india

ഔറംഗസേബ് മികച്ച ഭരണാധികാരിയാണെന്ന് ജെഡിയു നേതാവ്; ഭീഷണിപ്പെടുത്തി ബിജെപി

By webdesk13

March 08, 2025

സമാജ്‌വാദി പാര്‍ട്ടി എംഎല്‍എ അബു അസ്മിക്ക് പിന്നാലെ മുഗള്‍ചക്രവര്‍ത്തി ഔറംഗസേബിനെ പ്രശംസിച്ച് ജെഡിയു എംഎല്‍സി. എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിയുവിന്റെ ബിഹാര്‍ എംഎല്‍സി, ഖാലിദ് അന്‍വറാണ് ഔറംഗസേബ് ക്രൂരനായ ഭരണാധികാരിയായിരുന്നില്ല എന്ന അഭിപ്രായപ്രകടനം നടത്തിയത്.

ഔറംഗസേബിനെ മികച്ച ഭരണാധികാരിയെന്ന് വിശേഷിപ്പിക്കുന്ന ചരിത്രകാരന്മാരെ പിന്തുണക്കും എന്നായിരുന്നു ഖാലിദ് അന്‍വറിന്റെ പ്രതികരണം. പ്രസ്താവനയില്‍ പ്രകോപിതരായ ബിജെപി, അദ്ദേഹം ആ വാക്കുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. പിന്നാലെ ജെഡിയു നേതൃത്വം ഇടപെടുകയും ജാഗ്രത പാലിക്കണമെന്ന നിര്‍ദേശം എംഎല്‍സിക്ക് നല്‍കുകയും ചെയ്തു.

”ഔറംഗസേബ് എന്താണ് ചെയ്തത് എന്നതിനെക്കുറിച്ച് ചരിത്രത്തില്‍ മതിയായ തെളിവുകളുണ്ടെന്നും വിവാദപരമായ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും” ബിജെപി ദേശീയ വക്താവ് ഗുരു പ്രകാശ് പാസ്വാന്‍ വ്യക്തമാക്കി. അതേസമയം ചരിത്രത്തിലേക്കൊക്കെ പോകേണ്ട ആവശ്യമില്ലെന്നും വിവാദപരമായ കാര്യങ്ങളില്‍ അഭിപ്രായം പറയുമ്പോള്‍ ശ്രദ്ധ വേണമെന്നും ജെഡിയു മുഖ്യ വക്താവ് നീരജ് കുമാര്‍ പറഞ്ഞു.

ഒരു ദേശീയ മാധ്യമത്തിനോട് സംസാരിക്കവെയാണ് ഖാലിദ് അന്‍വര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

” പ്രമുഖ ചരിത്ര വ്യക്തികളെക്കുറിച്ച് സംസാരിക്കുന്നത് പൂര്‍ണ്ണമായും അക്കാദമികപരമായ കാര്യങ്ങളാണ്. നിയമസഭയിലോ കൗണ്‍സിലിലോ ഔറംഗസേബും സംഭാജിയും തമ്മിലുള്ള ഏറ്റുമുട്ടലുകളെക്കുറിച്ച് സംസാരിക്കാന്‍ കഴിയില്ല. ഔറംഗസേബിനെക്കുറിച്ച് ചരിത്രകാരന്മാരില്‍ അഭിപ്രായവ്യത്യാസമുണ്ട്, ചിലര്‍ അദ്ദേഹത്തെ മോശം ഭരണാധികാരിയെന്നും മറ്റുള്ളവര്‍ അദ്ദേഹത്തെ നല്ല ഭരണാധികാരിയെന്നും വിളിക്കുന്നു. വ്യക്തിപരമായി അദ്ദേഹത്തെ ഒരു നല്ല ഭരണാധികാരിയെന്ന് വിളിച്ച ചരിത്രകാരന്മാരുടെ പക്ഷത്താണ് ഞാന്‍” ഇങ്ങനെയായിരുന്നു ഖാലിദ് അന്‍വറിന്റെ വാക്കുകള്‍.

അതേസമയം ഔറംഗസേബിനെ പ്രശംസിച്ചതിന്റെ പേരില്‍ മഹാരാഷ്ട്ര നിമയസഭയില്‍ നിന്നും അബു അസ്മിയെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. അദ്ദേഹത്തെ ജയിലിലടക്കും എന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കിയത്. ഔറംഗസേബ് ക്രൂരനായ ഭരണാധികാരിയായിരുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.