കൊച്ചി: ഡിജിപി ടിപി സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ എഡിജിപി ടോമിന്‍ ജെ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് നിയമിച്ചിരിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. നിരവധി ആരോപണങ്ങള്‍ നേരിടുന്ന തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് ഭരണനിര്‍വഹണ ചുമതലയുള്ള എഡിജിപിയുടെ സുപ്രധാന പദവിയില്‍ കൊണ്ടുവന്നത് എന്നതിനാണെന്ന സംശയമാണ് ഹൈക്കോടതി ഉയര്‍ത്തിയത്. തച്ചങ്കരിക്കെതിരായി നിലവിലുള്ള കേസുകളുടെ വിവരങ്ങള്‍ സമര്‍പ്പിക്കാനും പിണറായി സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

സുപ്രീം കോടതി ഉത്തരവിന്റെ ബലത്തില്‍ ടിപി സെന്‍കുമാര്‍ തിരിച്ചെത്തുന്നതിന് മുമ്പായി നടന്ന പൊലീസിന്റെ കൂട്ട സ്ഥലമാറ്റങ്ങളെക്കുറിച്ചുള്ള ഹര്‍ജി പരിഗണിക്കവെയാണ് സംസ്ഥാന സര്‍ക്കാരിന് നേരെ സംശയമുന ഉയര്‍ത്തിയുള്ള കോടതി പരാമര്‍ശം.
മാധ്യമങ്ങളില്‍ ഉയര്‍ന്നു വന്നിരുന്ന ആരോപണങ്ങളാണ് ഹൈക്കോടതിയും ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവിയെ നിരീക്ഷിക്കാന്‍ വേണ്ടിയാണ് തച്ചങ്കരിയെ ഈ തസ്തികയില്‍ നിയമിച്ചതെന്നും പൊതുതാല്‍പര്യ ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.