ന്യൂഡല്‍ഹി: ഇതാദ്യമായി കോണ്‍ഗ്രസ് മൂന്ന് പ്രകടന പത്രികയുമായി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ പോകുന്നു. വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന, മേഖല, ജില്ല തല പ്രകടന പത്രികകള്‍ തയാറാക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. സംസ്ഥാനത്തുടനീളം നടപ്പിലാക്കുന്ന പദ്ധതികള്‍ സംസ്ഥാനതല പ്രകടനപത്രികയിലും പ്രത്യേക മേഖലകളില്‍ നടപ്പിലാക്കാന്‍ പോകുന്ന പദ്ധതികള്‍ മേഖല തല പ്രകടന പത്രികയിലുമായിരിക്കും അവതരിപ്പിക്കുകയെന്ന് കോണ്‍ഗ്രസ് പ്രകടന പത്രിക കമ്മിറ്റി ചെയര്‍മാന്‍ എം വീരപ്പമൊയ്‌ലി അറിയിച്ചു.

സംസ്ഥാന പ്രകടന പത്രിക പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയായിരിക്കും പുറത്തിറക്കുക. മേഖല തലത്തിലുള്ള പ്രകടന പത്രിക അതാതു മേഖലകളിലെ പ്രമുഖ നേതാക്കള്‍ പുറത്തിറക്കും. മുതിര്‍ന്ന നേതാക്കളായിരിക്കും ജില്ലാ തല പ്രകടന പത്രിക പുറത്തിറക്കുകയെന്നും അദ്ദേഹം അറിയിച്ചു. ഒരു പ്രത്യേക വിഭാഗത്തിനും വാഗ്ദാനങ്ങള്‍ നല്‍കാതെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ വിഷയങ്ങളായിരിക്കും പ്രകടന പത്രികയിലുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നടപ്പിലാക്കിയ പദ്ധതികളും അടുത്ത അഞ്ചു വര്‍ഷം നടപ്പിലാക്കാന്‍ പോകുന്ന പദ്ധതികളും പ്രകടന പത്രികയില്‍ ചൂണ്ടിക്കാട്ടുമെന്നും വീരപ്പ മൊയ്‌ലി വ്യക്തമാക്കി.