Film

 ‘ജനനായകൻ’ റിലീസ് മാറ്റം; വിജയ്‌യുടെ ‘തെരി’ റീ റിലീസ് മാറ്റിവെച്ചു

By sreenitha

January 13, 2026

ചെന്നൈ:ഇളയദളപതി വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമായ ജനനായകൻ സെൻസറിങ് പ്രതിസന്ധി നേരിടുന്നതിനിടെ, റീ റിലീസ് പ്രഖ്യാപിച്ചിരുന്ന തെരിയുടെ റിലീസ് തീയതി മാറ്റിവെച്ചു. തിങ്കളാഴ്ചയാണ് തെരിയുടെ റീ റിലീസ് തീയതി നിർമാതാക്കൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാൽ ജനനായകൻ പൊങ്കൽ റിലീസ് മാറ്റിയതോടെയാണ് തെരിയുടെ റീ റിലീസും മാറ്റിവയ്ക്കാൻ തീരുമാനമായത്.

വരാനിരിക്കുന്ന മറ്റ് ചിത്രങ്ങളുടെ നിർമാതാക്കളുടെ അഭ്യർത്ഥന മാനിച്ചാണ് റിലീസ് മാറ്റിയതെന്ന് തെരിയുടെ നിർമാണക്കമ്പനിയായ വി ക്രിയേഷൻസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു. ജനനായകൻ ഉൾപ്പെടെ ഒരേ ഉത്സവകാല ബോക്‌സ് ഓഫീസ് ലക്ഷ്യമിടുന്ന മറ്റ് സിനിമകളുടെ നിർമാതാക്കൾ അഭ്യർത്ഥിച്ചതിനെ തുടർന്നാണ് ഈ തീരുമാനമെന്ന് തെരിയുടെ നിർമാതാവ് കലൈപുലി എസ്. തനു ചൊവ്വാഴ്ച ചെന്നൈയിൽ മാധ്യമങ്ങളോട് പറഞ്ഞു.

2016ൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നായ തെരിയുടെ റീ റിലീസ് ജനുവരി 15നാണ് ആദ്യം തീരുമാനിച്ചിരുന്നത്. അച്ഛൻ–മകൾ ബന്ധം ആസ്പദമാക്കിയ ചിത്രം സംവിധാനം ചെയ്തത് അറ്റ്ലിയാണ്. വിജയ്‌ക്കൊപ്പം സാമന്ത, എമി ജാക്സൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

തെരിയുടെ ഹിന്ദി പതിപ്പ് ബേബി ജോൺ എന്ന പേരിൽ പിന്നീട് പുറത്തിറങ്ങിയിരുന്നു. വരുൺ ധവാൻ, കീർത്തി സുരേഷ്, വമിഖ ഗാബി തുടങ്ങിയവരാണ് ഹിന്ദി പതിപ്പിൽ അഭിനയിച്ചത്.