തിനായി പിരിയുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 106 എന്ന നിലയിലാണ്.

ലീച്ചിന്റെ വലത്തേക്ക് കുത്തിയ പന്തിലെ ടേണ്‍ തിരിച്ചറിയാതെ പൂജാര പ്രതിരോധിക്കാനായി ബാറ്റ് വെച്ചെങ്കിലും ബാറ്റിലുരസി പന്ത് ഫസ്റ്റ് സ്ലിപ്പില്‍ സ്റ്റോക്ക്‌സിന്റെ കൈകളിലേക്ക് എത്തി. പിന്നാലെ ക്രീസിലേക്ക് എത്തിയ കോഹ്‌ലിയെ മൊയിന്‍ അലിയുടെ ടേണും വീഴ്ത്തി.

ഔട്ട്‌സൈഡ് ഓഫായി എത്തിയ ഡെലിവറിയില്‍ ഡ്രൈവ് ചെയ്യാന്‍ ശ്രമിച്ച കോഹ്‌ലിയെ വെട്ടിച്ച് മൊയിന്‍ അലിയുടെ ഡെലിവറി തിരിഞ്ഞ് ബെയ്ല്‍സ് ഇളക്കി. വിശ്വസിക്കാനാവാതെ നിന്ന കോഹ്‌ലി വിക്കറ്റ് കീപ്പറുടെ ഗ്ലൗസാണോ ബെയ്ല്‍സ് ഇളക്കിയത് എന്ന സംശയത്തില്‍ നിന്നെങ്കിലും റിപ്ലേകളില്‍ പന്ത് ബെയില്‍സ് ഇളക്കുന്നത് വ്യക്തമായി.