തിരുവന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. ജമ്മു കാശ്മീരിനെ 158 റണ്‍സിനാണ് കേരളം പരാജയപ്പെടുത്തിയത്. രണ്ടാം ഇന്നിങ്‌സില്‍ കേരളമുഴര്‍ത്തിയ 238 റണ്‍സ് ലീഡ് പിന്തുടര്‍ന്ന ജമ്മുവിന്റെ പോരാട്ടം വെറും 79 റണ്‍സിന് അവസാനിച്ചു. സ്‌കോര്‍, കേരളം – (219, & 191), ജമ്മു-(173 &79).

ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ആദ്യ ഇന്നിങ്‌സില്‍ കേരളത്തിനായി സഞ്ജു സെഞ്ച്വറി നേടിയിരുന്നു. സഞ്ജു വി സാംസണാണ് കളിയിലെ താരവും. കേരളത്തിനായി ആദ്യമത്സരത്തിനിറങ്ങിയ അക്ഷയ് കെ.സി ഒമ്പതു വിക്കറ്റ് നേട്ടവുമായി അരങ്ങേറ്റം ഗംഭീരമാക്കി.

ഗ്രൂപ്പ് ബിയില്‍ മൂന്നു കളികള്‍ വിജയിച്ച കേരളം 18 പോയിന്റുമായി ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി. ഗുജറാത്താണ് ഗ്രൂപ്പില്‍ ഒന്നാമത്. 19 പോയിന്റാണ് ഗുജറാത്തിന്റെ സമ്പാദ്യം. നേരത്തെ ഗ്രൂപ്പില്‍ ജാര്‍ഖണ്ഡിനെയും രാജസ്ഥാനെയും കേരളം തോല്‍പ്പിച്ചിരുന്നു.

ഇന്ന് ജമ്മുവിനായി ബാറ്റിനിറങ്ങിയവരില്‍ നായകന്‍ പര്‍വേസ് റസൂലി(29 പന്തില്‍ 17 )നും പ്രണവ് ഗുപത(88 പന്തില്‍ 11)ക്കു മാത്രമാണ് രണ്ടക്കം നേടാനായത്.