തിരുവനന്തപുരം: ആത്മഹത്യ ചെയ്ത ജിഷ്ണുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മന്ത്രിസഭായോഗത്തിലാണ് പാമ്പാടി കോളേജിലെ ബിടെക് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്. സ്വാശ്രയ സ്ഥാപനങ്ങളുടെ നടത്തിപ്പ് പരിശോധിക്കാന്‍ സമിതി രൂപീകരിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. വിദ്യാഭ്യാസമന്ത്രിക്കായിരിക്കും സമിതിയുടെ ചുമതല.

നെഹ്‌റു എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രയോയി കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ആത്മഹത്യ ചെയ്യുന്നത്. കോളേജ് മാനേജ്‌മെന്റിന്റെ മാനസിക പീഡനത്തെ തുടര്‍ന്നായിരുന്നു മരണം. സംഭവം വിവാദമായതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് അക്രമാസക്തമാവുകയും കോളേജിന്റെ ഓഫീസും അടിച്ചുതകര്‍ത്തിരുന്നു. കോളേജ് ഇപ്പോള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.