ചെന്നൈ: മുഖ്യമന്ത്രി ജയലളിതയുടെ അഭാവത്തില്‍ തമിഴ്‌നാട്ടില്‍ ധനകാര്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന്റെ അധ്യക്ഷതയില്‍ ക്യാബിനറ്റ് യോഗം ചേര്‍ന്നു. ജയലളിത ആശുപത്രിയിലായ ശേഷം നടന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ ജയലളിതയുടെ കസേര ഒഴിച്ചിട്ട്് പകരം അവരുടെ ഫോട്ടോ വെച്ചാണ് യോഗം നടന്നത്. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ജയലളിത.

മന്ത്രിസഭാ യോഗത്തില്‍ ജയലളിത ഇരിക്കാറുള്ള സീറ്റ് ഒഴിച്ചിട്ടു. ജയലളിതയുടെ ഫോട്ടോ ഒ പനീര്‍ശെല്‍വം തന്റെ സീറ്റിനു മുന്നിലെ ടേബിളില്‍ സ്ഥാപിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് മന്ത്രിസഭായോഗം ചേര്‍ന്നത്. ജയലളിതയുടെ വകുപ്പുകള്‍ ഒ പനീര്‍ ശെല്‍വത്തിന് നല്‍കിയിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പാണ് ഗവര്‍ണര്‍ സി വിദ്യസാഗര്‍ റാവു ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ജയലളിത സുഖം പ്രാപിച്ച് വരുന്നത് വരെ അവരുടെ വകുപ്പുകള്‍ പനീര്‍ശെല്‍വം കൈകാര്യം ചെയ്യും.

അഴിമതി കേസില്‍ ജയലളിത ജയിലിലായിരുന്ന സമയത്തും ഒ പനീര്‍ ശെല്‍വത്തിനായിരുന്നു മുഖ്യമന്ത്രിയുടെ ചുമതല. എന്നാല്‍ ജയലളിതയുടെ ഓഫീസോ കസേരയോ ഉപയോഗിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.