കരുവാരകുണ്ട്: ഒരു ദിവസം ചന്ദ്രിക കിട്ടിയിട്ടില്ലെങ്കില്‍ അന്ന് വിട്ടുകാരോടും വീട്ടിലെത്തുന്നവരോടു മുഴുവനും അരിശം കൊള്ളാന്‍ ഇനി ഇയ്യാച്ചയില്ല. തരിശ് ചക്കാലകുന്നിലെ കീടത്ത് ആയിശ എന്ന് ഇയ്യാച്ചയ്ക്ക് സുബഹി നമസ്‌കാരം കഴിഞ്ഞയുടന്‍ ചന്ദ്രിക പത്രം കയ്യില്‍ കിട്ടണം. പത്രം കിട്ടിയാല്‍ പത്രം മുഴുവനായും ഉറക്കെ വായനയാണ് ഇയ്യാച്ചുട്ടിയുടെ പതിവ്. വീട്ടിലുള്ള മുഴുവന്‍ പേര്‍ക്കും അന്ന് പിന്നീട് പത്രം വായിക്കേണ്ടി വരില്ല. വീട്ടിലുള്ളവര്‍ ക്കെല്ലാം വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ ഉമ്മയുടെ വായന മാത്രം മതി. പച്ച തുണിയും പച്ച കുപ്പായവും പച്ച തട്ടവും മാത്രം ധരിക്കുന്ന രീതിയായിരുന്നു ഇയ്യാച്ചുവിന്. മുസ്ലിം ലീഗിന്റെ കൊടിയുടെ നിറമായ പച്ച തന്നെ വേണമായിരുന്നു. മറ്റു നിറങ്ങളിലുള്ള വസ്ത്രങ്ങളൊന്നും ധരിക്കാറില്ലായിരുന്നു.
ചന്ദ്രിക വായിച്ച വിവരങ്ങള്‍ മനസ്സിലാക്കി മുസ്ലിംലീഗ് പാര്‍ട്ടിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയും ചെയ്തിട്ടുണ്ട്. ഒരു ദിവസം പത്രം ലഭിച്ചില്ലെങ്കില്‍ അന്ന് ദിനചര്യകള്‍ പോലും മുടങ്ങിയിരുന്നത്രെ. പത്രം വിതരണം ചെയ്യുന്നവര്‍ പത്രം മാറിയിട്ടാല്‍ അവരെ കണ്ടുപിടിച്ച് ശകാരിച്ച് അന്നത്തെ പത്രം വീട്ടിലെത്തിച്ച ശേഷം വായിച്ചുതീര്‍ത്തു കഴിഞ്ഞാലേ ചായ കുടിക്കാന്‍ പോലും ഉമ്മ എത്താറുള്ളു വെന്നും മക്കള്‍ പറയുന്നു.
വാര്‍ത്തകള്‍ക്കു പുറമേ എഡിറ്റോറിയലും ലേഖനങ്ങളും മറ്റു വിശേഷങ്ങളും എല്ലാം ഇയ്യാച്ച വായിച്ചിരുന്നു. മുസ്ലിം ലീഗിന്റെ ചരിത്ര പഠനത്തില്‍ ഏറെ താല്പര്യമുള്ള ഇയ്യാച്ച മറ്റു പുസ്തകങ്ങളും വായിച്ചിരുന്നു. ഖുര്‍ആന്‍ പാരായണവും മുടക്കമില്ലാതെ നടത്താറുണ്ടായിരുന്നു.ഉറക്കെ പത്രം വായിച്ച് വാര്‍ത്തകളും വിശേഷങ്ങളും പറയാന്‍ ഇനി ഉമ്മയില്ല എന്നത് മക്കള്‍ക്കും പേരമകള്‍ക്കും നോവായി മാറി.