തിരുവല്ല: വൈദികര്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ടാം പ്രതിയായ ഫാദര്‍ ജോബ് മാത്യു അന്വേഷണസംഘത്തിന് മുമ്പാകെ കീഴടങ്ങി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ നിഷേധിച്ചതിനെ തുടര്‍ന്നാണ് കീഴടങ്ങിയത്.

അന്വേഷണചുമതലയുള്ള ഡി.വൈ.എസ്.പി ജോസി കെ ചെറിയാന് മുന്‍പിലാണ് വൈദികന്‍ കീഴടങ്ങിയത്. ഇയാള്‍ക്ക് മുമ്പാണ് പീഡനത്തിനിരയായ യുവതി ആദ്യം കുമ്പസരിച്ചത്. ഈ കുമ്പസാര രഹസ്യം ചൂഷണം ചെയ്ത് ജോബ് മാത്യു യുവതിയെ പീഡിപ്പിക്കുകയും മറ്റുള്ളവര്‍ക്കും പീഡിപ്പിക്കാന്‍ അവസരമൊരുക്കുകയും ചെയ്തുവെന്നാണ് പരാതിക്കാരിയുടെ മൊഴിയില്‍ പറയുന്നത്.

അതേസമയം, കേസിലെ മൂന്നാം പ്രതിയായ അഭിഭാഷകന്‍ ഒഴിച്ച് മറ്റു നാല് പേരും അന്വേഷണസംഘത്തിന് മുമ്പിലോ തിരുവല്ലയിലെയോ കോട്ടയത്തെയോ കോടതിയില്‍ കീഴടങ്ങുമെന്നാണ് പുറത്തു വരുന്ന സൂചനകള്‍. മജിസ്‌ട്രേറ്റിന് മുമ്പാകെ കീഴടങ്ങി പൊലീസ് കസ്റ്റഡിയില്‍ പോകുന്നത് ഒഴിവാക്കാനാണ് പ്രതികളുടെ ശ്രമം. നിലവില്‍ ്രൈകംബ്രാഞ്ച് കസ്റ്റഡിയിലുള്ള ഫാദര്‍ ജോബ് മാത്യുവിനെ അല്‍പസമയത്തിനകം കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലെത്തിക്കും. ഇവിടെ നിന്നും മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കാന്‍ കൊണ്ടു പോകും.

അഭിഭാഷകര്‍ കോടതിയില്‍ ഹാജരാവുന്നത് തടയാന്‍ കോട്ടയം,പത്തനംതിട്ട ജില്ലകളിലെ എല്ലാ കോടതികളിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഡല്‍ഹിയിലുള്ള മൂന്നാം പ്രതി ജാമ്യം തേടി സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് ലഭ്യമായ വിവരം.