ഐഎസ്എലില്‍ ഹൈദരാബാദ് എഫ്‌സി-ബെംഗളൂരു എഫ്‌സി മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. രണ്ട് ടീമുകളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പക്ഷേ, പന്ത് വലയിലെത്തിക്കുന്നതില്‍ ഇരുടീമും പരാജയപ്പെട്ടു.

ഇതോടെ 2 മത്സരങ്ങളില്‍ നിന്ന് ഒരു ജയവും ഒരു സമനിലയുമടക്കം 4 പോയിന്റുമായി ഹൈദരാബാദ് പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തെത്തി. 2 മത്സരങ്ങളിലും സമനില വഴങ്ങിയ ബെംഗളൂരു 2 പോയിന്റുമായി ആറാം സ്ഥാനത്താണ്.

അക്രമണ ഫുട്‌ബോളാണ് രണ്ടു ടീമുകളും കളിച്ചത്. ഹൈദരാബാദായിരുന്നു കുറച്ചുകൂടെ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ബെംഗളൂരു പ്രതിരോധത്തെ പലപ്പോഴും പിളര്‍ത്തിയ ഹൈദരാബാദ് എണ്ണം പറഞ്ഞ അവസരങ്ങളും സൃഷ്ടിച്ചെടുത്തു. സീസണിലെ ഇതുവരെ കഴിഞ്ഞ മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ ഹൈദരാബാദ് മികച്ച ടീമാണ്.