ചെന്നൈ: ഐപിഎല്‍ 14ാം സീസണിനു മുന്നോടിയായുള്ള താരലേലത്തില്‍ റെക്കോര്‍ഡിട്ട് ദക്ഷിണാഫ്രിക്കന്‍ താരം ക്രിസ് മോറിസ്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായ 16.25 കോടി രൂപയ്ക്ക് മോറിസിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങിന്റെ പേരിലുണ്ടായിരുന്ന 16 കോടിയുടെ റെക്കോര്‍ഡ് തകര്‍ത്താണ് മോറിസിനെ രാജസ്ഥാന്‍ റാഞ്ചിയത്. പഞ്ചാബ് കിങ്‌സുമായുള്ള വാശിയേറിയ ലേലത്തിനൊടുവിലാണ് രാജസ്ഥാന്‍ മോറിസിനെ സ്വന്തമാക്കിയത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇത്തവണ റിലീസ് ചെയ്ത താരമാണ് മോറിസ്. മുംബൈ താരം ശിവം ദുബെയാണ് ഈ വര്‍ഷത്തെ താരലേലത്തിലെ ആദ്യ ഇന്ത്യന്‍ കോടിപതി. ആര്‍സിബി റിലീസ് ചെയ്ത ദുബെയെ. 4.40 കോടിക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി.

നേരത്തെ, മോശം പ്രകടനത്തെ തുടര്‍ന്ന് താരലേലത്തിനു മുന്നോടിയായി പഞ്ചാബ് കിങ്‌സ് റിലീസ് ചെയ്ത മാക്‌സ്‌വെലിനെ 14.25 കോടി രൂപയ്ക്ക് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് സ്വന്തമാക്കിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള വാശിയേറിയ ലേലത്തിനൊടുവിലാണ് മാക്‌സ്‌വെലിനെ ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. ഇംഗ്ലിഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലിയെ 7 കോടി രൂപയ്ക്ക് ചെന്നൈ സ്വന്തമാക്കി. ബംഗ്ലദേശ് താരം ഷാക്കിബ് അല്‍ ഹസനെ 3.20 കോടിക്ക് കൊല്‍ക്കത്തയും സ്റ്റീവ് സ്മിത്തിനെ 2.2 കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സും ടീമിലെത്തിച്ചു. വന്‍ വില പ്രതീക്ഷിച്ച ഇംഗ്ലിഷ് താരം ഡേവിഡ് മലനെ 1.50 കോടിക്ക് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി.

164 ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെടെ 292 പേരാണു മിനി ലേലത്തില്‍ പങ്കെടുക്കുന്നത്. 8 ടീമുകളിലായി പരമാവധി 61 താരങ്ങള്‍ക്ക് അവസരമൊരുങ്ങും.