കോഴിക്കോട്: യുവനിരകരുത്തില്‍ സന്തോഷ് ട്രോഫി കിരീടപോരാട്ടത്തിന് കേരളം സജ്ജമായി. ദക്ഷണമേഖലാ യോഗ്യതാമത്സരത്തില്‍ ഗ്രൂപ്പ് ചാമ്പ്യനായ അതേടീമിനെയാണ് കേരളം നിലനിര്‍ത്തിയത്. 19ന് കൊല്‍ക്കത്തിയില്‍ ആരംഭിക്കന്ന സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെ ആദ്യമത്സരത്തില്‍ ചണ്ഡീഗഡാണ് കേരളത്തിന്റെ എതിരാളികള്‍. 23ന് മണിപ്പൂരിനേയും 25ന് മഹാരാഷ്ട്രയേയും 27ന് കരുത്തരായ ബംഗാളിനേയും നേരിടും.

നാല് സന്തോഷ് ട്രോഫി കളിച്ച അനുഭവസമ്പത്തുള്ള രാഹുല്‍ വി രാജാണ് ക്യാപ്റ്റന്‍. കഴിഞ്ഞ സന്തോഷ് ട്രോഫി ടീം അംഗം എസ്. സീസണാണ് വൈസ് ക്യാപ്റ്റന്‍. 20അംഗ ടീമില്‍ 13പേര്‍ പുതുമുഖങ്ങളാണ്. മാര്‍ച്ച് ഒന്നു മുതല്‍ കാലിക്കറ്റ് യൂണിവേസിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന ക്യാമ്പില്‍ നിന്നാണ് ഫൈനല്‍ റൗണ്ടിലേക്കുള്ള ടീമിനെ തെരഞ്ഞെടുത്തത്. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, ജൂനിയര്‍ ഇന്ത്യന്‍ ടീം പരിശീലകനായ സതീവന്‍ ബാലനാണ് കേരള ടീം കോച്ച്. സഹ പരിശീലകാനായ ബിജേഷ് ബെന്നിന് പകരം ഷാഫി അലി ടീമിനൊപ്പം ചേര്‍ന്നു. 14ന് രാത്രി 9.50ന് എറണാകുളത്തുനിന്ന് ട്രെയിന്‍ മാര്‍ഗം ടീം യാത്രതിരിക്കുമെന്ന് കെ.എഫ്.എ ‘ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അഞ്ച് കെ.എസ്.ഇബി താരങ്ങളും അഞ്ച് എസ്.ബി.ഐ താരങ്ങളും ടീമിലുണ്ട്. കേരള പൊലീസ്, ഗോകുലം കേരള എഫ്.സി, എഫ്.സി കേരള എന്നീ ടീമുകളില്‍ നിന്ന് രണ്ട് പേരും സെന്‍ട്രല്‍ എക്‌സൈസില്‍ നിന്ന് ഒരാളും ടീമിലിടം നേടി. സെന്റ് തോമസ് കോളജ് തൃശ്ശൂര്‍, ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട, മമ്പാട് കോളജ് എന്നിവിടങ്ങളില്‍ നിന്ന് ഒരാള്‍ വീതവും ടീമിലുണ്ട്. മരണഗ്രൂപ്പില്‍ നിന്ന് വിജയിച്ചുവരാന്‍ ടീമിന് കഴിയുമെന്ന് കോച്ച് സതീവന്‍ ബാലന്‍ പറഞ്ഞു. ചണ്ഡിഗറിനെതിരായ ആദ്യ മല്‍സരമാണ് പ്രധാനമെന്ന് അദ്ദേഹം വ്യക്തമാക്കി.പഞ്ചാബ് സംഘമാണ്. കരുത്തോടെ അവര്‍ കളിക്കും. നല്ല തുടക്കം ചാമ്പ്യന്‍ഷിപ്പില്‍ ലഭിച്ചാല്‍ സമ്മര്‍ദ്ദം കുറയും.

ടീമംഗങ്ങള്‍: വി. മിഥുന്‍ , എം. ഹജ്മല്‍ , അഖില്‍ സോമന്‍, ( ഗോള്‍ കീപ്പര്‍മാര്‍), ലിജോ എസ്, രാഹുല്‍ വി രാജ് , വൈ.പി മുഹമ്മദ് ഷരീഫ്, വിപിന്‍ തോമസ്, വി.ജി ശ്രീരാഗ് , കെ.ഒ ജിയാദ് ഹസന്‍ , ജസ്റ്റിന്‍ ജോര്‍ജ് ( ഡിഫന്‍ഡര്‍മാര്‍ ), രാഹുല്‍ കെ.പി, സീസന്‍. എസ്, മുഹമ്മദ് പാറക്കോട്ടില്‍, വി.എസ് ശ്രീക്കുട്ടന്‍ , ജിതിന്‍ എം.എസ്, ജി. ജിതിന്‍ , ബി.എല്‍ ഷംനാസ് ( മധ്യ നിര), സജിത്ത് പൗലോസ്, വി.കെ അഫ്ദല്‍, പി.സി അനുരാഗ് ( മുന്നേറ്റ നിര). എസ്. അരുണ്‍ രാജാണ് ആണ് ടീമിന്റെ ഫിസിയോ, മാനേജര്‍ പി.സി.എം ആസിഫ്.

2004ല്‍ പഞ്ചാബിനെ തോല്‍പിച്ചാണ് കേരളം അവസാനമായി സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടത്. ഏഴ് പതിറ്റാണ്ടുനീണ്ട സന്തോഷ് ട്രോഫി ചരിത്രത്തില്‍ ബംഗാളിനും ഗോവക്കും സര്‍വ്വീസസിനുമൊപ്പം ശ്രദ്ധേയ നേട്ടം കൈവരിച്ച ആതിഥേയര്‍ അഞ്ച് തവണ കിരീടത്തില്‍മുത്തമിട്ടിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ കെ.എഫ്.എ ജനറല്‍ സെക്രട്ടറി പി. അനില്‍കുമാര്‍, കെ.ഡി.എഫ്.എ സെക്രട്ടറി പി. ഹരിദാസന്‍, പരിശീലകന്‍ സതീവന്‍ ബാലന്‍, സഹ പരിശീലകന്‍ ഷാഫി അലി, മാനേജര്‍ പി.സി.എം ആസിഫ് എന്നിവര്‍ പങ്കെടുത്തു. ഐ.സി.എല്‍ ഫിന്‍കോര്‍പ്പാണ് കേരള ടീമിന്റെ സ്‌പോണ്‍സര്‍.