ഡല്‍ഹി: ഗാന്ധിയുടെ 73ാം രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധി ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയെ പിന്തുണച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. എല്ലാ കഥകള്‍ക്കും മൂന്ന് വശങ്ങള്‍ കാണുമെന്ന് പറഞ്ഞുള്ള കുറിപ്പില്‍ ഗാന്ധി ഘാതകനായ ഗോഡ്‌സെ നിരപരാധിയാണെന്ന് പരോക്ഷമായി പറയുകയാണ്. പാഠപുസ്തകങ്ങള്‍ പക്ഷപാതപരമായി തയ്യാറാക്കിയത് കൊണ്ടാണ് ഗോഡ്‌സെ തെറ്റുകാരനായതെന്ന വാദമാണ് കങ്കണ കുറിപ്പില്‍ ഉന്നയിക്കുന്നത്.

‘ഏതൊരു കഥയ്ക്കും മൂന്നു വശങ്ങള്‍ ഉണ്ട്. നിന്റേത്, എന്റേത്, പിന്നെ സത്യവും. നല്ല ഒരു കഥാകാരന്‍ ഒരിക്കലും പക്ഷപാതിത്വം കാണിക്കുകയോ വസ്തുതകള്‍ മറച്ചുവെയ്ക്കാന്‍ ശ്രമിക്കുകയോ ഇല്ല. അതുകൊണ്ടാണ് നമ്മുടെ പാഠപുസ്തകങ്ങള്‍ മോശമാവുന്നത്. അതില്‍ മുഴുവന്‍ ആവശ്യമില്ലാത്ത വിശദീകരണങ്ങള്‍ മാത്രം’ കങ്കണ ഫേസ്ബുക്കില്‍ കുറിച്ചു. നാഥുറാം ഗോഡ്‌സെ എന്ന ഹാഷ്ടാഗോടെയാണ് കങ്കണ പോസ്റ്റ് ചെയ്തത്. ഗോഡ്‌സെയുടെ ചിത്രങ്ങളും കങ്കണ പങ്കുവെച്ചു.

മുമ്പും കങ്കണ നിരവധി വിഷയങ്ങളില്‍ ബി.ജെ.പി, സംഘപരിവാര്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. ഏറ്റവുമൊടുവില്‍ കര്‍ഷക സമരത്തിനെതിരെയാണ് താരം സമൂഹ മാധ്യമങ്ങളില്‍ രംഗത്തുവന്നത്.