കോട്ടയം: കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി രാജ്യസഭാ അംഗത്വം ഉടന്‍ രാജിവെച്ചേക്കില്ല. കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാലാണ് രാജി വൈകുന്നത്. കോടതി വിധിവരുന്നതുവരെ കാത്തിരിക്കാനാണ് നിയമോപദേശം ലഭിച്ചത്. നിലവില്‍ ചിഹ്നം ലഭിക്കണമെന്നാവശ്യപ്പെട്ട് പി.ജെ ജോസഫ് നല്‍കിയ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്.

പാര്‍ട്ടിയ്ക്ക് രണ്ട് എം.പിമാര്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജോസിന് അനുകൂലമായി തീരുമാനമെടുത്തത്. എന്നാല്‍ ഈയൊരു സാഹചര്യത്തില്‍ രാജിവെക്കുന്നത് കേസില്‍ തിരിച്ചടിയാകുമെന്ന് കരുതുന്നു.

അതേസമയം, ജോസ് കെ മാണിയുടെ നിലപാടിനെതിരെ യു.ഡി.എഫ് രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബര്‍ പതിനാലിന് മുന്നണി മാറ്റം പ്രഖ്യാപിക്കുമ്പോള്‍ ധാര്‍മികതയുടെ രാജ്യസഭാംഗത്വം രാജിവെക്കുമെന്ന് ജോസ് കെ മാണി അറിയിച്ചിരുന്നു. എന്നാല്‍ മൂന്ന് മാസത്തിനിപ്പുറവും രാജിയിലേക്ക് പോകാത്തതിനെ തുടര്‍ന്നാണ് യു.ഡി.എഫ് പ്രതിഷേധമുയര്‍ത്തുന്നത്. യു.ഡി.എഫ് പിന്തുണയോടെയാണ് ജോസ് കെ മാണി രാജ്യസഭയിലെത്തിയത്. നിലവില്‍ രാജിവെച്ചാല്‍ എല്‍.ഡി.എഫ് പിന്തുണയോടെ രാജ്യഭയിലേക്ക് പാര്‍ട്ടി അംഗത്വപറഞ്ഞയക്കാനാകുമോയെന്ന ഉറപ്പ് ജോസിന് ഇടതുമുന്നണിയില്‍ നിന്ന് ലഭിച്ചിട്ടില്ല. ഇതും രാജി നീട്ടി കൊണ്ടുപോകുന്നതിന് കാരണമാക്കുന്നു