ഗാസിയബാദ്: ഛത്തീസ്ഗഡ് ബി.ജെ.പി സര്‍ക്കാറിനെതിരെ അന്വേഷണം നടത്തിയ മാധ്യമപ്രവര്‍ത്തകന്‍ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കാണ് വിനോദ് വര്‍മയെന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെ സ്വന്തം വസതിയില്‍വെച്ച് രാജ്പൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. മന്ത്രിയെ ബ്ലാക്‌മെയില്‍ ചെയ്‌തെന്നാരോപിച്ചാണ് നടപടി.

മന്ത്രിക്കെതിരെ കൃത്രിമ വീഡിയോ ടേപ്പുകളുണ്ടാക്കി എന്നാരോപിച്ച് മന്ത്രിയുടെ സഹായി നല്‍കിയ പരാതിയിന്‍ മേലാണ് പൊലീസ അറസ്റ്റ്. നിരവധി സിഡികളും പെന്‍ഡ്രൈവുകളും പൊലീസ് വിനോദ് വര്‍മയുടെ വീട്ടില്‍നിന്നും പിടിച്ചെടുത്തു.
എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയില്‍ അംഗമായ വിനോദ് വര്‍മ, ഛത്തീസ്ഗഡ് ബി.ജെ.പി സര്‍ക്കാറിന്റെ മാധ്യമ പ്രവര്‍ത്തകുനേരെയുള്ള അക്രമസംഭവങ്ങളുടെ തെളിവുകള്‍ ശേഖരിച്ചു വരികയായിരുന്നു. അമര്‍ ഉജ്വലയുടെ മുന്‍ ഡിജിറ്റല്‍ എഡിറ്ററായ വിനോദവര്‍മ നിലവില്‍ ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനാണ്.
വിനോദ് വര്‍മ കോണ്‍ഗ്രസുമായി ചേര്‍ന്ന് ബിജെപി സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും ഇതിന് സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ഭൂപേഷ് ഭഗല്‍ സഹായമുണ്ടെന്നും കുറ്റപ്പെടുത്തി. എന്നാല്‍ ഭൂപേഷ് ഭഗല്‍ ഇക്കാര്യം നിഷേധിച്ചു. മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റില്‍ ബി.ജെ.പിക്കെതിരെ രൂക്ഷമായ പ്രതിഷേധമാണ് സംസ്ഥാനമെങ്ങും ഉയരുന്നത്.